Tuesday, February 18th, 2020

തപാല്‍ ജനഹൃദയങ്ങളില്‍ നിന്ന് കുടിയിറങ്ങി

നാളെ ലോക തപാല്‍ ദിനം

Published On:Oct 9, 2019 | 10:15 am

കണ്ണൂര്‍:  ഒരുകാലത്ത് പോസ്റ്റ് എന്ന നീട്ടിവിളികളുമായി വീടുകളിലും ഓഫീസുകളിലുമെത്തിയിരുന്ന പോസ്റ്റുമാന്‍മാര്‍ അപൂര്‍വകാഴ്ചയാവുകയാണ്. പ്രണയും പരിഭവങ്ങളും വിവാഹകഥകളും വന്നുനിറഞ്ഞിരുന്നു ഒരുകാലത്ത് തപാല്‍പെട്ടികളില്‍. എന്നാല്‍, നാളെ വീണ്ടുമൊരു ലോക തപാല്‍ ദിനം എത്തുമ്പോള്‍ കാലിയായ തപാല്‍പെട്ടികള്‍ മാത്രം ബാക്കി. പഴയ തലമുറക്ക് കത്തുകളും തപാല്‍ ഓഫീസും പെട്ടികളുമെല്ലാം നല്‍കിയത് കാത്തിരിപ്പിന്റെ സുഖമാണ്. മുക്കിലും മൂലയിലും സ്ഥാപിച്ചിരുന്ന തപാല്‍പ്പെട്ടികള്‍ കാണാമറയത്താകുന്ന കാലം വിദൂരമല്ല. പീടികത്തിണ്ണയിലെ തൂണില്‍ തൂക്കിയിട്ടിരുന്ന ഹൃദയവികാരത്തിന്റെ മഷി പുരണ്ട ചുവന്ന തപാല്‍പ്പെട്ടികള്‍ അന്യമായി എന്ന് തന്നെ പറയാം. ഒരിക്കല്‍ പാത്തും പതുങ്ങിയും അയച്ച പ്രണയലേഖനങ്ങളും മണലാരണ്യത്തില്‍ പണിയെടുക്കുന്നവര്‍ക്കുള്ള ദുബായ് കത്തുകളും നാട്ടുവിശേഷങ്ങളും അറിയിച്ചുള്ള കത്തുകളും കൊണ്ട് ഈ പെട്ടികള്‍ സമ്പുഷ്ടമായിരുന്നു. അതോടൊപ്പം മറുപടി കത്തുമായി വരുന്ന പോസ്റ്റുമാനെ കാത്തിരിക്കുന്നവരും മണിഓര്‍ഡറുമായി വരുന്നതും നോക്കിയിരിക്കുന്നവരുമെല്ലാം നാടിന്റെ പതിവ് കാഴ്ചകള്‍. പുറം നാടുകളില്‍ ജോലിക്ക് പോകുന്നവരുടെയും പട്ടാളത്തില്‍ ചേരുന്നവരുടേയുമൊക്കെ വിവരങ്ങള്‍ അറിയാനും അവര്‍ അയക്കുന്ന പണം വാങ്ങാനുള്ള ഏക ആശ്രയവും അന്ന് തപാല്‍ മാത്രമായിരുന്നു.
സങ്കടങ്ങളും സന്തോഷവും പ്രണയവിശേഷവുമെല്ലാം പങ്കുവെച്ചിരുന്നത് തപാല്‍ വഴിയിലൂടെയാണ്. എന്നാല്‍ ഇന്ന് കാലം മാറി. ഇലക്‌ട്രോണിക്‌സ് യുഗത്തില്‍ സന്ദേശങ്ങള്‍ കൈമാറാന്‍ വിരല്‍ത്തുമ്പില്‍ വാട്‌സ്ആപ്പും ഫേയ്‌സ്ബുക്കും ഇന്‍സ്റ്റോഗ്രാം, ട്വിറ്റര്‍ എന്ന് വേണ്ട വീഡിയോകോള്‍ വരെ സര്‍വ്വസാധാരണമായ ലോകത്ത് പഴയ പോസ്റ്റമാനെ കാത്തുനില്‍ക്കുന്നവര്‍ ഇന്ന് ഇല്ലെന്ന് തന്നെ പറയാം. എല്ലാം സോഷ്യല്‍മീഡിയ ഏറ്റെടുക്കുന്ന കാലത്ത് സര്‍ക്കാറിന്റെ ചില അറിയിപ്പുകള്‍ മാത്രമാണ് തപാല്‍ വഴി ലഭിക്കുന്നത്. സര്‍ക്കാര്‍ അറിയിപ്പുകളില്‍ പലതും മൊബൈലിലൂടെയും വാട്‌സ്ആപ്പിലൂടെയും ഇമെയിലൂടെയും ലഭിച്ചുകൊണ്ടിരിക്കുമ്പോള്‍ തപാല്‍ വകുപ്പിന് ഇനി കൂടുതല്‍ ശക്തിയുണ്ടാവില്ല. ഒരുകാലത്ത് എല്ലാ ഗ്രാമങ്ങളിലും തപാല്‍ ഓഫീസുകളുളള സംസ്ഥാനമെന്ന മേനിനടിച്ചവരാണ് നമ്മള്‍. തപാല്‍ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് പണിയോട് പണിയുണ്ടായിരുന്ന ഒരു കാലവും ഉണ്ടായിരുന്നു. ഇന്‍ലന്റ്, എയര്‍മെയില്‍, പോസ്റ്റുഗ്രാം, പോസ്റ്റുകവറുകള്‍, സ്റ്റാമ്പുകള്‍ എന്നിവയിലൂടെ വില്‍പ്പനയില്‍ ലക്ഷങ്ങളായിരുന്നു ഓരോ തപാല്‍ ഓഫീസുകളിലും വരുമാനമുണ്ടാക്കിയിരുന്നത്. മണിഓര്‍ഡറുകള്‍ ടെലഗ്രാം വഴി ലഭിച്ചിരുന്ന വരുമാനം ഇതിന് പുറമെയാണ്. എന്നാല്‍ ഇന്ന് ഇന്‍ലന്റും സ്റ്റാമ്പുകളും പോസ്റ്റുകവറുകളും വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. എത്രയും പ്രിയപ്പെട്ട… മാതാവിന്… രക്ഷിതാവിന്, ഭാര്യക്ക്, മക്കള്‍ക്ക്, സുഹൃത്തിന് എന്നുള്ള സ്‌നേഹത്തിന്റെ വരികളും തപാല്‍ അന്യമാകുന്നതോടെ ഇല്ലാതാവുകയാണ്. കത്തിലൂടെയുള്ള സ്‌നേഹത്തിന്റെ സംബോധനകളും വിളികളും ചില സിനിമക്കും മാപ്പിളപ്പാട്ടുകള്‍ക്കും വരികളായി വന്നിട്ടുണ്ട്.
‘എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭര്‍ത്താവ് വായിക്കുവാന്‍…. സ്വന്തം ഭാര്യ എഴുതുന്നതെന്തന്നാല്‍ ….മറുപടിയെന്നോണം എനിക്കെത്രയും പ്രിയപ്പെട്ട ഭാര്യ വായിച്ചറിയാന്‍… ഞങ്ങള്‍ക്കെല്ലാം സുഖമാണിവിടെ….’എന്ന് തുടങ്ങുന്ന കത്തുപാട്ടുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്. തപാല്‍ വകുപ്പും സാധാരണക്കാരും തമ്മിലുണ്ടായിരുന്ന ഈ അടുപ്പത്തിന്റെ സൂചനകളായിരുന്നു ഇത്.
കുടുംബ ബന്ധങ്ങളിലെ ദൃഡതയും സ്‌നേഹവും ഊട്ടിയുറപ്പിക്കുന്നതില്‍ സ്‌നേഹത്തിന്റെ വരികള്‍ക്ക് വലിയ പ്രസക്തിയുണ്ടായിരുന്നു. പകരം സോഷ്യല്‍മീഡികളിലൂടെ, ഹായ്, ഹലോ… ബ്രോ…, ചങ്ക്‌സ്…തുടങ്ങിയ വാക്കുകള്‍ കയറിവന്നതോടെ നാട്ടിന്‍പുറങ്ങളില്‍ പോലും സ്‌നേഹത്തിന്റെ വിളികളാണ് ഇല്ലാതാവുന്നത്. പണ്ടുകാലത്ത് രാവിലെ തന്നെ വീട്ടുകാരണവന്മാര്‍ നേരെ പോസ്റ്റോഫീസിലേക്ക് നടക്കും. മണി പത്താകുന്നതോടെ പോസ്റ്റുമാന്‍ തുകല്‍സഞ്ചിയുടെ കെട്ടഴിച്ച് കത്തുകളിലെ മേല്‍വിലാസം നീട്ടിവായിക്കും. തങ്ങള്‍ക്കയച്ച കത്തുകള്‍ കൂട്ടത്തിലുണ്ടോയെന്നറിയാന്‍ സശ്രദ്ധം കാതോര്‍ക്കുകയും ഒന്നുമില്ലെന്നറിഞ്ഞ് നിരാശയോടെ വീട്ടിലേക്ക് മടങ്ങുകയും ചെയ്യുന്ന അവരുടെ മ്ലാനമുഖം അമ്പത് വയസ് പിന്നിട്ട ഇന്നത്തെ ആളുടെ മനസില്‍ നിന്ന് മാഞ്ഞിട്ടുണ്ടാവില്ല. ഒരു കാലത്ത് എങ്ങും ശക്തമായ സ്വാധീനമാണ് തപാല്‍പ്പെട്ടികള്‍. ഇതെല്ലാം പുത്തന്‍ പരിഷ്‌കാരങ്ങള്‍ക്ക് വഴിമാറി.

 

LIVE NEWS - ONLINE

 • 1
  9 hours ago

  പോലീസ് കാവലിലെത്തി പരീക്ഷയെഴുതി അലന്‍ ഷുഹൈബ് ജയിലിലേക്ക് മടങ്ങി

 • 2
  10 hours ago

  ലൈംഗിക ബന്ധത്തിനു ശേഷം കൊലപ്പെടുത്തിയത് 20 യുവതികളെ; വിധി വന്ന 13 കേസുകളില്‍ പ്രതിയ്ക്ക് ജീവപര്യന്തവും, ആറ് കേസുകളില്‍ വധശിക്ഷയും ,ശാരീരിക ബന്ധത്തിനു ശേഷം സയനൈഡ് കൊടുത്ത് കൊന്ന ആരതി കേസിലും സയനൈഡ് മോഹന് വധശിക്ഷ

 • 3
  11 hours ago

  തിരൂരില്‍ ഒമ്പത് വര്‍ഷത്തിനിടെ ഒരു വീട്ടില്‍ മരിച്ചത് ആറ് കുട്ടികള്‍

 • 4
  11 hours ago

  കൂടത്തായി കൊലപാതകം; ജോളിയുടേയും മാത്യുവിന്റേയും ജാമ്യാപേക്ഷ കോടതി തള്ളി

 • 5
  12 hours ago

  നെടുങ്കണ്ടം കസ്റ്റഡി മരണം; ആറുപേര്‍ കൂടി അറസ്റ്റില്‍

 • 6
  12 hours ago

  ‘മൂത്രത്തിൽ കല്ല് ‘ അസുഖം അലട്ടുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

 • 7
  13 hours ago

  ’32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് രണ്ട് നല്ല കാര്യങ്ങള്‍ എന്റെ ജീവിതത്തിലേക്ക് എത്തിയത്’;ഓർമ്മകൾ പങ്കുവെച്ച് ജയറാം

 • 8
  13 hours ago

  വേനൽചൂട് കനക്കുമ്പോൾ നേത്ര രോഗങ്ങൾക്കും സാധ്യത ; വേനലിൽ കണ്ണുകളെ സൂക്ഷിക്കണം

 • 9
  13 hours ago

  വേനൽ കനത്തു ; ശരീരത്തിലെ നിര്ജ്ജലീകരണം തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക