Tuesday, October 26th, 2021

മതങ്ങള്‍ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കണം

മതനിരപേക്ഷ മൂല്യങ്ങളില്‍ അധിഷ്ഠിതമാണ് ഇന്ത്യന്‍ സംസ്‌കാരം. വ്യത്യസ്ത മത വിഭാഗങ്ങളെയും വിവിധ ഭാഷാ സംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളുന്ന ഈ പവിത്രഭൂമി പലകാര്യങ്ങളിലും ലോകത്തിന് മാതൃകയാണ്. അതി ബൃഹത്തും സമ്പന്നവുമായ നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ എക്കാലവും നിലനിര്‍ത്തേണ്ടതും കാത്തുസൂക്ഷിക്കേണ്ടതുമായ സന്ദര്‍ഭത്തില്‍ ഉണ്ടാവുന്ന ചില വിധികള്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്കാണ് വഴിവെക്കുക. ബാബറി മസ്ജിദ് കേസ് വിധിയിലും സംഭവിച്ചതും ഇതു തന്നെ. ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് പ്രത്യേക സിബിഐ കോടതി വിധി സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഗൂഡാലോചനകേസില്‍ ഉള്‍പപ്പെട്ടിരുന്ന മുന്‍ ഉപപ്രധാന … Continue reading "മതങ്ങള്‍ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കണം"

Published On:Oct 1, 2020 | 2:46 pm

തനിരപേക്ഷ മൂല്യങ്ങളില്‍ അധിഷ്ഠിതമാണ് ഇന്ത്യന്‍ സംസ്‌കാരം. വ്യത്യസ്ത മത വിഭാഗങ്ങളെയും വിവിധ ഭാഷാ സംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളുന്ന ഈ പവിത്രഭൂമി പലകാര്യങ്ങളിലും ലോകത്തിന് മാതൃകയാണ്. അതി ബൃഹത്തും സമ്പന്നവുമായ നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ എക്കാലവും നിലനിര്‍ത്തേണ്ടതും കാത്തുസൂക്ഷിക്കേണ്ടതുമായ സന്ദര്‍ഭത്തില്‍ ഉണ്ടാവുന്ന ചില വിധികള്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്കാണ് വഴിവെക്കുക. ബാബറി മസ്ജിദ് കേസ് വിധിയിലും സംഭവിച്ചതും ഇതു തന്നെ.
ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് പ്രത്യേക സിബിഐ കോടതി വിധി സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഗൂഡാലോചനകേസില്‍ ഉള്‍പപ്പെട്ടിരുന്ന മുന്‍ ഉപപ്രധാന മന്ത്രി എല്‍ കെ അദ്വാനി അടക്കം 32 പ്രതികളെയാണ് കുറ്റവിമുക്തരാക്കി കോടതി വെറുതെ വിട്ടത്. ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് വിധി പ്രസ്താവത്തില്‍ ഉള്ളത്. മാത്രവുമല്ല ഗൂഡാലോചന നടന്നു എന്നതിനോ പ്രതികള്‍ അതില്‍ പങ്കാളികളായിരുന്നോ എന്നതിനോ തെളിവുകള്‍ ഹാജരാക്കാന്‍ പ്രൊസിക്യൂഷന് സാധിച്ചിട്ടില്ലെന്നും വിധിയില്‍ പറയുന്നു. പ്രധാനമായും ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മതനിരപേക്ഷ ഇന്ത്യന്‍ മനസ്സില്‍ ഇപ്പോഴും നീറ്റലായി അവശേഷിക്കുന്ന ബാബറി കേസില്‍ വിധി വന്നത്.
1992 ഡിസംബര്‍ 6 നാണ് മസ്ജിദ് തകര്‍ക്കപ്പെട്ടത്. ഇന്ത്യന്‍ മതനിരപേക്ഷതയ്ക്ക് ഏറ്റ കനത്ത മുറിവായിട്ടാണ് ഈ സംഭവം അന്നു മുതല്‍ കണ്ടുവന്നിരുന്നത്. അന്നു മുതല്‍ തുടങ്ങിയതാണ് നിയമപോരാട്ടം. കഴിഞ്ഞ ഇരുപത്തിയെട്ട് വര്‍ഷമായി രാഷ്ട്രത്തിന്റെ നെഞ്ചില്‍ ഉണങ്ങാത്ത മുറിവായും എരിഞ്ഞുതീരാത്ത കനലായും നില നില്‍ക്കുകയായിരുന്നു ബാബറി മസ്ജിദിന്റെ തകര്‍ച്ച.
ഏതൊരു കേസിലും തെളിവുകള്‍ പരമപ്രധാനമാണ്. ബാബറി കേസില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രൊസിക്യൂഷന് സാധിച്ചില്ലെന്ന് വിധി പ്രസ്താവം ചൂണ്ടിക്കാട്ടുമ്പോള്‍ അതിന്റെ കുറ്റപ്പെടുത്തലുകള്‍ നീളുന്നത് അന്വേഷണ ഏജന്‍സികളിലേക്കാണ്. ഇത്തരം കുറ്റപ്പെടുത്തലുകള്‍ നീളുന്നതാവട്ടെ സിബിഐക്ക് നേരെയും. നേരത്തെ ഒരവസരത്തില്‍ സുപ്രീം കോടതി പോലും ബാബറി മസ്ജിദ് തകര്‍ത്തതിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതൊരു ക്രിമിനല്‍ കുറ്റമാണെന്നു പോലും സുപ്രീം കോടതിക്ക് പറയേണ്ടി വന്ന സന്ദര്‍ഭങ്ങളും ഉണ്ടായിരുന്നു. അത്രയേറെ മാനങ്ങള്‍ ഉള്ള ഒരു കേസ് കൂടിയാണിത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നടത്തിയ വിധി ഇത്തരുണചത്തില്‍ പ്രസക്തമാണ്. അയോധ്യയില്‍ തര്‍ക്ക ഭൂമി നിലനില്‍ക്കുന്ന സ്ഥലം രാമക്ഷേത്ര നിര്‍മ്മാണത്തിന് കൈമാറാനും മസ്ജിദ് നിര്‍മ്മിക്കാന്‍ അയോധ്യയില്‍ തന്നെ പ്രധാന സ്ഥലത്ത് അഞ്ചേക്കര്‍ ഭൂമി നല്‍കാനുമായിരുന്നു ഭരണഘടനാ ബെഞ്ചിന്റെ വിധി. പൊതുവേ സ്വാഗതം ചെയ്യപ്പെട്ടതായിരുന്നു അന്നത്തെ വിധി. മതങ്ങള്‍ തമ്മിലുള്ള ഐക്യവും അതുവഴി രാജ്യത്തിന്റെ അഖണ്ഡതയും കാത്തുസൂക്ഷിക്കുമെന്ന് അന്ന് പരക്കെ വ്യഖ്യാനിക്കപ്പെട്ടു. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്.
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ 32 പ്രതികളെയും വെറുതെ വിട്ട ലക്നൗ സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അഖിലേന്ത്യാ മുസ്്ലിം വ്യക്തി നിയമ ബോര്‍ഡ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ജുഡീഷ്യറിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതാണ് ബാബറി മസ്ജിദ് വിധിയെന്ന് മുസ്്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ബാബറി കേസില്‍ വിധി വന്നെങ്കിലും ഇതിന്റെ തുടര്‍ച്ചയെന്നോണം നിയമ പോരാട്ടങ്ങള്‍ക്കും ഇനിയുള്ള നാളുകള്‍ സാക്ഷ്യം വഹിക്കും. ബാബറി മസ്ജിദിന്റെ തകര്‍ച്ച വളരെ ആഴത്തിലുള്ള മുറിവാണ് ഇന്ത്യന്‍ സംസ്‌കാരത്തിന് വരുത്തിവെച്ചത്. ഇത്തരത്തില്‍ സമാന സംഭവങ്ങളാവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ജനാധിപത്യ മതനിരപേക്ഷ മനസ്സ് സദാ ജാഗരൂകരാകണം.

 

LIVE NEWS - ONLINE

 • 1
  4 months ago

  സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി

 • 2
  4 months ago

  അടുത്ത ആഴ്ചയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇന്ന് യോഗം

 • 3
  4 months ago

  സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസ്സുകൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറങ്ങി

 • 4
  4 months ago

  24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 44,111 കൊവിഡ്

 • 5
  4 months ago

  സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍

 • 6
  4 months ago

  രാജ്യത്ത് 46,617പേര്‍ക്ക് കൊവിഡ

 • 7
  4 months ago

  കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി

 • 8
  4 months ago

  അനില്‍ കാന്ത് പുതിയ ഡിജിപി

 • 9
  4 months ago

  സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും