കൊട്ടിയൂരില്‍ സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു, നിലമ്പൂരില്‍ വെള്ളപ്പൊക്കം
കൊട്ടിയൂരില്‍ സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു, നിലമ്പൂരില്‍ വെള്ളപ്പൊക്കം
കണ്ണൂര്‍: ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. കൊട്ടിയൂരില്‍ ഇന്നലെ രാവിലെയുണ്ടായ ചുഴലിക്കാറ്റില്‍ സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഇന്നലെ വൈകിട്ട് കൊട്ടിയൂരിന് സമീപം അടക്കാത്തോട്ടിലും നെല്ലിയോട് മേഖലകളിലും ഉരുള്‍പ്പൊട്ടലുണ്ടായി. വ്യാപകമായി കൃഷി നശിച്ചു.
കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴ കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും നല്‍കിയിട്ടുണ്ട്.
കനത്ത മഴയില്‍ മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ വെള്ളപ്പൊക്കമുണ്ടായി. നിലമ്പൂര്‍ ടൗണും പരിസരപ്രദേശങ്ങളുമാണ് വെള്ളത്തില്‍ മുങ്ങിയത്. പലയിടത്തും വെള്ളപ്പൊക്കമുണ്ടായതോടെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി.
നിലമ്പൂര്‍ ടൗണിലെ പ്രധാന റോഡില്‍ രണ്ടാള്‍പ്പൊക്കത്തിലാണ് വെള്ളമുയര്‍ന്നിരിക്കുന്നത്. പ്രദേശത്തെ വ്യാപാരസ്ഥാനങ്ങളുടെയും കെട്ടിടങ്ങളുടെയും ഒന്നാംനില പൂര്‍ണമായും വെള്ളത്തിനടിയിലാണ്. പ്രദേശത്തെ പല വീടുകളും വെള്ളത്തില്‍ മുങ്ങി.
ഇന്നലെ രാത്രിമുതല്‍ നിലമ്പൂരിലും സമീപപ്രദേശങ്ങളിലും ശക്തമായമഴ പെയ്തിരുന്നു. കൂടാതെ വനമേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടലുമുണ്ടായി. ഇതിനെത്തുടര്‍ന്നാണ് നിലമ്പൂരില്‍ വെള്ളമുയര്‍ന്നത്.
ഓരോനിമിഷവും ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും പലയിടങ്ങളില്‍നിന്നും ജനങ്ങള്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറാന്‍ വിസമ്മതിക്കുന്നതായാണ് വിവരം. വെള്ളമിറങ്ങുമെന്ന പ്രതീക്ഷയില്‍ പലരും വീടുകളുടെ രണ്ടാംനിലയില്‍ കഴിയുകയാണ്. ഇവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്.
നെടുങ്കയം, മുണ്ടക്കടവ് കോളനികളില്‍ നൂറിലധികം പേരാണ് കുടുങ്ങികിടന്നത്. ഇവരെ ഇന്ന് രാവിലെയോടെ അഗ്നിരക്ഷാസേനാംഗങ്ങള്‍, ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. അതിനിടെ, വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ പ്രദേശത്ത് മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ ജലനിരപ്പും ഉയരുകയാണ്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിനാണ് നിലമ്പൂരില്‍ വലിയ വെള്ളപ്പൊക്കം ഉണ്ടായത്. ഒരുവര്‍ഷത്തിന് ശേഷം വീണ്ടും അതേ സാഹചര്യം ഉണ്ടാകുമോ എന്ന ഭീതിയിലാണ് ജനങ്ങള്‍.