Wednesday, February 26th, 2020

മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൗതുകം; നര്‍മ്മം വിതറി പിണറായി

സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജനോടൊപ്പമാണ് പ്രസ് ക്ലബ്ബിലെ മുഖാമുഖം പരിപാടിയില്‍ മുഖ്യമന്ത്രി എത്തിയത്.

Published On:Apr 22, 2019 | 11:55 am

കണ്ണൂര്‍: പതിവ് ഗൗരവം വിട്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ സുസ്‌മേരവദനനായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രസ് ക്ലബ്ബില്‍ ഇന്നലെ നടത്തിയ മുഖാമുഖം പരിപാടിക്കായാണ് പിണറായി വിജയനെ, ഗൗരവമില്ലാത്ത നേതാവിനെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കാണാനായത്. 55 മിനുട്ടോളം ചോദ്യങ്ങളും മറുപടിയുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചെലവഴിച്ച മുഖ്യമന്ത്രി ഒരു ഘട്ടത്തില്‍പോലും ഗൗരവത്തിലേക്ക് കടന്നില്ല. മാധ്യമ പ്രവര്‍ത്തകരുടെ പതിവ് ചോദ്യങ്ങള്‍ക്കെല്ലാം ചിരിച്ചുകൊണ്ടായിരുന്നു പിണറായിയുടെ മറുപടി.
ആലത്തൂര്‍ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസിനെ അധിക്ഷേപിച്ച എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ കേസെടുക്കാതെ കോഴിക്കോട് യു ഡി എഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരെ കേസെടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങനെ നിങ്ങള്‍ക്ക് അഭിപ്രായമുണ്ടോയെന്ന് ഹ, ഹ പൊട്ടിച്ചിരിയോടെയായിരുന്നു പിണറായിയുടെ മറുചോദ്യം.
പൈസയുമായി വീട്ടിലെത്തിയ ചാനല്‍ സംഘത്തെ അടിച്ചോടിക്കാതെ തന്റെ സെക്രട്ടറിയെ ബന്ധപ്പെടാന്‍ പറഞ്ഞതും ഒരു പൊതുതെരഞ്ഞെടുപ്പ് യോഗത്തില്‍ ആലങ്കാരികമായ ഭാഷ ഉപയോഗിച്ചതും ഒരുപോലെയാണോയെന്നും നര്‍മ്മഭാഷയില്‍ പിണറായി തിരിച്ചടിച്ചു. ശബ്ദവും ദൃശ്യങ്ങളും ഒറിജിനലാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ശബരിമലയുടെ പേരില്‍ നേട്ടം കൊയ്യാമെന്ന ബി ജെ പിയുടെ മോഹം നടക്കില്ല. ശബരിമലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് തെളിവ് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ഞാന്‍ മോദിയല്ല, ഞാന്‍ കള്ളം പറയില്ല. സത്യം മാത്രമേ പറയൂ എന്ന് പറഞ്ഞ് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ഇത് സംബന്ധിച്ച ഇംഗ്ലീഷിലുള്ള കത്ത് മാധ്യമപ്രവര്‍ത്തരെ വായിച്ചുകേള്‍പ്പിച്ചു. ശബരിമല സന്നിധാനത്തെ സംഘര്‍ഷ കേന്ദ്രമാക്കാനാണ് സംഘപരിവാര്‍ ശ്രമിച്ചത്. പക്ഷെ പോലീസും സര്‍ക്കാര്‍ മെഷിനറിയാകെയും പ്രവര്‍ത്തിച്ചതിനാല്‍ അവര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കലാപം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഈ സംവിധാനം അടുത്തവര്‍ഷവും തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സര്‍വ്വേഫലത്തില്‍ പത്ത് സീറ്റ് മാത്രമേ എല്‍ ഡി എഫിന് കിട്ടുകയുള്ളൂവെന്ന് വാര്‍ത്താലേഖകന്‍ ചോദിച്ചപ്പോള്‍ അതുക്കും മീതെ കിട്ടുമെന്ന് ചെറുപുഞ്ചിരിയോടെ പിണറായി മറുപടി പറഞ്ഞു.
ബി ജെ പി പ്രലോഭിപ്പിച്ചാല്‍ കൂടെ പോകാത്തവരെയാണ് ജയിപ്പിക്കേണ്ടതെന്നും എന്തെല്ലാം കുപ്രചരണം നടത്തിയാലും കേരളത്തില്‍ ബി ജെ പിക്ക് നേട്ടമുണ്ടാക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രസ് ക്ലബ്ബിലേക്ക് വാഹനം ഇറങ്ങി നടന്നുവരുമ്പോള്‍ വയോധികയായ ലോട്ടറി വില്‍പ്പനക്കാരിയെ ഹസ്തദാനം ചെയ്യാനും പിണറായി മറന്നില്ല.
സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജനോടൊപ്പമാണ് പ്രസ് ക്ലബ്ബിലെ മുഖാമുഖം പരിപാടിയില്‍ മുഖ്യമന്ത്രി എത്തിയത്. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എ കെ ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, കബീര്‍ കണ്ണാടിപ്പറമ്പ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ മൂന്ന് ദിവസം തെരഞ്ഞെടുപ്പ് പര്യടനശേഷം ഇന്നലെയും ഇന്നും പിണറായി പൊതുപരിപാടികളില്‍ ഉണ്ടായിരുന്നു. നാളെ ജന്മനാടായ പിണറായി ആര്‍ സി അമല സ്‌കൂളില്‍ കുടുംബത്തോടൊപ്പം വോട്ട് ചെയ്ത് മാധ്യമ പ്രവര്‍ത്തകരെ കണ്ടശേഷം മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചുപോകും.

 

LIVE NEWS - ONLINE

 • 1
  8 hours ago

  ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

 • 2
  10 hours ago

  സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

 • 3
  12 hours ago

  ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

 • 4
  12 hours ago

  കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

 • 5
  12 hours ago

  സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

 • 6
  12 hours ago

  കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

 • 7
  12 hours ago

  വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

 • 8
  13 hours ago

  വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

 • 9
  13 hours ago

  ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി