കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനായിരുന്നു പദ്ധതിക്ക് വേണ്ടിയുള്ള ഡി പി ആര് തയാറാക്കിയത്.
കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനായിരുന്നു പദ്ധതിക്ക് വേണ്ടിയുള്ള ഡി പി ആര് തയാറാക്കിയത്.
തലശ്ശേരി: തുടക്കവും മുടക്കവും തുടര്‍ക്കഥയാവുന്ന തലശ്ശേരിമൈസൂര്‍ റെയില്‍പാതാ വഴിയില്‍ ഒരിക്കല്‍ കൂടി സാധ്യതയുടെ ചൂളം വിളി ഉയരുന്നു. നാലിലേറെ തവണ നടന്ന സര്‍വ്വേകളിലെ വിവാദങ്ങളെ തീര്‍ത്തും ഒഴിവാക്കാനായി ഇത്തവണ വയനാട് ജില്ലയിലെ കബനി നദിയുടെ അടിയിലൂടെ പതിനൊന്നര കിലോമീറ്ററോളം ടണല്‍ നിര്‍മ്മിച്ച് പാളം സ്ഥാപിക്കാനാണ് ഒരുക്കം. ഇതിന്റെ മതിപ്പ് ചെലവ് 6000 കോടിയോളം വരുമെന്നാണ് പ്രാഥമിക നിഗമനം. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പ്രഥമ റെയില്‍വെ മന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയിലൂടെ മലബാറില്‍ മൊട്ടിട്ട തലശ്ശേരിമൈസൂര്‍ സ്വപ്ന പാത 112 വര്‍ഷക്കാലത്തെ കാത്തിരിപ്പിന് ശേഷവും കരയടുക്കാതെ വിദൂരതയിലാണുള്ളത്. പാത യാഥാര്‍ത്ഥ്യമാക്കാന്‍ കേരള സര്‍ക്കാരിന് നിറ മനസാണുള്ളതെങ്കിലും കര്‍ണ്ണാടകത്തിന് കയ്ച്ചിട്ടിറക്കാനും മധുരം കിനിയുമെന്നതിനാല് തുപ്പാനും വയ്യാത്ത ഗതികേടാണുള്ളത്. കന്നട നാട്ടിലെ കോഫീ പ്ലാന്റര്‍മാര്‍ പാരിസ്ഥിതിക പ്രശ്നം ഉയര്‍ത്തിയെടുത്ത് കൊണ്ടുവന്ന എതിര്‍പ്പ് മറികടക്കാനാണ് ഭൂഗര്‍ഭ പാതയെന്ന ആശയം മുന്നോട്ട് വന്നത്.
കര്‍ണാടകത്തിലെ നാഗര്‍ഹോള, ബന്ദിപ്പൂര്‍ വനമേഖലകള്‍ക്കിടയിലൂടെ ഒഴുകുന്ന കബനി നദിക്കടിയിലൂടെ 11.5 കിലോമീറ്ററില്‍ ടണല്‍ വഴി റെയില്‍പാത നിര്‍മ്മിക്കാമെന്ന നിര്‍ദേശം കേരള റെയില്‍ ഡവലപ്പ്മെന്റ് കോര്പ്പറേഷന് കര്‍ണാടക സര്‍ക്കാരിന് സമര്‍പ്പിച്ചു കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിനും കേരള സര്‍ക്കാരിനും 49:51 ശതമാനം ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമാണിത്. 5 കിലോമീറ്റര്‍ ടണലിന് മാത്രം 1200 കോടിയോളം ചിലവ് വരുമെന്നാണ് കണക്ക് കൂട്ടല്‍. പാത പണിയാനുള്ള മൊത്തം ചിലവ് 6,000 കോടി ക്ക് പുറമെ ഭൂമി ഏറ്റെടുക്കാനും കൂടുതല്‍ പണം വേണ്ടിവരും. നേരത്തെ തലശ്ശേരി, കൂത്തുപറമ്പ്, മാനന്തവാടി, കേണിച്ചിറ, പുല്‍പ്പള്ളി, കുട്ട വഴിയായിരുന്നു റെയില്‍പാത നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. നിര്‍ദ്ദിഷ്ട വഴിയിലൂടെ റെയില്‍പാത യാഥാര്‍ത്ഥ്യമായാല്‍ തലശേരിയില്‍ നിന്ന് എളുപ്പത്തില്‍ മൈസൂരും അതുവഴി ബംഗളൂരുവിലും എത്താം. കോഴിക്കോട്ടുള്ളവര്‍ക്കും ഒരു മണിക്കൂര്‍ കൂടി സഞ്ചരിച്ചാല്‍ തലശ്ശേരി വഴി ബംഗളൂരുവില്‍ എളുപ്പത്തില്‍ എത്തിച്ചേരാനാവും. ഇപ്പോഴുള്ള മംഗലാപുരം ബംഗളൂരു പാതയിലെ ചരക്ക് നീക്കം പരിധിയില്‍ അധികമായതിനാല്‍ അധിക ചരക്ക് നീക്കവും ഇതുവഴിയാക്കാനാവും. നിലവില്‍ തലശ്ശേരിയില്‍ നിന്ന് കോഴിക്കോട്, ഷൊര്‍ണൂര്‍ വഴി ട്രെയിന്‍ മാര്‍ഗം ബംഗളൂരുവിലെത്താന്‍ 15 മണിക്കൂറെടുക്കും. പുതിയ പാത വരികയാണെങ്കില്‍ നാല് മണിക്കൂര്‍കൊണ്ട് (207 കിലോമീറ്റര്‍ മൈസൂരിലും തുടര്‍ന്ന് മൂന്ന് മണിക്കൂര്‍കൊണ്ട് ബംഗളൂരുവിലും എത്താം. പത്തു മുതല്‍ പതിനഞ്ച് കിലോമീറ്റര്‍ വരെയുള്ള ദൂരത്ത് സ്റ്റേഷനുകള്‍ അനുവദിക്കും.
കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനായിരുന്നു പദ്ധതിക്ക് വേണ്ടിയുള്ള ഡി പി ആര് തയാറാക്കിയത്. ലണ്ടന്‍ കേന്ദ്രീകരിച്ച ബഹുരാഷ്ട്ര കണ്‍സള്‍ട്ടിംഗ് കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് ആണ് ട്രാഫിക് സ്റ്റഡി നടത്തിയത്. റൂട്ട് വളരെ ലാഭകരമായിരിക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്.