Wednesday, May 27th, 2020

സദ്യയൊരുക്കി കാത്തിരുന്ന കല്യാണം മുടങ്ങി. വരന്‍ മുങ്ങി

വരന്റെ വിവാഹഫോട്ടോ വധുവിന്റെ വാട്‌സ് ആപ്പിലേക്ക്

Published On:Dec 2, 2019 | 10:34 am

കോട്ടയം: വരന്റെ വിവാഹഫോട്ടോ അര്‍ധരാത്രി വധുവിന്റെ വാട്‌സ് ആപ്പിലേക്ക്. അയച്ചത് ഭാര്യയും. സദ്യയൊരുക്കി കാത്തിരുന്ന കല്യാണം ഇതോടെ മുടങ്ങി. വരന്‍ മുങ്ങി. ഇയാളുടെ പേരില്‍ പോലീസ് കേസെടുത്തു. ഇന്നലെ എലിക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന വിവാഹമാണ് മുടങ്ങിയത്. എലിക്കുളം സ്വദേശിനിയാണ് വധു. എലിക്കുളം പഞ്ചായത്തിലെതന്നെ വഞ്ചിമല കൂനാനിക്കല്‍താഴെ സനിലായിരുന്നു വരന്‍.
വരന്റെയും വധുവിന്റെയും വീടുകളില്‍ ശനിയാഴ്ച രാത്രിയും ആഘോഷങ്ങളുണ്ടായിരുന്നു. ഇരുവീടുകളിലും ബന്ധുക്കള്‍ക്ക് സദ്യ നല്‍കുകയും ചെയ്തു. വരന്റെ വീട്ടില്‍ രാത്രി സദ്യ നടക്കുമ്പോള്‍ ഭാവഭേമില്ലാതെ ഇയാളും എല്ലാറ്റിനും മുന്‍നിരയിലുണ്ടായിരുന്നു. വധുവിന്റെ ഫോണിലേക്ക് ശനിയാഴ്ച രാത്രി 11 മണിയോടെയാണ് പെരിന്തല്‍മണ്ണ സ്വദേശിനിയുടെ ഫോണില്‍നിന്ന് വിളി വന്നത്. അവരുടെ അച്ഛന്റെ സഹോദരനാണ് വിളിച്ചത്. സനിലും പെരിന്തല്‍മണ്ണ സ്വദേശിനിയും മലപ്പുറം പെരിന്തല്‍മണ്ണക്കടുത്ത് സ്വകാര്യ സ്‌കൂളില്‍ അധ്യാപകരാണ്. ഇരുവരും 13 വര്‍ഷമായി ഒരുമിച്ചു ജീവിക്കുകയാണെന്നും വിവാഹിതരാണെന്നുമാണ് പറഞ്ഞത്.
വിവാഹം മുടക്കാന്‍ പലരും ശ്രമിക്കുമെന്ന് സനില്‍ പ്രതിശ്രുതവധുവിന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ വിശ്വസിച്ചില്ല. പിന്നീട് വിവാഹഫോട്ടോ വാട്‌സ് ആപ്പില്‍ കിട്ടിയപ്പോഴും വിശ്വസിച്ചില്ല. രാത്രിതന്നെ സനിലിന് വധു ഈ ഫോട്ടോ അയച്ചുകൊടുത്ത് വിശദീകരണം തേടിയപ്പോള്‍ ഇയാള്‍ പ്രതികരിച്ചില്ല. ഫോണെടുക്കാതായതോടെ സംഭവം സത്യമാണെന്ന് സംശയമുയര്‍ന്നു. പുലര്‍ച്ചെ ഇയാള്‍ ബൈക്കില്‍ വീട്ടില്‍നിന്ന് യാത്രയാവുകയും ചെയ്തു.
ഇരുകൂട്ടരുടെയും ബന്ധുക്കള്‍ കാലങ്ങളായി പരസ്പരം അറിയുന്നവരാണ്. വധുവിന്റെ വീടിനടുത്ത് സനിലിന്റെ കുടുംബക്കാര്‍ പലരുമുണ്ട്. നേരം പുലര്‍ന്നപ്പോള്‍ സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടു. അപ്പോഴേക്കും ചോറൊഴികെ സദ്യവട്ടങ്ങളെല്ലാം ഒരുക്കിയിരുന്നു. ബന്ധുക്കള്‍ പലരും വിവാഹത്തില്‍ പങ്കെടുക്കാനെത്തി തുടങ്ങുകയും ചെയ്തു.
വധുവിന്റെ വീട്ടുകാര്‍ പൊന്‍കുന്നം പോലീസില്‍ പരാതി നല്‍കി. വിവാഹം മുടങ്ങിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. സത്യം മറച്ചുവെച്ച് വീണ്ടും വിവാഹത്തിനൊരുങ്ങിയതിന് സനിലിന്റെ പേരില്‍ കേസെടുത്തു. സനിലിനെ കാണ്മാനില്ലെന്ന് കാട്ടി ബന്ധുക്കളും പൊന്‍കുന്നം പോലീസില്‍ പരാതി നല്‍കി. സനിലിന്റെ മുന്‍വിവാഹത്തിന്റെ കാര്യം അറിയില്ലെന്ന് ബന്ധുക്കളും പറഞ്ഞു. വിവരം അറിഞ്ഞപ്പോള്‍ വരന്റെ ഇളയസഹോദരന്‍ ബോധരഹിതനായി. ഇദ്ദേഹത്തെ പൊന്‍കുന്നത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സനിലുമായി പെരിന്തല്‍മണ്ണ സ്വദേശിനിയുടേത് പുനര്‍വിവാഹമായിരുന്നു. 13 വര്‍ഷമായി ഒരുമിച്ചു ജീവിച്ച ഇവര്‍ കഴിഞ്ഞയാഴ്ചയാണ് ചേര്‍ത്തലയിലെ ക്ഷേത്രത്തില്‍ ഔദ്യോഗികമായി വിവാഹിതരായത്. ഈ ബന്ധം വീട്ടിലറിയിച്ചിട്ടില്ലെന്ന് സനില്‍ യുവതിയോട് പറഞ്ഞിരുന്നു.
അവര്‍ വേറെ വിവാഹം നിശ്ചയിക്കാന്‍ സാധ്യതയുണ്ടെന്ന് സനില്‍ പറഞ്ഞപ്പോഴാണ് യുവതിയുടെ വീട്ടുകാര്‍ ഇടപെട്ട് ചേര്‍ത്തലയില്‍ വിവാഹം നടത്തിയത്. എലിക്കുളം സ്വദേശിനിയുമായുള്ള വിവാഹക്കാര്യം ഇവര്‍ അറിയാതിരിക്കാന്‍ ഇയാള്‍ ശ്രദ്ധിച്ചിരുന്നു. സഹപ്രവര്‍ത്തകരെ അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തിരുന്നുമില്ല.

 

LIVE NEWS - ONLINE

 • 1
  2 days ago

  സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

 • 2
  2 days ago

  വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

 • 3
  2 days ago

  പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

 • 4
  2 days ago

  മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

 • 5
  2 days ago

  ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

 • 6
  2 days ago

  പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

 • 7
  2 days ago

  രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

 • 8
  2 days ago

  ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

 • 9
  3 days ago

  സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്