Saturday, May 30th, 2020

കോവിഡ് വ്യാപനം മൂന്നുഘട്ടങ്ങളിലൂടെ; ഒരു ചെറിയ അശ്രദ്ധമതി നാടാകെ പടരാന്‍; ഇന്ത്യയിലെ കോവിഡ് വ്യാപനം എങ്ങനെ ?

സമൂഹ വ്യാപനം തുടങ്ങിക്കഴിഞ്ഞാല്‍ ഒരു രോഗിയുടെ അണുബാധയുടെ സ്രോതസ്സ് പലപ്പോഴും കണ്ടെത്താന്‍ കഴിയില്ല

Published On:Mar 19, 2020 | 10:33 am

തുടക്കത്തില്‍ കോവിഡ് 19 വുഹാനിലെ ഒരു ഭക്ഷണ മാര്‍ക്കറ്റില്‍പോയവരുടെ മാത്രം രോഗമായിരുന്നു. പിന്നീടത് വുഹാന്‍കാരുടെയും അതിന് ശേഷം മൊത്തം ചൈനക്കാരുടേതും ആയി. ക്രമേണ ലോക രാജ്യങ്ങള്‍ ഓരോന്നായി കോവിഡ് കീഴടക്കാന്‍ തുടങ്ങി. ഇന്ത്യയും കേരളവുമടക്കം. ഇന്ന് നമ്മുടെ കൈയെത്തും ദൂരത്തുണ്ട്. നമ്മുടെ ചെറിയ ഒരു അശ്രദ്ധയ്ക്ക് കാതോര്‍ത്ത്. ആക്രമിക്കാന്‍, കീഴടക്കാന്‍!

ഇന്ത്യയിലെ കോവിഡ് വ്യാപനം എങ്ങനെ ?

മൂന്നുഘട്ടങ്ങളായി കോവിഡ് വ്യാപനം നമുക്ക് തരംതിരിക്കാം.

ഒന്നാംഘട്ടം: കോവിഡ് പ്രസരണം നടന്ന രാജ്യങ്ങളിലേക്ക് യാത്ര നടത്തിയവര്‍ക്ക് മാത്രം അണുബാധയുണ്ടാകുന്നു.

രണ്ടാംഘട്ടം: നേരത്തേ കോവിഡ് സ്ഥിരീകരിച്ച രോഗികളുമായി നേരിട്ട് സമ്ബര്‍ക്കം വന്നവര്‍ക്ക് (പ്രൈമറി കോണ്‍ടാക്റ്റുകള്‍) .

മൂന്നാംഘട്ടം: രോഗികളുമായി സമ്ബര്‍ക്കം വന്നവരുമായി സമ്ബര്‍ക്കം വന്നവര്‍ക്ക് (secondary contacts). ഈ ഘട്ടം വരെ പ്രാദേശിക വ്യാപനം (local spread) എന്ന് കണക്കാക്കാം.

ഇതിന് പുറത്തേക്കുള്ള വ്യാപനത്തെ സമൂഹവ്യാപനം ആയും കണക്കാക്കാം. സമൂഹ വ്യാപനം തുടങ്ങിക്കഴിഞ്ഞാല്‍ ഒരു രോഗിയുടെ അണുബാധയുടെ സ്രോതസ്സ് പലപ്പോഴും കണ്ടെത്താന്‍ കഴിയില്ല. സമൂഹത്തിന്റെ പല ഭാഗങ്ങളില്‍നിന്നും രോഗം കണ്ടെത്തിത്തുടങ്ങും. രോഗികളുടെ എണ്ണവും മരണങ്ങളും പതിന്മടങ്ങ് വര്‍ധിക്കും

കോവിഡ് വ്യാപനത്തിന്റെ സ്ഥിതി

ഇതുവരെ അണുബാധയുള്ള രാജ്യത്തേക്ക് യാത്ര ചെയ്തവര്‍ക്കും, രോഗികളുമായി നേരിട്ട് സമ്ബര്‍ക്കം വന്നവര്‍ക്കും മാത്രമാണ് രോഗം ഉണ്ടെന്ന് തെളിഞ്ഞത്.

അപ്പോള്‍ നമ്മള്‍ സുരക്ഷിതരാണോ? യാത്ര ചെയ്തവരും അവരുടെ കുടുംബവും ശ്രദ്ധിച്ചാല്‍ പോരെ?

പോര, ഇന്ത്യയില്‍ കോവിഡിനായുള്ള പരിശോധനകള്‍ ചെയ്യുന്നത് വളരെ കുറച്ചു പേര്‍ക്കു മാത്രമാണ്. സംശയമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരിലും ഗുരുതരമായ ലക്ഷണങ്ങള്‍ ഉള്ളവരിലും മാത്രം. അത്‌കൊണ്ട് ചെറിയ ലക്ഷണങ്ങള്‍ ഉള്ള രോഗികള്‍ പരിശോധനയില്‍പ്പെടാതെ പോകാം. അതുകൊണ്ട് ഇപ്പോള്‍ സ്ഥിരീകരിച്ച എണ്ണം രോഗികള്‍ മാത്രമേ രാജ്യത്തുള്ളൂ എന്ന് വിശ്വസിച്ച്‌ ഇരുന്നുകൂടാ. സമൂഹ വ്യാപനത്തിലൂടെ കോവിഡ് ഇന്ത്യയുടെ എത് മൂലയിലും എത്താം.

സമൂഹവ്യാപനം അനുമാനിക്കാന്‍ കാരണങ്ങള്‍ ഉണ്ടോ?

ലോകത്ത് ഇതുവരെ ഉണ്ടായ കോവിഡിന്റെ രീതി പരിശോധിച്ചാല്‍ ഓരോ പോസിറ്റീവായ രോഗിക്കുചുറ്റും ഒട്ടേറെ രോഗികള്‍ ആരോഗ്യ സംവിധാനങ്ങളുടെ ശ്രദ്ധയില്‍പ്പെടാതെ പോകുന്നുവെന്നാണ് മനസ്സിലാകുന്നത്.

ഒരു മരണം കോവിഡ് കാരണം സംഭവിച്ചാല്‍ അതിന് ചുറ്റിപ്പറ്റി ഒട്ടേറെ രോഗികള്‍ ഉണ്ടായിരിക്കണമെന്നുമാണ് അനുമാനിക്കപ്പെടുന്നത്. ഈ അനുമാനങ്ങള്‍ നേരത്തേ ഒട്ടേറെ രോഗികള്‍ ഉണ്ടായ ചൈന, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ വ്യാപന രീതിയില്‍നിന്ന് ഉരുത്തിരിഞ്ഞതാണ്. ലക്ഷണങ്ങള്‍ ഇല്ലാത്തവരും രോഗം പകര്‍ത്തും എന്നുള്ളതും യഥാര്‍ഥ രോഗികളുടെ എണ്ണവും കണക്കിലെ എണ്ണവും തമ്മിലുള്ള അന്തരം കൂട്ടും.

ഇവിടെ സമൂഹവ്യാപനം നടക്കുന്നുണ്ടോ എന്ന തെളിവിനായി രണ്ടോമൂന്നോ ആഴ്ചകള്‍ കാത്തു നില്‍ക്കേണ്ടി വരും. അതിനു മുന്‍പ് ഇടപെടാതിരിക്കുന്നത് ആത്മഹത്യാപരം ആയിരിക്കും. ഇങ്ങനെ നിഷ്‌ക്രിയമായി കാത്തിരുന്ന രാജ്യങ്ങളുടെ സ്ഥിതി നമ്മുടെ മുന്നില്‍ തെളിവായുണ്ട്.

സമൂഹവ്യാപനം കുറയ്ക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും?

വ്യക്തികളും കുടുംബവും

• കോവിഡിനെക്കുറിച്ചുള്ള വ്യക്തമായ ധാരണ ഉണ്ടായിരിക്കുക.

• ലക്ഷണങ്ങള്‍ ഉണ്ടായാല്‍ എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്ന് അറിഞ്ഞിരിക്കുക.

• ചെറിയ പനി, ചുമ തുടങ്ങിയവ ഉള്ളവര്‍ വീട്ടില്‍ കഴിയുക.

• സമൂഹത്തിലെ കൂടിച്ചേരലുകളും, യാത്രകളും നിരുത്സാഹപ്പെടുത്തുക.

• സന്ദര്‍ശകരെ ഒഴിവാക്കുക.

• വ്യക്തി ശുചിത്വ മാര്‍ഗങ്ങള്‍ (കൈ കഴുകല്‍, ചുമ ശുചിത്വം) പരമാവധി നടപ്പാക്കുക.

• അത്യാവശ്യം വേണ്ട മരുന്നുകള്‍ എങ്ങനെ ലഭിക്കും, ആശുപത്രിയില്‍ പോകാനുള്ള വാഹനസൗകര്യം എങ്ങനെയാണ് തുടങ്ങിയ വസ്തുതകള്‍ അറിഞ്ഞുവെക്കുക, വിളിക്കാനുള്ള ഫോണ്‍നമ്ബര്‍ എഴുതി വെക്കുക.

• രോഗംപിടിപെട്ടാല്‍ അപകട സാധ്യത ഏറ്റവും കൂടുതലുള്ള കുടുംബാംഗങ്ങളെ തിരിച്ചറിയുക. അവരിലേക്ക് അണുബാധ എത്താതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക. അവരെ പൊതു ലോകത്തു നിന്ന് പരമാവധി മാറ്റി നിര്‍ത്തുക.

• സ്വയം സുരക്ഷാ നടപടികള്‍ ആവര്‍ത്തിച്ച്‌ പറഞ്ഞു കൊണ്ടിരിക്കുക.

• സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ക്കും വീടുകള്‍ ഇല്ലാത്തവര്‍ക്കും ക്വാറന്റൈനോ ഐസൊലേഷനോ ആവശ്യമായി വരുകയാണെങ്കില്‍ അതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുക.

ജോലിസ്ഥലങ്ങള്‍

• വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുക.

• എന്തെങ്കിലും ലക്ഷണം ഉള്ളവര്‍ ഓഫീസില്‍ വരുന്നത് വിലക്കുക.

• അവര്‍ക്ക് ശമ്ബളത്തോട് കൂടിയ അവധി നടപ്പില്‍ വരുത്തുക.

• വ്യക്തി ശുചിത്വത്തിന് ആവശ്യമായുള്ള സംവിധാനങ്ങള്‍ ഓഫീസുകളില്‍ ഒരുക്കുക.

• കൂടുതല്‍ ആളുകള്‍ സ്പര്‍ശിക്കാന്‍ ഇടയുള്ള ഉള്ള വാതിലിന്റെ ഹാന്‍ഡില്‍, മേശ തുടങ്ങിയവ ഇടയ്ക്കിടെ വൃത്തിയാക്കുക.

പൊതു ആരോഗ്യസംവിധാനങ്ങള്‍

• രോഗികളുമായി സമ്ബര്‍ക്കം വന്നവരുടേയും രോഗമുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരുടേയും ലിസ്റ്റുകള്‍ പുതുക്കിക്കൊണ്ടിരിക്കുക.

• രോഗം സ്ഥിരീകരിച്ചവരെ ഐസൊലേറ്റ് ചെയ്യുക.

• നേരിട്ട് സമ്ബര്‍ക്കത്തില്‍ വന്നവരെയെല്ലാം ക്വാറന്റൈന്‍ ചെയ്യുക.

• ഫോണ്‍ വഴിയുള്ള മോണിറ്ററിങ് പ്രോത്സാഹിപ്പിക്കുക.

• പൊതുജനത്തിനും രോഗികള്‍ക്കുമായുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി എത്തിക്കുക, അനുസരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.

• പെട്ടെന്നുണ്ടാകാന്‍ സാധ്യതയുള്ള രോഗികളുടെ വര്‍ധന മുന്‍കൂട്ടി കണ്ട് ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക. പ്രത്യേകിച്ചും ഐസൊലേഷന്‍ സംവിധാനങ്ങള്‍.

• ഇവിടെ നമ്മള്‍ ശ്രമിക്കുന്നത് രോഗം ഉന്‍മൂലനം ചെയ്യാനൊന്നുമല്ല. രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാന്‍ വേഗം കുറയ്ക്കാന്‍. ഒരു അണക്കെട്ട് പൊട്ടിയാല്‍ ഉണ്ടാകുന്ന ആഘാതവും ജലനിരപ്പ് ഉയരുന്നതിനനുസരിച്ച്‌ പതുക്കെ വെള്ളം തുറന്നു വിടുന്നതിന്റെ ആഘാതവും തമ്മിലുള്ള വ്യത്യാസമില്ലേ? അതു തന്നെയാണ് കോവിഡിന്റെ കാര്യത്തിലും നാം ശ്രമിക്കേണ്ടത്.

LIVE NEWS - ONLINE

  • 1
    1 hour ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 2
    6 hours ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 3
    8 hours ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 4
    10 hours ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 5
    10 hours ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌

  • 6
    11 hours ago

    സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

  • 7
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 8
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 9
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി