Tuesday, November 19th, 2019

കോടിയേരി എല്ലാം അറിഞ്ഞിരുന്നെന്ന് അഭിഭാഷകന്റെ വെളിപ്പെടുത്തല്‍

പരാതിക്കാരിയുടെ മകന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍ ബിനോയ്

Published On:Jun 24, 2019 | 9:57 am

മുംബൈ: ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട കേസിനെ സംബന്ധിച്ച് തനിക്ക് നേരത്തെ അറിയില്ലായിരുന്നുവെന്ന കോടിയേരി ബാലകൃഷ്ണന്റെ വാദം തെറ്റെന്ന് വെളിപ്പെടുത്തല്‍. മാസങ്ങള്‍ക്ക് മുമ്പ് ബിനോയി, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി എന്നിവരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് മധ്യസ്ഥത വഹിച്ച അഭിഭാഷകന്‍ കെ.പി. ശ്രീജിത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മധ്യസ്ഥ ചര്‍ച്ചക്കുശേഷം താന്‍ കോടിയേരിയെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചിരുന്നു. എന്നാല്‍ മകന്‍ പറയുന്നതാണ് ശരിയെന്ന് അദ്ദേഹം വിശ്വസിച്ചു. യുവതിയുടേത് ബ്ലാക്ക് മെയില്‍ കേസാണെന്നായിരുന്നു കോടിയേരിയുടെ വാദമെന്നും അഭിഭാഷകന്‍ പറഞ്ഞു.
കഴിഞ്ഞ ഡിസംബറിലാണ് ബിഹാര്‍ സ്വദേശിനി ആദ്യമായി ബിനോയ് കോടിയേരിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്. ഏപ്രിലില്‍ കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ യുവതിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് മുംബൈയിലെത്തി. യുവതിയും കുട്ടിയും ചര്‍ച്ചക്ക് വന്നിരുന്നു. കുട്ടിയുടെ ചെലവിനും തനിക്കുമായി അഞ്ചുകോടി രൂപ വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാല്‍ ഹിന്ദി അറിയാത്തതിനാല്‍ വിനോദിനിക്ക് യുവതിയുമായി സംസാരിക്കാനായില്ല. തുടര്‍ന്ന് അവര്‍ തിരിച്ചുപോവുകയും പിന്നീട് ബിനോയ് കോടിയേരി നേരിട്ട് മധ്യസ്ഥ ചര്‍ച്ചക്ക് മുംബൈയിലെത്തുകയും ചെയ്തു.
കുട്ടി തന്റേതല്ലെന്നായിരുന്നു ബിനോയ് കോടിയേരിയുടെ വാദം. അഞ്ചുകോടി തരാനാകില്ലെന്നും പറഞ്ഞു. ഇതോടെ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്നും ഇതിനുശേഷമാണ് താന്‍ കോടിയേരി ബാലകൃഷ്ണനെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
അതിനിടെ പരാതി നല്‍കിയ യുവതി ബിനോയ് കോടിയേരിയുമായുണ്ടായിരുന്ന ബന്ധം വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ മുംബൈ പോലീസിനു കൈമാറി. പാസ്‌പോര്‍ട്ട്, കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് രേഖകള്‍ എന്നിവ ഇതില്‍പ്പെടും.
മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗം നല്‍കിയ കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ സ്ഥാനത്തു ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണു പേരുള്ളത്. 2010 ജൂലായ് 22നാണു യുവതി ആണ്‍കുട്ടിക്കു ജന്മം നല്‍കുന്നത്. ആ സമയത്ത് അന്ധേരി വെസ്റ്റിലെ സ്വാതി അപ്പാര്‍ട്ട്‌മെന്റിലെ ഫഌറ്റ് നമ്പര്‍ 401ലാണ് താമസിച്ചിരുന്നത്. ബിനോയിയുടെ സ്ഥിരം വിലാസവും ഇതുതന്നെയാണ് നല്‍കിയിട്ടുള്ളത്. 2010 നവംബര്‍ ഏഴിനാണു ജനനസര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.
യുവതിയുടെ പാസ്‌പോര്‍ട്ടിലും ഐ.സി.ഐ.സി. ബാങ്കിലെ അക്കൗണ്ട് രേഖകളിലും ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണുള്ളത്. മുംബൈയിലെ മലാഡില്‍നിന്നാണ് പാസ്‌പോര്‍ട്ട് എടുത്തിരിക്കുന്നത്. 2014ല്‍ പുതുക്കിയ പാസ്‌പോര്‍ട്ടിലാണ് ഭര്‍ത്താവിന്റെ സ്ഥാനത്തു ബിനോയിയുടെ പേരുള്ളത്. വിവാഹ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കിയാല്‍ മാത്രമേ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരു ചേര്‍ക്കാനാവുകയുള്ളൂ.
യുവതിയുടെ ബന്ധുക്കളും ബിനോയിയും മാത്രമായി വിവാഹം ഹിന്ദു ആചാരപ്രകാരം സ്വകാര്യമായി നടന്നെന്നാണ് യുവതി പോലീസില്‍ നല്‍കിയ മൊഴി. വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളും ഇവര്‍ പോലീസിന് നല്‍കിയിട്ടുണ്ട്. അതിലും ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നുതന്നെയാണ്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തും.

 

LIVE NEWS - ONLINE

 • 1
  8 hours ago

  ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

 • 2
  9 hours ago

  ഫോണ്‍ ചോര്‍ത്താന്‍ പത്ത് ഏജന്‍സികള്‍ക്ക് മാത്രമാണ് അധികാരമുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍

 • 3
  12 hours ago

  സ്‌കുള്‍ കായിക കിരീടം പാലക്കാടിന്

 • 4
  12 hours ago

  ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കണം: ഹൈക്കോടതി

 • 5
  16 hours ago

  കണ്ണൂരില്‍ മൂന്നു ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

 • 6
  16 hours ago

  പ്രതിപക്ഷ ബഹളം; രാജ്യസഭ നിര്‍ത്തിവച്ചു

 • 7
  16 hours ago

  സിപിഎമ്മിന് വേണ്ടത്തവര്‍ മാവോയിസ്റ്റുകളും തീവ്രവാദികളുമാവുന്നു: എംഎന്‍ കാരശ്ശേരി

 • 8
  16 hours ago

  സംസ്ഥാന സ്‌കൂള്‍ കായികോത്സവം; പാലക്കാട് കിരീടത്തിലേക്ക്

 • 9
  16 hours ago

  കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ചു