Monday, December 9th, 2019

കണ്ണൂര്‍ കോര്‍പറേഷന്‍; മിണ്ടാട്ടം മുട്ടി മേയര്‍

പൊട്ടിത്തെറിച്ച് ടി ഒ മോഹനന്‍; ആഞ്ഞടിച്ച് സമീര്‍

Published On:Jun 18, 2019 | 11:59 am

കണ്ണൂര്‍: നിയമസഭയുടെ തനിപ്പകര്‍പ്പായി കണ്ണൂര്‍ കോര്‍പറേഷന്റെ നടുത്തളം. വാഗ്വാദങ്ങളും ആരോപണങ്ങളും ആക്ഷേപങ്ങളുമായി പ്രതിപക്ഷം കത്തിക്കയറിയപ്പോള്‍ അനക്കമില്ലാതെ പല്ലുകൊഴിഞ്ഞ സിംഹമായി മാറി ഭരണപക്ഷം. അടുത്തകാലത്തൊന്നും കാണാത്തവിധം പ്രതിപക്ഷത്തിന്റെ മിന്നല്‍പിളര്‍പ്പില്‍ മേയറും കൂട്ടരും മടയിലൊളിച്ചു. നിയമസഭയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിക്കുന്ന ആരോപണങ്ങള്‍ അതേ പകര്‍പ്പില്‍ ഏറ്റെടുത്ത് യു ഡി എഫ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ടി ഒ മോഹനന്‍ കളം നിറഞ്ഞപ്പോള്‍ മുസ്ലീം ലീഗിലെ സി സമീര്‍ എല്ലാ തലത്തിലും പിന്താങ്ങി രംഗത്തെത്തി. പ്രതിപക്ഷത്തിന് കരുത്തേകി. ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാനാകാതെ കുഴങ്ങിയ മേയര്‍ ഇ പി ലതയെ പിന്തുണക്കാന്‍ ഭരണപക്ഷത്ത് നിന്ന് ആരും എത്തിയില്ലെന്നതിനേക്കാള്‍ ഭരണപക്ഷത്തെ സ്വതന്ത്രന്‍ തൈക്കണ്ടി മുരളീധരനും ആഞ്ഞടിച്ചത് മേയര്‍ക്ക് ഇരുട്ടടിയായി. ഒന്നും നടക്കാത്ത കോര്‍പറേഷന്‍ ഭരണം പിരിച്ചുവിടാന്‍ സര്‍ക്കാറിന് ശുപാര്‍ശ ചെയ്യണമെന്ന തൈക്കണ്ടി മുരളീധരന്റെ ആവശ്യം പ്രതിപക്ഷത്തിന് വീണുകിട്ടിയ ആയുധംപോലെയായി. കോണ്‍ഗ്രസ്സിലേക്ക് പോകുന്നുവെന്ന മുന്നറിയിപ്പ് ഒരിക്കല്‍ കൂടി വെളിപ്പെടുത്തി ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് കോര്‍പറേഷനെതിരെ വില്ലുകുലച്ചു. ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ അമ്പെയ്ത രാഗേഷ് പ്രതിപക്ഷത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്ന കാഴ്ചയായിരുന്നു ഇന്നലത്തെ കൗണ്‍സില്‍ യോഗത്തെ ശ്രദ്ധേയമാക്കിയത്. ഇല്ലാത്ത ഉത്തരവുണ്ടെന്ന് കാണിച്ച് വീട് നിര്‍മ്മാണത്തിനും കെട്ടിട നിര്‍മ്മാണത്തിനും അനുമതി നിഷേധിക്കുന്ന ഉദ്യോഗസ്ഥ നിലപാടിനെതിരെ ഡെപ്യൂട്ടി മേയര്‍ രംഗത്തുവന്നത്, കെട്ടിട പര്‍മിറ്റുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉന്നയിച്ചതും ഇതിനിടെ ബഹളത്തിന് കാരണമായി. മേയര്‍ക്ക് സര്‍ക്കാറില്‍ നിന്നും സോഫ്റ്റ്‌വെയര്‍ സംബന്ധിച്ചുള്ള സര്‍ക്കുലര്‍ വന്നിട്ട് മാസങ്ങളായി. എന്നാല്‍ ഈ സര്‍ക്കുലര്‍ സംബന്ധിച്ചുള്ള ഉത്തരവ് ഡെപ്യൂട്ടി മേയറാണ് പുറത്തുകൊണ്ടുവന്നത്. പി കെ രാഗേഷ് സര്‍ക്കുലര്‍ വായിച്ചതോടെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തിറങ്ങി. സോഫ്റ്റ്‌വെയറിലെ തകരാര്‍ കാരണം ഏഴരമാസമായി കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് നല്‍കാന്‍ സാധിക്കാത്തത്. ഇതുവരെ ലഭിച്ച 253 അപേക്ഷകളില്‍ 12 എണ്ണത്തിന് മാത്രമാണ് അനുമതി നല്‍കിയതെന്നും രാഗേഷ് കൂട്ടിച്ചേര്‍ത്തു. കത്ത് കിട്ടിയത് മേയര്‍ക്കാണ്. മേയര്‍ക്ക് എഴുത്തും വായനയും അറിയില്ലെങ്കില്‍ വായിക്കാനറിയാവുന്നവരെ കൊണ്ട് വായിപ്പിക്കണമെന്ന് അഡ്വ ടി ഒ മോഹനന്‍ പറഞ്ഞപ്പോള്‍ മേയര്‍ ഇടപെട്ടു. തനിക്കും വിദ്യാഭ്യാസമുണ്ടെന്നും സംസാരിക്കുമ്പോള്‍ സൂക്ഷിക്കണമെന്നുമായി മേയര്‍ ഇ പി ലത. വ്യക്തിപരമായി മേയറോട് വിരോധമില്ലെന്നും മേയര്‍ എന്ന പദവിയിലിരിക്കുന്നയാളിന്റെ തെറ്റ് ചൂണ്ടിക്കാട്ടുകമാത്രമാണ് ചെയ്തതെന്നും മേയര്‍ ഇരിക്കുന്ന കസേരയെക്കുറിച്ച് ബോധ്യം വേണമെന്നും മോഹനന്‍ തിരിച്ചടിച്ചു.
സര്‍ക്കാറിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറക്കുന്നതിനെ കുറിച്ചുള്ള വിഷയം വന്നപ്പോഴാണ് പൊട്ടിത്തെറിയും വാഗ്വാദവും തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി തോമസ് ഐസക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ നടുത്തളത്തില്‍ മുഴങ്ങിയതോടെ അക്ഷരാര്‍ത്ഥത്തില്‍ കൗണ്‍സില്‍ ഹാളില്‍ പ്രതിഷേധത്തിന്റെ അലകടലായി തിരയടിച്ചുകയറി. മേയര്‍ക്കെതിരെ കത്തിക്കയറിയ സമീറിന്റെ പ്രസംഗം ന്യായീകരിക്കുന്ന രീതിയിലായിരുന്നു ഭരണപക്ഷത്തിന്റെ ഇരിപ്പും. ഇതിനിടയില്‍ സി പി എമ്മിലെ രവീന്ദ്രന്‍ യു ഡി എഫ് ഭരണകാലത്തെ കാര്യങ്ങളും പറഞ്ഞ് എഴുന്നേറ്റപ്പോള്‍ അതും ബഹളത്തില്‍ മുങ്ങി. ഒരു പ്രതിരോധമോ ചെറുത്തുനില്‍പ്പോ ഭരണപക്ഷ അംഗങ്ങളില്‍ നിന്ന് ഉയരാത്തതായതോടെ ഒറ്റപ്പെട്ട നിലയില്‍ മേയര്‍ വിയര്‍ക്കുന്നുണ്ടായിരുന്നു. പ്രതിഷേധ മുദ്രാവാക്യത്തിനിടയില്‍ പദ്ധതിവിഹിതം കൊള്ളയടിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ രാജിവെക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയ ബാനര്‍ യു ഡി എഫ് അംഗങ്ങളായ ആര്‍ രഞ്ചിത്തും എറമുള്ളാനും ഷഫീഖും ഉയര്‍ത്തിയതോടെ രംഗം കൂടുതല്‍ ചൂടുപിടിച്ചു. പ്രതിഷേധ മുദ്രാവാക്യത്തിനിടയില്‍ മേയര്‍ ബാക്കിയുള്ള അജണ്ടകള്‍ വായിച്ച് യോഗം അവസാനിച്ചുവെന്ന് പറഞ്ഞ് തടിതപ്പി. പിരിയാന്‍ നേരത്ത് ഭരണകക്ഷിയിലെ എം പി സഹദേവന്‍ പാലാരിവട്ടം പാലം സിന്ദാബാദ്, സിമന്റില്ലാതെ പാലം നിര്‍മ്മിച്ച ഇബ്രാഹിംകുഞ്ഞ് സിന്ദാബാദ് എന്ന് ഒറ്റക്ക് മുദ്രാവാക്യം വിളിച്ച് സമാശ്വസിക്കുന്നതും കാണാമായിരുന്നു. സുമ ബാലകൃഷ്ണന്‍, പ്രകാശന്‍ മാസ്റ്റര്‍, ധനേഷ് ബാബു, കെ പി എ സലീം, വെള്ളോറ രാജന്‍, ഭാസ്‌കരന്‍, എന്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു. ഇ പി ലത അധ്യക്ഷത വഹിച്ചു.

 

 

 

LIVE NEWS - ONLINE

 • 1
  8 hours ago

  മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചു: അമിത് ഷാ

 • 2
  10 hours ago

  നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ അടുത്ത ആഴ്ച നടപ്പാക്കിയേക്കും

 • 3
  12 hours ago

  വിദേശ വിമാനങ്ങള്‍; നടപടികള്‍ ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

 • 4
  12 hours ago

  വിദേശ വിമാനങ്ങള്‍; നടപടികള്‍ ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

 • 5
  12 hours ago

  എല്ലാ സമയത്തും ക്ഷമിക്കാനാകില്ല: ഷെയ്ന്‍ നിഗം

 • 6
  12 hours ago

  കണ്ണൂരിലെത്തിയ മുഖ്യമന്ത്രി കര്‍ഷകരെ ആശ്വസിപ്പിക്കാനെത്തിയില്ല: ബിഷപ്പ് ഞറളക്കാട്ട്

 • 7
  13 hours ago

  കര്‍ണാടകയില്‍ ബിജെപി തന്നെ

 • 8
  13 hours ago

  ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഒന്നാം സമ്മാനം രണ്ടര കിലോ ഉള്ളി

 • 9
  13 hours ago

  കര്‍ണാടകയില്‍ ഭരണമുറപ്പിച്ച് ബിജെപി