Thursday, December 12th, 2019

കനകമല കേസ്; പ്രതികള്‍ക്ക് തടവും പിഴയും

2016 ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തിലാണ് പ്രതികള്‍ കണ്ണൂരിലെ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്നത്.

Published On:Nov 27, 2019 | 12:13 pm

കൊച്ചി: കേരളത്തിലും തമിഴ്‌നാട്ടിലും തീവ്രവാദി ആക്രമണങ്ങള്‍ നടത്താന്‍ കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഒന്നാം പ്രതി കോഴിക്കോട് സ്വദേശി മന്‍സീദ് മുഹമ്മദിന് 14 വര്‍ഷം തടവും പിഴയും രണ്ടാം പ്രതി തൃശൂര്‍ വെങ്ങാനെല്ലൂര്‍ സ്വദേശി യൂനുസ് എന്ന സ്വാലിഹ് മുഹമ്മദ് 10 വര്‍ഷം തടവും പിഴയും ശിക്ഷ.
ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക കോടതി ജഡ്ജി പി. കൃഷ്ണകുമാറാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്. കേസില്‍ ആറ് പേരെ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. മറ്റു പ്രതികളായ കുറ്റ്യാടി സ്വദേശി റംഷാദ് നങ്കീലന് മൂന്ന് വര്‍ഷവും തിരൂര്‍ സ്വദേശി സഫ്‌വാന് എട്ട് വര്‍ഷവും കാഞ്ഞങ്ങാട് സ്വദേശി പി.കെ.മൊയ്‌നൂദീന് മൂന്ന് വര്‍ഷം തടവുമാണ് വിധിച്ചിരിക്കുന്നത്. പിഴ ശിക്ഷയുമുണ്ട്. വിവിധ വകുപ്പുകളിലായി പ്രതികള്‍ക്ക് ലഭിച്ച തടവുകള്‍ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു.
ഒരാളെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെവിട്ടിരുന്നു. മറ്റൊരു പ്രതി കോഴിക്കോട് സ്വദേശി സജീര്‍ മംഗലശേരി വിചാരണ തുടങ്ങുംമുമ്പ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി എന്‍.ഐ.എ സംഘം കണ്ടെത്തിയിരുന്നു. ഇയാളെ ഒഴിവാക്കിയാണ് വിചാരണ നടത്തിയത്.
പ്രതികള്‍ രാജ്യാന്തര തീവ്രവാദ സംഘടനയായ ഐഎസിലെ അംഗങ്ങളാണെന്ന എന്‍.ഐ.എയുടെ വാദം കോടതി തള്ളി. പ്രതികള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പദ്ധതി തയ്യാറാക്കി എന്ന വാദം അംഗീകരിക്കാമെങ്കിലും ഇവര്‍ ഐ.എസില്‍ അംഗങ്ങളാണെന്നതിന് വ്യക്തമായ തെളിവില്ലെന്ന് കോടതി വിലയിരുത്തി. അന്‍സാര്‍ ഉല്‍ ഖലീഫ (കേരള) എന്ന പേരില്‍ തീവ്രവാദ സംഘടനയുടെ കേരള ഘടകമായി പ്രവര്‍ത്തിക്കാനാണ് പ്രതികള്‍ ലക്ഷ്യമിട്ടതെന്ന് എന്‍.ഐ.എ വാദിച്ചിരുന്നു. പ്രതികള്‍ ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് കോടതി വിലയിരുത്തി. ഇവര്‍ക്കെതിരെ തീവ്രവാദ പ്രവര്‍ത്തന നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയിരുന്നെങ്കിലും രാജ്യത്തിനെതിരെ യുദ്ധം ചെയ്തുവെന്ന കുറ്റം വിചാരണയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.
2016 ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തിലാണ് പ്രതികള്‍ കണ്ണൂരിലെ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായുള്ള വിവിധ മതങ്ങളുടെ ആരാധനാലയങ്ങള്‍ ആക്രമിക്കാനും ഹൈക്കോടതി ജഡ്ജിമാര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരെ വധിക്കാനും യോഗത്തില്‍ പദ്ധതി തയ്യാറാക്കിയിരുന്നതായി എന്‍.ഐ.എ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു. കേസിന്റെ ആദ്യ പ്രതിപ്പട്ടികയിലുണ്ടായിരുന്ന മുഹമ്മദ് ഫിയാസിനെ പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു.
തമിഴ് വംശജനും തൊടുപുഴ സ്വദേശിയുമായ സുബ്ഹാനി ഹാജ മൊയ്തീനും ഈ കേസില്‍ പ്രതിയാണ്. ഇയാളെ പിന്നീടു പിടികൂടിയതിനാല്‍ പ്രത്യേക വിചാരണ നടന്നുവരുന്നു. പാരിസ് ആക്രമണക്കേസില്‍ സല അബ്ദുള്‍ സലാമിനൊപ്പം സുബ്ഹാനി സിറിയയില്‍ ആയുധപരിശീലനം നടത്തിയിരുന്നെന്ന് കണ്ടെത്തിയിരുന്നു. ഇയാളെ ഫ്രഞ്ച് പൊലീസ് കേരളത്തിലെത്തി ചോദ്യം ചെയ്തിരുന്നു.

 

LIVE NEWS - ONLINE

 • 1
  2 hours ago

  അയോധ്യ കേസ്: പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി

 • 2
  3 hours ago

  ചെന്നൈയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

 • 3
  3 hours ago

  ഷെയ്ന്‍ നിഗം വിവാദത്തില്‍ പ്രതികരണവുമായി ഫെഫ്ക

 • 4
  4 hours ago

  മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി നെടുമ്പാശ്ശേരിയില്‍ മലപ്പുറം സ്വദേശി പിടിയില്‍

 • 5
  6 hours ago

  ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

 • 6
  6 hours ago

  ചന്ദന മോഷ്ടാവിനെ റിമാന്റ് ചെയ്തു

 • 7
  6 hours ago

  വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു

 • 8
  6 hours ago

  സഡന്‍ ബ്രേക്കിട്ട് ഉള്ളി വില; 40 രൂപ കുറഞ്ഞു

 • 9
  6 hours ago

  രാജ്യത്തെ രണ്ട് ദിനോസറുകളുള്ള ജുറാസിക് റിപ്പബ്ലിക്ക് ആക്കരുത്: കപില്‍ സിബല്‍