Sunday, February 23rd, 2020

എവിടെന്ന് കിട്ടി ഈ മദ്ഗുണനെ: കെ മുരളീധരന്‍

ലോക്‌സഭയില്‍ സി പി എമ്മിന് ആകെ മൂന്ന് എം പിമാരാണുള്ളത്

Published On:Sep 3, 2019 | 1:54 pm

കണ്ണൂര്‍: സി പി എം മൂന്നിലൊതുങ്ങിയെന്നും മരുന്നിന് പോലും കിട്ടാനില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം പി. യു ഡി എഫിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്‌സഭയില്‍ സി പി എമ്മിന് ആകെ മൂന്ന് എം പിമാരാണുള്ളത്. അതില്‍ രണ്ടുപേരും കോണ്‍ഗ്രസിന്റെ മുന്നണിയില്‍ മത്സരിച്ച് ജയിച്ചവരാണ്. ഇവര്‍ക്ക് പരസ്പരം അറിയുക പോലുമില്ലായിരുന്നു. ഞാനാണ് ഇവരെ പരിചയപ്പെടാന്‍ സഹായിച്ചത്. എന്റെ ഒരു കൂട്ടുകാരന് നിങ്ങളെ പരിചയപപെടണമെന്ന് തമിഴ്‌നാട്ടിലെ എം പിമാരോട് ഞാന്‍ പറഞ്ഞ് സഹായിക്കുകയായിരുന്നു. പിണറായി വിജയന്റെ നിര്‍ബന്ധം താനായിരിക്കണം കേരളത്തിലെ സി പി എമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയെന്നാണ്. ത്രിപുരയിലും ബംഗാളിലും പോലെ ഇവിടെയും അവസാനമായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിലെന്നും അദ്ദേഹം പറഞ്ഞു.
സി പി എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി പോലെയാണ് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ പെരുമാറുന്നതെന്ന് പറഞ്ഞതിനാണ് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ പോകുന്നത്. അങ്ങനെ മുല്ലപ്പള്ളിക്കെതിരെ മാത്രം കേസെടുക്കേണ്ട. നമ്മുടെ പേരിലും എടുത്തോട്ടെ. ബെഹ്‌റ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് പറഞ്ഞപ്പോഴാണ് തനിക്ക് ചിരി വന്നത്. മാനമുണ്ടെങ്കിലല്ലേ മാനനഷ്ട കേസ് കൊടുക്കാന്‍ പറ്റൂ. മാനവും നാണവുമില്ലാത്തവനാണ് ലോക്‌നാഥ് ബെഹ്‌റ. സി പി എമ്മിന്റെ നേതാക്കളുടെ മുന്നില്‍ കുനിഞ്ഞ് നില്‍ക്കുന്നയാളാണ് അദ്ദേഹം. മുഖ്യമന്ത്രിക്ക് മുന്നില്‍ കുനിയുന്നത് കണ്ടാല്‍ മനസിലാക്കാം. അത് സംസ്ഥാന മുഖ്യമന്ത്രിയാണല്ലോ. എന്നാല്‍ സി പി എമ്മിന്റെ സര്‍വ്വ നേതാക്കളുടെയും മുന്നില്‍ കുനിഞ്ഞ് കൊടുക്കുകയാണ് ബെഹ്‌റ. ബെഹ്‌റയെ മദ്ഗുണന്‍ എന്നാണ് വിളിക്കേണ്ടത്. പിണറായിയോട് ചോദിക്കേണ്ടത് എവിടെ നിന്ന് കിട്ടി ഈ മദ്ഗുണനെയെന്നാണ്. മാനനഷ്ടത്തിന് കേസ് വന്നാല്‍ കോടതിയില്‍ പോയി ഇദ്ദേഹത്തിന് മാനമില്ലെന്ന് പറഞ്ഞോളാം കെ മുരളീധരന്‍ പരിഹസിച്ചു.
യൂണിവേഴ്‌സിറ്റി കോളജില്‍ അഖില്‍ എന്ന എസ് എഫ് ഐക്കാരനെ എസ് എഫ് ഐ നേതാക്കള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത് നാടന്‍പാട്ട് പാടിയതിനാണ്. ക്ലബ്ബ് ഡാന്‍സ് കളിച്ചൂടെയെന്നാണ് നേതാക്കളുടെ ചോദ്യം. സംസ്ഥാന സെക്രട്ടറിയുടെ മക്കള്‍ ചെയ്യുന്നത് പോലെ നിങ്ങള്‍ക്കും ക്ലബ്ബ് ഡാന്‍സ് നടത്തിക്കൂടെയെന്നാണ് നേതാക്കള്‍ ചിന്തിച്ചത്. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ യൂണിവേഴ്‌സിറ്റി കോളജ് നിലവിലുള്ള കെട്ടിടത്തില്‍ നിന്ന് മാറ്റും. ഇടിച്ച് നിരത്തി പൊതുസ്ഥലമാക്കുകയോ മ്യൂസിയമാക്കുകയോ ചെയ്യണം. അതവിടെ കണ്ടാല്‍ പിന്നെയും എസ് എഫ് ഐക്കാര്‍ക്ക് ഹാലിളകും. അതിനാല്‍ കെട്ടിടം ഇടിച്ച് നിരത്തണമെന്നാണ് പറയാനുള്ളത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നരേന്ദ്രമോദിയും പിണറായിയും തമ്മില്‍ വ്യത്യാസമൊന്നുമില്ല. രണ്ടുപേരും പ്രതിപക്ഷത്തെ അടിച്ചൊതുക്കുന്നവരാണ്. ഒരുദിവസം ഡല്‍ഹിയിലേക്ക് വിമാനം കയറുമ്പോള്‍ രാജ്യത്ത് 29 സംസ്ഥാനങ്ങളുണ്ടായിരുന്നു. എന്നാല്‍ വിമാനം ഇറങ്ങുമ്പോഴേക്കും സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി കുറഞ്ഞിരുന്നു. സംസ്ഥാനത്ത് ഇത് തന്നെയാണ് അവസ്ഥ. മലബാറില്‍ ഇനിയും തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തോറ്റാല്‍ മലബാറിനെ ലഡാക്ക് പോലെ പ്രത്യേക സ്ഥലമാക്കി മാറ്റാനും പിണറായി മടിക്കില്ല. പുറത്ത് നിന്ന് മാത്രമാണ് പിണറായി മോദിക്കെതിരെ പറയുന്നത്. പരസ്പരം കാണുമ്പോള്‍ സ്തുതിക്കലാണ് പ്രധാന പണി. മോദിയുടെ കാര്‍ബണ്‍ കോപ്പിയാണ് പിണറായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എരണംകെട്ടവര്‍ നാട് ഭരിച്ചാല്‍ നാട് മൂടിയുമെന്ന ചൊല്ലുണ്ട്. പിണറായി അധികാരത്തില്‍ വന്ന്തിന് ശേഷം നിങ്ങള്‍ക്ക് സമാധാനമായി ഓണം ആഘോഷിക്കാന്‍ പറ്റിയോ. ഡാം തുറന്ന് വിട്ടാണ് പ്രളയമുണ്ടാക്കിയത്. ഡാം എന്താണെന്ന് അറിയാത്ത എം എം മണിയെ മന്ത്രിയുമാക്കി. പ്രളയ ദുരിതാശ്വാസ നിധി വകമാറ്റിയരാണിവര്‍.
നാട്ടിലെ ലോക്കല്‍ കള്ളന്‍മാര്‍ ഇവരേക്കാള്‍ മാന്യന്മാരാണ്. വയറ്റിപ്പിഴപ്പിന് വേണ്ടിയാണിവര്‍ മോഷ്ടിക്കുന്നത്. ഇന്നത്തെ ക്രിമിനലുകള്‍ നാളത്തെ പോലീസ് എന്നാണ് സി പി എമ്മിന്‌റെ മുദ്രാവാക്യമെന്നും അതാണ് പി എസ് സി പോലീസ് പരീക്ഷയില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എ ഡി മുസ്തഫ അധ്യക്ഷത വഹിച്ചു. പി ടി ജോസ്, ഇല്ലിക്കല്‍ അഗസ്തി, വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, പി സുനില്‍കുമാര്‍, ജോയ് കൊന്നക്കല്‍, അഡ്വ. കെ എ ഫിലിപ്പ്, എ കൃഷ്ണന്‍, സി കെ സഹജന്‍, വി എ നാരായണന്‍, സുമ ബാലകൃഷ്ണന്‍, സതീശന്‍ പാച്ചേനി, അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, എം പി അരവിന്ദാക്ഷന്‍, അബ്ദുല്‍ കരീം ചേലേരി, പി കുഞ്ഞിമുഹമ്മദ്, വി പി വമ്പന്‍, കെ സുരേന്ദ്രന്‍, അബ്ദുറഹ്മാന്‍ കല്ലായി, എം ലക്ഷ്മണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 

LIVE NEWS - ONLINE

 • 1
  7 hours ago

  ‘നീയൊക്കെ എവിടുന്നു വരുന്നു എന്ന് എനിക്കറിയണം, എടുക്കെടാ നിന്‍റെ ഐഡി കാർഡ്’; പൊതുജന മധ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്കെതിരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം- വീഡിയോ

 • 2
  9 hours ago

  സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ പി.എസ്.സി പരിശീലന കേന്ദ്രങ്ങള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

 • 3
  12 hours ago

  ഭീം ആര്‍മിയുടെ ഭാരത് ബന്ദ് കേരളത്തില്‍ ഭാഗികം;പിന്തുണയുമായി സി.പി.ഐയും ആര്‍.ജെ.ഡിയും

 • 4
  12 hours ago

  കുളത്തൂപ്പുഴയില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവം; കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും

 • 5
  12 hours ago

  ‘ പ്രതിഫലം തിരികെ തരണം,’ തൃഷയ്‌ക്കെതിരെ നിര്‍മാതാവ്

 • 6
  1 day ago

  കൊല്ലത്ത് വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍

 • 7
  1 day ago

  അങ്കമാലിയില്‍ വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണം കവര്‍ന്നു

 • 8
  1 day ago

  ലിംഗനീതി ഉറപ്പാക്കാതെ ഒരു രാജ്യത്തിനും വികസിക്കാനാവില്ല: മോദി

 • 9
  1 day ago

  കണ്ണൂരില്‍ വീടിനുള്ളില്‍ ദമ്പതികള്‍ മരിച്ച നിലയില്‍