Tuesday, April 7th, 2020

‘ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ…’

എണ്‍പതിന്റെ നിറവിലും യേശുദാസ് മൂകാംബികയില്‍

Published On:Jan 10, 2020 | 10:24 am

 

കോഴിക്കോട്: ഗാനഗന്ധര്‍വന്‍ യേശുദാസിന് ഇന്ന് 80 വയസ്. എല്ലാ ജന്മദിനത്തിലെയും പോലെ ഇക്കുറിയും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ യേശുദാസും കുടുംബവുമെത്തി. ഇന്നു പ്രത്യേക പൂജയും വഴിപാടുകളും സംഗീതക്കച്ചേരിയും നടത്തും. 17 നു കൊച്ചിയില്‍ തിരിച്ചെത്തും. ജന്മനാട്ടിലും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ഫോര്‍ട്ടുകൊച്ചിയിലെ തോപ്പുംപടിയില്‍ 1940 ജനുവരി 10ന് ജനനം. സംഗീതജ്ഞനും നടനുമായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും പുത്രന്‍. ചെറുപ്പത്തില്‍ത്തന്നെ സംഗീതത്തോടുള്ള മകന്റെ കമ്പം കണ്ടെത്തിയ പിതാവ് അഗസ്റ്റിയന്‍ ജോസഫായിരുന്നു ആദ്യ ഗുരു. കര്‍ണാടക സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍. അഞ്ചാം വയസ്സില്‍ തന്നെ ഗുരു കുഞ്ഞന്‍വേലു ആശാനില്‍ നിന്നും ഹൃദ്യസ്ഥമാക്കി. കുത്തിയതോട് ശിവരാമന്‍ നായര്‍, പള്ളുരുത്തി രാമന്‍ ഭാഗവതര്‍, ജോസഫ് തുടങ്ങിയവരും ആദ്യകാല ഗുരുക്കന്‍മാരാണ്.
പള്ളുരുത്തി സെന്റ് സെബാസ്റ്റിയന്‍സ് ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പാസായ ശേഷം തൃപ്പൂണിത്തറ രാധാ ലക്ഷ്മി വിലാസം സംഗീത കോളേജില്‍ ചേര്‍ന്നു. 1960 ല്‍ ഒന്നാം റാങ്കോടെ ഗാനഭൂഷണം കോഴ്‌സ് പാസ്സായി. തുടര്‍ന്ന് തിരുവനന്തപുരം സ്വാതിതിരുന്നാള്‍ സംഗീതകോളേജിലും പഠിച്ചു. പിന്നീട് വിഖ്യാത സംഗീതജ്ഞനായ ചെമ്പൈ വൈദ്യനാഥഭാഗവതരുടെ കീഴില്‍ പ്രത്യേക സംഗീത പഠനം.
തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജില്‍ പഠിക്കുന്ന കാലത്താണ് സിനിമയില്‍ പാടാനുള്ള അവസരം തേടിയെത്തുന്നത്.
യേശുദാസിന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിനമാണ് 1961 നവംബര്‍ 14. മദ്രാസിലെ ഭരണി സ്റ്റുഡിയോയില്‍ കാല്പാടുകള്‍ എന്ന ചിത്രത്തിനു വേണ്ടി ശ്രീനാരായണ ഗുരുദേവന്‍ എഴുതിയ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും…എന്ന ശ്ലോകം ആലപിച്ച ദിവസം. തുടര്‍ന്നിങ്ങോട്ട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ബംഗാളി, ഗുജറാത്തി, ഒറിയ, മറാത്തി, പഞ്ചാബി, സംസ്‌കൃതം, തുളു, റഷ്യന്‍, അറബിക്, ലാറ്റിന്‍, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങള്‍ ആ ഘനഭംഗീരമായ ശബ്ദത്തിലൂടെ നാം കേട്ടു. ‘ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ…’ തുടങ്ങി അദ്ദേഹം പാടിയ ഒട്ടേറെ ഭക്തിഗാനങ്ങള്‍ ഇപ്പോഴും മലയാളികളുടെ നാവിന്‍ തുമ്പിലുണ്ട്.
ഏഴു ദേശീയ അവാര്‍ഡുകള്‍, 23 സംസ്ഥാന അവാര്‍ഡുകള്‍. 1973ല്‍ പത്മശ്രീയും 2002ല്‍ പത്മഭൂഷനും നല്‍കി രാഷ്ട്രം ആദരിച്ചു. സര്‍വ്വകലാശാലകള്‍ ഡോക്ടറേറ്റും സംസ്ഥാന സര്‍ക്കാര്‍ ആസ്ഥാന ഗായക പട്ടവും നല്‍കി. ഏഴു തവണ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചു. ഏറ്റവും കൂടുതല്‍ പ്രാവശ്യം ഇന്‍ഡ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ യാത്രചെയ്തതിനുള്ള പ്രത്യേക സമ്മാനവും യേശുദാസിന് ലഭിച്ചു. എണ്ണിയാല്‍ തീരാത്ത ബഹുമതികള്‍ വേറെയും.
ഹര്‍ഷബാഷ്പം, കതിര്‍മണ്ഡപം, അച്ചാണി, അനാര്‍ക്കലി, കായംകുളംകൊച്ചുണ്ണി, ബോയ്ഫ്രണ്ട് എന്നീ ചിത്രങ്ങളില്‍ അദ്ദേഹം പാടി അഭിനയിച്ചു. അഴകുള്ള സെലീന, പൂച്ചസന്യാസി, താറാവ്, തീക്കനല്‍, സഞ്ചാരി തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു.
തിരുവനന്തപുരത്ത് ഇടപ്പഴഞ്ഞിയില്‍ യേശുദാസ് സ്ഥാപിച്ച തരംഗനിസരി മ്യൂസിക് സ്‌കൂളില്‍ സംഗീതാഭിരുചിയുള്ള സാധു കുട്ടികളെ സൗജന്യമായി സംഗീതം പഠിപ്പിക്കുന്നു.

 

LIVE NEWS - ONLINE

 • 1
  19 hours ago

  കര്‍ണാടകയുടേത് മൗലികാവകാശ ലംഘനം; കേരളം സുപ്രിംകോടതിയില്‍

 • 2
  19 hours ago

  പെന്‍ഷനുകളുള്‍പ്പെടെയുള്ള പണം പോസ്റ്റുമാന്‍ വഴി വീട്ടിലെത്തിക്കുമെന്ന് തോമസ് ഐസക്

 • 3
  19 hours ago

  മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് വാർണിഷ് കുടിച്ച് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു

 • 4
  19 hours ago

  വയനാട്ടിൽ കാട്ടുപോത്തുകൾ കിണറ്റിൽ വീണു

 • 5
  20 hours ago

  കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

 • 6
  20 hours ago

  കാസര്‍കോട് കോവിഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു

 • 7
  20 hours ago

  കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന് യെദിയൂരപ്പ;മംഗളൂരുവിലെ ജനങ്ങളുടെ സുരക്ഷയാണ് വലുത്

 • 8
  21 hours ago

  ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും തീവ്രബാധിത ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരും; കേരളത്തില്‍ കോഴിക്കോടടക്കം ഏഴ് ജില്ലകളില്‍ ഒരുമാസം കൂടി നിയന്ത്രണം, പൊതുഗതാഗതത്തിനും നിരോധനം

 • 9
  21 hours ago

  ലോക്ക്ഡൗണിണ് ശേഷവും എട്ട് ജില്ലകളില്‍ നിയന്ത്രണം തുടര്‍ന്നേക്കും