ന്യൂനമര്‍ദം രൂപപ്പെട്ടു, കൊടുങ്കാറ്റ് മുന്നറിയിപ്പ്
ന്യൂനമര്‍ദം രൂപപ്പെട്ടു, കൊടുങ്കാറ്റ് മുന്നറിയിപ്പ്
കണ്ണൂര്‍: മഴക്കെടുതിയല്‍ തകര്‍ന്ന് കേരളത്തിന്റെ നെഞ്ചിടിപ്പേറ്റി ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. വടക്കു പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന ന്യൂനമര്‍ദം കേരളത്തില്‍ ഇന്ന് ശക്തമായ മഴക്കു കാരണമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് എവിടെയും പ്രഖ്യാപിച്ചിട്ടില്ല.
സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നു കനത്ത മഴക്കും നാളെ മുതല്‍ വെള്ളിയാഴ്ച വരെ ശക്തമായ മഴക്കുമാണ് സാധ്യത പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലയിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളതീരത്ത് വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 വരെ കിലോമീറ്റര്‍ ആകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുത്.