Monday, February 24th, 2020

അനധികൃത ഫ്‌ളാറ്റുകള്‍ ആരാണ് പ്രതി ?

ഒരു പതിറ്റാണ്ട് മുമ്പാണ് ഫ്‌ളാറ്റ്, വില്ല എന്നീ ആഡംബര ഭവനങ്ങളിലേക്ക് മലയാളി ചേക്കേറിത്തുടങ്ങിയത്. റിയല്‍ എസ്‌റ്റേറ്റ്, ഊഹക്കച്ചവടം എന്നീ മേഖലകളിലുണ്ടായ വളര്‍ച്ച ,കള്ളപ്പണമൊഴുക്ക് എന്നീ ഘടകങ്ങള്‍ ഇതിന് കുടപിടിച്ചു. അതോടെ ഫ്‌ളാറ്റ് നിര്‍മാണ രംഗത്ത് വന്‍ കമ്പനികളുടെ രംഗപ്രവേശമായി. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച നിയമങ്ങളും കെട്ടിട നിര്‍മാണ ചട്ടങ്ങളും കാറ്റില്‍ പറത്തി നാടാകെ ഫ്‌ളാറ്റുകള്‍ ഉയര്‍ന്നു. നദീതീരങ്ങളും കടലോരങ്ങളും പ്രസിദ്ധമായ ആരാധനാലയങ്ങളുടെ ചുറ്റുവട്ടവും കേന്ദ്രീകരിച്ച് ഫ്‌ളാറ്റുകളും വില്ലകളും കൂണുപോലെ മുളച്ചുപൊന്തി. കോടികളുടെ ഇടപാടുകള്‍ക്കാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ … Continue reading "അനധികൃത ഫ്‌ളാറ്റുകള്‍ ആരാണ് പ്രതി ?"

Published On:May 10, 2019 | 1:22 pm

ഒരു പതിറ്റാണ്ട് മുമ്പാണ് ഫ്‌ളാറ്റ്, വില്ല എന്നീ ആഡംബര ഭവനങ്ങളിലേക്ക് മലയാളി ചേക്കേറിത്തുടങ്ങിയത്. റിയല്‍ എസ്‌റ്റേറ്റ്, ഊഹക്കച്ചവടം എന്നീ മേഖലകളിലുണ്ടായ വളര്‍ച്ച ,കള്ളപ്പണമൊഴുക്ക് എന്നീ ഘടകങ്ങള്‍ ഇതിന് കുടപിടിച്ചു. അതോടെ ഫ്‌ളാറ്റ് നിര്‍മാണ രംഗത്ത് വന്‍ കമ്പനികളുടെ രംഗപ്രവേശമായി. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച നിയമങ്ങളും കെട്ടിട നിര്‍മാണ ചട്ടങ്ങളും കാറ്റില്‍ പറത്തി നാടാകെ ഫ്‌ളാറ്റുകള്‍ ഉയര്‍ന്നു. നദീതീരങ്ങളും കടലോരങ്ങളും പ്രസിദ്ധമായ ആരാധനാലയങ്ങളുടെ ചുറ്റുവട്ടവും കേന്ദ്രീകരിച്ച് ഫ്‌ളാറ്റുകളും വില്ലകളും കൂണുപോലെ മുളച്ചുപൊന്തി. കോടികളുടെ ഇടപാടുകള്‍ക്കാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ മനസറിവോടെ കളമൊരുങ്ങിയത്. കൊച്ചിയില്‍ 350 ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തില്‍ ഉത്തരവാദപ്പെട്ടവര്‍ ആത്മപരിശോധനക്കും തിരുത്തലിനും തയ്യാറാകണം. സിനിമാ നടന്മാരുടെ കായല്‍ കയ്യേറ്റവും മറ്റും എരിവുള്ള വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ ഒരിക്കലും ഇതിന് പിന്നിലെ അഴിമതി, അനധികൃത ഇടപെടല്‍, നിയമലംഘനങ്ങള്‍ എന്നീ കാര്യങ്ങള്‍ അന്വേഷിക്കാറില്ല. മുഖപ്പേജില്‍ ലക്ഷങ്ങളുടെ വര്‍ണ പരസ്യം നല്‍കി ഫ്‌ളാറ്റ് മാഫിയ മാധ്യമങ്ങളുടെ വായ കെട്ടും. ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേര്‍ന്ന മാഫിയ കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കും. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ കാലത്താണ് കേരളം അനധികൃത കെട്ടിട നിര്‍മാണത്തെക്കുറിച്ച് ചര്‍ച്ച ചെയ്തത്. മൂന്നാറില്‍ അനധികൃതമായും പരിസ്ഥിതി നിയമം ലംഘിച്ചും കെട്ടിപ്പൊക്കിയ റിസോര്‍ട്ടുകള്‍ക്കാണ് ആദ്യം പിടി വീണത്. വി എസിന്റെ മൂന്ന് പൂച്ചകള്‍ ജെസിബിയുമായി ഇടിച്ചു നിരത്തല്‍ ആരംഭിച്ചപ്പോള്‍ കേരളം കൈയടിച്ചു. ഒടുക്കം സംഭവിച്ചതെന്താണ്. പൂച്ചകള്‍ നിസഹായരും അപമാനിതരുമായി പടിയിറങ്ങി. വി എസിന്റെ കൈകാലുകള്‍ ബന്ധിക്കപ്പെട്ടു. ജനതാല്‍പര്യത്തിന് മേല്‍ റിസോര്‍ട്ട് മാഫിയയുടെ വിജയക്കൊടി ഉയര്‍ന്നു. അനധികൃത നിര്‍മാണങ്ങളെ ചട്ടം തിരുത്തി നിയമവിധേയമാക്കി. മൂന്നാറില്‍ ഒരു അത്ഭുതവും സംഭവിച്ചില്ല. തുടര്‍ന്ന് കേരളമാകെ ഫ്‌ളാറ്റ് മാഫിയയുടെ ജൈത്രയാത്രയായിരുന്നു. ആരും എതിരിടാനില്ലാത്ത ഈ നിയമലംഘനങ്ങള്‍ തുടര്‍ന്നു. ജൈവ പ്രാധാന്യമുള്ള വയല്‍, ചതുപ്പുനിലം, കണ്ടല്‍ക്കാട്’, പുഴയോരം എന്നിവിടങ്ങളിലെല്ലാം നിര്‍മാണ മാഫിയ കണ്ണുവച്ചു. എതിര്‍ത്തവരെ ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും വരുതിയിലാക്കിയും കീഴടക്കി. പൊലീസും റവന്യൂ അധികാരികളുമെല്ലാം നിയമ ലംഘനത്തിന് കൂട്ടുനിന്നു. പല ഉദ്യോഗസ്ഥരും പ്രതിഫലമായി ഫ്‌ളാറ്റ് തരപ്പെടുത്തി മറിച്ചുവില്‍ക്കുകയും വാടകക്ക് കൊടുക്കുകയും ചെയ്യുന്നത് ഇന്ന് രഹസ്യമല്ല.
ഈ ഇടപാടില്‍ വഞ്ചിതരാകുന്നത് കാര്യങ്ങളറിയാതെ വര്‍ണ പരസ്യങ്ങളില്‍ ആകര്‍ഷിക്കപ്പെട്ട് എത്തുന്ന ഉപഭോക്താക്കളാണ്. ഫ്‌ളാറ്റ് കമ്പനി ഏതെങ്കിലും ചതുപ്പില്‍ നിലം വാങ്ങുന്നതല്ലാതെ പിന്നീട് പണം മുടക്കാറില്ല. ഘട്ടങ്ങളായി നിര്‍മ്മാണച്ചെലവ് ബുക്കു ചെയ്ത ആളില്‍ നിന്നും ഈടാക്കും. പലപ്പോഴും ഫ്‌ളാറ്റിന് നിര്‍ദ്ദേശിക്കപ്പെട്ട ഗുണമേന്മ ഉണ്ടാകില്ല. പരാതിയുമായി ചെന്നാല്‍ ഗുണ്ടകളാകും മറുപടി പറയുക. നിയമസംവിധാനങ്ങളില്‍ പരാതി നല്‍കിയാലും പരിഹാരം നിര്‍ദ്ദേശിക്കേണ്ടവര്‍ മാഫിയയുടെ ഒത്താശക്കാരായതിനാല്‍ ഒരു ഫലവുമുണ്ടാകില്ല. മഹാപ്രളയവും മണ്ണിടിച്ചിലും കൊടുംവേനലുമൊക്കെ പ്രകൃതി കേരളത്തിന് നല്‍കുന്ന മുന്നറിയിപ്പാണ്. പരിസ്ഥിതിയോട് കളിച്ചാല്‍ മഹാദുരന്തമാകും ഫലം. ലാത്തൂരില്‍ ഭൂകമ്പമുണ്ടായത് മുംബൈയിലെ അനധികൃത കെട്ടിടങ്ങളുണ്ടാക്കിയ സമ്മര്‍ദ്ദം മൂലമാണെന്ന പഠനഫലവും ഈ ഘട്ടത്തില്‍ ഓര്‍മിക്കണം.

 

LIVE NEWS - ONLINE

 • 1
  10 hours ago

  ഒരു തോല്‍വി വലിയ സംഭവമാക്കരുത്: കോലി

 • 2
  10 hours ago

  ഇന്ത്യ അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളി: മോദി

 • 3
  10 hours ago

  ലഹരി തലയ്ക്കുപിടിച്ചു, ബോധം തിരിച്ച് കിട്ടിയപ്പോൾ ആശുപത്രിയിൽ, തപ്പിനോക്കിയപ്പോൾ ഒരു കാലില്ല

 • 4
  13 hours ago

  കുട്ടനാട് തെരഞ്ഞെടുപ്പ് ; സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് എ കെ ശശീന്ദ്രന്‍

 • 5
  14 hours ago

  നെടുമ്പാശേരിയില്‍ ടാക്സി ഡ്രൈവര്‍ മരിച്ച നിലയില്‍

 • 6
  14 hours ago

  നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

 • 7
  14 hours ago

  ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

 • 8
  14 hours ago

  കാറില്‍ കടത്തുകയായിരുന്ന വിദേശ നിര്‍മിത സിഗരറ്റുകള്‍ പിടിച്ചെടുത്തു

 • 9
  14 hours ago

  ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല ബസ് സമരം