Thursday, December 12th, 2019

സൂപ്പര്‍ സണ്‍ഡേ നാളെ

ശ്വാസമടക്കിപ്പിടിച്ച് ക്രിക്കറ്റ് ലോകം

Published On:Jun 15, 2019 | 10:40 am

മാഞ്ചസ്റ്റര്‍: ലോക ക്രിക്കറ്റ് മനസ് ഇനി മാഞ്ചസ്റ്ററിലേക്ക്. മറ്റൊന്നും കൊണ്ടല്ല, നാളെയാണ് ലോക കപ്പിലെ ഏറ്റഴും ശ്രദ്ധേയമായ ഇന്ത്യ-പാക് മത്സരം നടക്കുന്നത്. അതു കൊണ്ട് തന്നെ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആരാധകര്‍ ഓള്‍ഡ് ട്രാഫഡ് മൈതാനം ലക്ഷ്യം വച്ച് യാത്ര തുടങ്ങിക്കഴിഞ്ഞു. ഇന്ത്യക്കാരുടെയും പാക്കിസ്ഥാന്‍കാരുടെയും വലിയ സംഘങ്ങളാണ് പന്ത്രണ്ടാം ലോകകപ്പിലെ ഏറ്റവും വലിയ പോരാട്ടത്തിന് സാക്ഷികളാകാന്‍ ഇന്നും നാളെയുമായി മാഞ്ചസ്റ്ററില്‍ എത്തുക. അവര്‍ക്ക് ഇത് ക്രിക്കറ്റിലെ ഏറ്റവും വലിയ പോരാട്ടമാണ്.
ഒരു പക്ഷേ, ലോകകപ്പ് ഫൈനലിനെക്കാളും ആവേശജനകമായ മത്സരം. കാല്‍ലക്ഷത്തോളം പേരെ മാത്രം ഉള്‍ക്കൊള്ളാന്‍ ശേഷിയേ ഓള്‍ഡ് ട്രാഫഡ് സ്റ്റേഡിയത്തിനുള്ളൂ. ഇനിയും ടിക്കറ്റ് കിട്ടാത്ത ആയിരങ്ങളടക്കം ഒട്ടേറെപ്പേര്‍ സ്റ്റേഡിയത്തിനു പുറത്തുമുണ്ടാകും. ലോകമെങ്ങുമായി 100 കോടിയിലധികം പേര്‍ ഈ മത്സരം ടിവിയില്‍ കാണുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ മഴപ്പേടി ക്രിക്കറ്റ് ആരാധകരെ വിട്ടുമാറുന്നില്ല. കഴിഞ്ഞ ദിവസം ഇന്ത്യ-ന്യൂസീലന്റ് മത്സരം മഴയില്‍ ഒലിച്ചുപോയതോടെ ആരാധകരുടെ ആശങ്ക കൂടിയിട്ടുണ്ട്. മാഞ്ചസ്റ്ററിലെ കാലാവസ്ഥയെക്കുറിച്ചുള്ള ചോദ്യം ഗൂഗിളില്‍ ട്രെന്‍ഡിംഗുമാണ്. മഴമൂലം ഓവറുകള്‍ വെട്ടിച്ചുരുക്കേണ്ടി വരുമെന്നാണ് പ്രവചനമെങ്കിലും കളി നടക്കുമല്ലോ എന്ന ആശ്വാസവും അതിനൊപ്പമുണ്ട്. ചുരുങ്ങിയത് 20 ഓവര്‍ വീതമെങ്കിലും ഇരുടീമുകള്‍ക്കും കളിക്കാന്‍ പറ്റിയാല്‍ മത്സരഫലമുണ്ടാകും. മുഴുനീള ഏകദിനം കാണാന്‍ കഴിഞ്ഞില്ലെങ്കിലും അത്രയുമെങ്കിലുമായല്ലോ എന്ന സമാധാനത്തിലാകും ആരാധകര്‍.
ശിഖര്‍ ധവാന്റെ പരുക്ക് അപ്രതീക്ഷിതമായ തിരിച്ചടിയായെങ്കിലും ആ നടുക്കത്തില്‍നിന്ന് ടീം ഇന്ത്യ മോചിതമായിക്കഴിഞ്ഞു.
പാക്കിസ്ഥാനെതിരെ കൃത്യമായ പദ്ധതികള്‍ ഇന്ത്യക്കുണ്ടെന്നും അതു ഭംഗിയായി ന!ടപ്പാക്കാമെന്ന ആത്മവിശ്വാസത്തിലാണെന്നും ഇന്ത്യന്‍ നായകന്‍ വിരാട് കോലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മധ്യനിരയില്‍ രാഹുലിനു പകരം ആരു കളിക്കുമെന്ന കാര്യം ഇന്ത്യ പുറത്തുവിട്ടിട്ടില്ല. പാക്കിസ്ഥാനെതിരെ ടീം ഘടനയുടെ രഹസ്യ സ്വഭാവം അവസാന നിമിഷം വരെ ഇന്ത്യ സൂക്ഷിച്ചേക്കും. 3 കളികളില്‍ 5 പോയിന്റുള്ള ഇന്ത്യ പട്ടികയിലും പാക്കിസ്ഥാനെക്കാള്‍ മുന്നിലാണ്.
നാലു കളികളില്‍ രണ്ടെണ്ണം തോറ്റുപോയ പാക്കിസ്ഥാന്റെ നില ഒട്ടും ഭദ്രമല്ല. ഒരു തോല്‍വികൂടി താങ്ങാനാകില്ല. ഏകദിന ലോകകപ്പുകളില്‍ ഇന്ത്യക്കെതിരെ ഒരു കാലത്തും രക്ഷപ്പെട്ടിട്ടുമില്ല. പക്ഷേ, സമീപകാല ചരിത്രം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍. ഇംഗ്ലണ്ടില്‍ നടന്ന 2017 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ കീഴടക്കി കിരീടം നേടിയതാണു പാക്ക് ആരാധകരുടെ ഓര്‍മയില്‍. എന്തായാലും നാളെ പച്ചപ്പുല്ലിന് തീ പിടിക്കും എന്നുറപ്പ്.

 

 

LIVE NEWS - ONLINE

 • 1
  33 mins ago

  കൃഷിഭവനുകള്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളായി മാറ്റും: മന്ത്രി

 • 2
  42 mins ago

  മാമാങ്കം കെങ്കേമമാക്കാന്‍ ഭീ്മന്‍ ടാറ്റൂ

 • 3
  1 hour ago

  കടലാസ് നക്ഷത്രങ്ങള്‍ തിരികെ വിപണിയിലേക്ക്

 • 4
  2 hours ago

  വിദേശകറന്‍സിയുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍

 • 5
  2 hours ago

  വയനാട്ടില്‍ തീ പിടിത്തം

 • 6
  2 hours ago

  ലഹോറില്‍ അഭിഭാഷകര്‍ അഴിഞ്ഞാടി; അഞ്ച് രോഗികള്‍ മരിച്ചു

 • 7
  2 hours ago

  ഷെയ്ന്‍ നിഗത്തിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബര്‍

 • 8
  2 hours ago

  ട്വന്റി20 പരമ്പര ഇന്ത്യക്ക്

 • 9
  2 hours ago

  കാറും ബുള്ളറ്റും കൂട്ടിയിടിച്ചു യുവാവിന് ഗുരുതര പരിക്ക്