Thursday, April 2nd, 2020

‘പണത്തിന്റെ ഹുങ്കില്‍ അലംഭാവം കാണിക്കുന്ന എല്ലാവരും അറിയണം ആരോഗ്യപ്രവര്‍ത്തകരും തളര്‍ന്നുകൊണ്ടിരിക്കുകയാണ്;നേരത്തിന് ഭക്ഷണം കഴിക്കാതേയും ഉറങ്ങാതേയും ശരീരം തളരുന്നെന്ന് ഡോ. ഷിംന അസീസ്

ഇത്തരത്തിലുള്ള സാമൂഹ്യവിരുദ്ധര്‍ വായിക്കണം ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനായി ഊണും ഉറക്കവും കുടുംബത്തേയും ഉപേക്ഷിച്ച്‌ ഡ്യൂട്ടി ചെയ്യുന്ന ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടേയും കഷ്ടപ്പാട്

Published On:Mar 21, 2020 | 12:45 pm

കാസർഗോഡ് :കൊറോണ ബാധിച്ചയാൾ  കള്ളം പറയുകയും സഞ്ചരിച്ച സ്ഥലങ്ങളെ കുറിച്ച്‌ വിവരം നല്‍കാതിരിക്കുകയും ചെയ്ത്  വീണ്ടും പൊതുജനത്തെ വഞ്ചിക്കുകയും ചെയ്തുകൊണ്ടിരിക്കുസാഹചര്യത്തിൽ ഇയാൾക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
ഇത്തരത്തിലുള്ള സാമൂഹ്യവിരുദ്ധര്‍ വായിക്കണം ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനായി ഊണും ഉറക്കവും കുടുംബത്തേയും ഉപേക്ഷിച്ച്‌ ഡ്യൂട്ടി ചെയ്യുന്ന ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടേയും കഷ്ടപ്പാട്. കേരളത്തില്‍ ഇതുവരെ 40 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവര്‍ എത്രപേര്‍ക്ക് രോഗം പകര്‍ത്തിയെന്ന് ഇനിയും കൃത്യമായി കണ്ടെത്താനായിട്ടില്ല.

ഐസൊലേഷന്‍ വാര്‍ഡിലേക്ക് കൂട്ടത്തോടെ എത്തുന്നവരെ പരിശോധിക്കാന്‍ തന്നെ ഡ്യൂട്ടി ഡോക്ടര്‍മാര്‍ക്ക് സമയം തികയുന്നില്ലെന്ന് ഡോ. ഷിംന അസീസ് ഫേസ്ബുക്കില്‍ കുറിക്കുന്നു. ജോലി ഭാരം കാരണം സ്വന്തം ആരോഗ്യം പോലും ശരിയായി സംരക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ കുറിപ്പ്. ഇതിനിടയില്‍ കാസര്‍കോട്ടെ പ്രവാസിയെ പോലെ ആയിരവും ആയിരത്തഞ്ഞൂറും പേരുമൊക്കെയായി സമ്ബര്‍ക്കം പുലര്‍ത്തി ജനങ്ങളേയും ആരോഗ്യപ്രവര്‍ത്തകരേയും ആരും വഞ്ചിക്കരുതെന്ന് കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു.

ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ്:

നേരത്തിന് കഴിക്കാതെയും ഉറങ്ങാതെയും ശരീരം തളരുന്നു. നാവിലെ തൊലിയില്‍ പുണ്ണുകള്‍ പൊന്തി തുടങ്ങിയിരിക്കുന്നു. സ്‌ട്രെസ് ആകുമോ കാരണം, അതോ വെള്ളം കുടിക്കാഞ്ഞിട്ട്, ഉറക്കം പോയിട്ട്? അതുമല്ലെങ്കില്‍ വൈറ്റമിന്‍ കുറവ്? നാട്ടില്‍ പടരുന്ന രോഗം സംബന്ധിച്ച വല്ലാത്ത ആശങ്കയും… ആകെ മൊത്തം അടിപൊളി ടൈം.

വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ കൊതിയായിട്ട് ഉമ്മയെ വിളിച്ച്‌ പറഞ്ഞപോള്‍ ഇന്നലെ ഉമ്മച്ചി നെയ്‌ച്ചോറും കറിയും കൊടുത്ത് വിട്ടു. കോവിഡ് സ്‌ക്രീനിങ്ങ് ഓപിയില്‍ കൂടി ഡ്യൂട്ടി ഉള്ളത് കൊണ്ട് മക്കളെ വീട്ടില്‍ പറഞ്ഞ് വിട്ടിട്ട് ഒരാഴ്ചയില്‍ ഏറെയായി. അവര്‍ എന്നെ തൊടാതെ അവധിക്കാലം ആസ്വദിക്കട്ടെ, സന്തോഷമായിരിക്കട്ടെ. കുഞ്ഞുങ്ങളുടെ ഇടയിലുള്ള ഉറക്കം വല്ലാതെ മിസ്സ് ചെയ്യുന്നു… രാക്കഥകളും കുഞ്ഞിച്ചിരികളും…

ഇന്നലെ രാത്രിയിലെ ചാനല്‍ ചര്‍ച്ച കഴിഞ്ഞ് കഴിച്ച്‌ വേഗം കിടക്കാന്ന് വെച്ചപ്പോള്‍ പോസിറ്റീവ് കേസുള്ള രോഗിയുടെ ഒരു കോണ്ടാക്ടിന് ചുമ, തൊണ്ടവേദന എന്ന് പറഞ്ഞ് കോള്‍ വന്നു. അതിന് പിറകെ ഫോണ്‍ ചെയ്ത് കുത്തിയിരുന്നത് വഴി പോയത് മണിക്കൂറുകള്‍. എപ്പോഴോ കുളിച്ച്‌ കഴിച്ചുറങ്ങി. നേരത്തേ ഉണരണം, ഏഴരക്ക് ആശുപത്രിയില്‍ എത്തണം….

മാസ്‌കും ഗൗണും രണ്ട് ഗ്ലൗസും ഷൂ കവറും തലയില്‍ ഹൂഡും എല്ലാമണിഞ്ഞ് ഒരു തരി തൊലി പുറത്ത് കാണിക്കാത്ത രൂപത്തില്‍ ഓപിയിലേക്ക്. പുറത്ത് അപ്പഴേക്കും രോഗികളുണ്ട്. കാത്തിരിക്കുന്നവരുടെ കണ്ണുകള്‍ എന്നെയും ഹൗസ് സര്‍ജനെയും നോക്കുന്നത് വല്ലാത്തൊരു ഭീതിയോടെയാണ്, എന്തോ ഭീകരജീവിയെ കാണുന്നത് പോലെ. ആകെയൊരു മൂകതയുടെ മണം. ശരീരമാകെ പൊതിഞ്ഞതിന്റെ ചൂടും അസ്വസ്ഥതയും വേറെ. ‘പോസിറ്റീവ് കേസുള്ള ആശുപത്രിയല്ലേ, പേടിയില്ലേ ഡോക്ടറേ…?’ എന്ന് ചോദിച്ചവരോടും പറഞ്ഞത് സ്വയം പറഞ്ഞ് ബോധ്യപ്പെടുത്തിയ ആ ഉത്തരമാണ് ‘ജോലിയല്ലേ ചേട്ടാ… ഞങ്ങള്‍ ഞങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുന്നുണ്ട്.’ ആകെ മൂടുന്ന PPEക്കകത്ത് നെടുവീര്‍പ്പയച്ചത് മുന്നിലുള്ള പ്രവാസി കേട്ടില്ല. കേള്‍പ്പിക്കില്ല. അവരുടെ ധൈര്യം നശിച്ചൂടാ…

മുബൈ, പഞ്ചാബ്, ബഹ്‌റൈന്‍, ദുബൈ, ഇന്തൊനേഷ്യ തുടങ്ങി എവിടുന്നൊക്കെയോ ഉള്ളവര്‍. പ്രായമായവര്‍ പോലും ഫ്‌ലൈറ്റ് നമ്ബറും സീറ്റ് നമ്ബറുമെല്ലാം വ്യക്തമായി പറയുന്നുണ്ട്. ആവശ്യം വന്നാല്‍ ഇതെല്ലാം കോണ്ടാക്‌ട് ട്രേസിങ്ങിനുള്ള ഏറ്റവും സഹായകമായ കാര്യങ്ങളാണ്. ആളുകള്‍ വിവരങ്ങള്‍ ഓര്‍ത്ത് വെക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. നല്ല കാര്യം.

ലക്ഷണങ്ങളുള്ളവരെ മാത്രമാണ് പരിശീലനം ലഭിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇങ്ങോട്ട് കടത്തി വിടുന്നത്. വിശദമായ ഹിസ്റ്ററി എടുപ്പും പരിശോധനയും കഴിഞ്ഞാണ് അവരെ വീട്ടില്‍ വിടണോ അഡ്മിറ്റ് ചെയ്യണോ എന്ന കാര്യം പരിഗണിക്കുന്നത്. ഓരോ രോഗിയോടും 1015 മിനിറ്റെടുത്ത് സംസാരിക്കുന്നു. ഈ വസ്ത്രം ധരിച്ചാല്‍ വെള്ളം കുടിക്കാനോ കഴിക്കാനോ മൂത്രമൊഴിക്കാനോ പോലും ഷിഫ്റ്റ് കഴിയണം. ഇതൊന്നും പുതിയ കാര്യങ്ങളല്ല കേട്ടോ. എല്ലായിടത്തും എല്ലാ കാലത്തും പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുമ്ബോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ എടുക്കുന്ന സാധാരണ മുന്‍കരുതലുകളാണിവയെല്ലാം.

ഓപി കഴിഞ്ഞാല്‍ കോണ്ടാക്‌ട് ട്രേസ് ചെയ്തതിന്റെ വിശദാംശങ്ങള്‍ ലാപ്‌ടോപ്പില്‍ ഫീഡ് ചെയ്യണം, ഓരോരുത്തരെയും വിളിക്കുമ്ബോള്‍ അവര്‍ പറയുന്ന നൂറ് ആശങ്കകള്‍ക്ക് മറുപടി പറയണം, #breakthechain ക്യാംപെയിന്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പ്, ഫേസ്ബുക്ക്, മീഡിയ…

കോവിഡ് ഓപിയില്‍ നിന്നും സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടെ നിര്‍ദേശപ്രകാരം ആവശ്യമെങ്കില്‍ ഞങ്ങള്‍ അഡ്മിറ്റ് ചെയ്യുന്ന രോഗികളെ നേരിട്ട് ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം. സഹിക്ക വയ്യാത്ത പ്രഷറിലാണവര്‍. ഇനിയെത്ര നാള്‍ കൂടി ഞങ്ങള്‍ ഈ രീതിയിലോ ഇതിനപ്പുറമോ തുടരേണ്ടി വരുമെന്നറിയില്ല…

തളര്‍ന്ന് തുടങ്ങിയിരിക്കുന്നു…ഇതിനെല്ലാമിടയിലും എങ്ങു നിന്നൊക്കെയോ തെളിയുന്നു, ആയിരവും ആയിരത്തഞ്ഞൂറും പേരെ തൊട്ടും മുട്ടിയും നടന്ന കോവിഡ് കേസുകള്‍… സമ്ബര്‍ക്കവിലക്ക് മറികടന്ന് നാട്ടിലിറങ്ങുന്നവര്‍… ഓപിയില്‍ വന്നിരുന്ന് കരയുന്നവര്‍…ഫോണില്‍ നിറയുന്ന പരാതികള്‍… പരിഭവങ്ങള്‍. ഉള്ളില്‍ നിറയുന്ന ആധി, ഒറ്റപ്പെടല്‍. ആരുടെയൊക്കെയോ അലംഭാവം തകര്‍ക്കുന്നത് ഞങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരുടേത് ഉള്‍പ്പെടെയുള്ളവരുടെ പ്രവര്‍ത്തനശേഷി കൂടിയാണ്. സമൂഹത്തിന്റെ മൊത്തം ആരോഗ്യത്തെയാണ്. ലൊട്ടുലൊടുക്കു വിദ്യകള്‍ കൊണ്ടോ, ഗിമ്മിക്കുകള്‍ കൊണ്ടോ കോവിഡിനെ നേരിടാനാവില്ല. തുടക്കത്തില്‍ അമിതമായി ആത്മവിശ്വാസം കാണിച്ച രാജ്യങ്ങളെല്ലാം ഇപ്പോള്‍ ചക്രശ്വാസം വലിക്കുന്ന കാഴ്ച നമ്മള്‍ കണ്‍മുന്നില്‍ കണ്ടുകൊണ്ടിരിക്കുന്നു.

നമ്മളോരോരുത്തരും യോദ്ധാക്കളായി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങി, ആ മുന്നേറ്റം ദിവസങ്ങളോളം, ആഴ്ചകളോളം നിലനിര്‍ത്താതെ ഈ മഹാമാരിയെ സമൂഹത്തില്‍ നിന്നും തൂത്തുകളയാനാവില്ല.

ചങ്ങലകള്‍ ഭേദിച്ചേ തീരൂ….

LIVE NEWS - ONLINE

 • 1
  22 mins ago

  കൊറോണ: അമേരിക്കയില്‍ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു

 • 2
  56 mins ago

  ലോകത്ത് കൊറോണബാധിതർ 9 ലക്ഷം കടന്നു

 • 3
  21 hours ago

  ന്യൂ​യോ​ർ​ക്കി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

 • 4
  21 hours ago

  സാലറി ചലഞ്ചിന് അംഗീകാരം

 • 5
  22 hours ago

  പൃഥ്വിരാജ് അടക്കമുള്ളവർ ജോർദാനിൽ തന്നെ തുടരണം; കേന്ദ്രമന്ത്രി വി മുരളീധരൻ

 • 6
  22 hours ago

  സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചു;കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും സൗജന്യമായി ഭക്ഷ്യ ധാന്യം

 • 7
  22 hours ago

  പൃഥ്വിരാജും ബ്ലെസിയും ഉള്‍പ്പടെ 58 പേര്‍ ജോര്‍ദാനില്‍ കുടുങ്ങി

 • 8
  22 hours ago

  ഇടത് പ്രവർത്തകർ പ്രതിപക്ഷ നേതാക്കളെ സാമൂഹ‌്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു”: മുഖ്യമന്ത്രിക്ക് എം.കെ മുനീറിന്റെ കത്ത്

 • 9
  22 hours ago

  ‘അച്ഛന്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ പലരും മനപൂര്‍വം അവഗണിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു’; സുരേഷ്‌ഗോപിയുടെ മകൻ ഗോകുൽ