നാലുകിലോമീറ്ററോളം ദൂരം ബസിനെ മറികടക്കാന്‍ അനുവദിക്കാതെ ബൈക്ക് ദേശീയപാതയിലൂടെ തലങ്ങും വിലങ്ങും ഓടിച്ചു
നാലുകിലോമീറ്ററോളം ദൂരം ബസിനെ മറികടക്കാന്‍ അനുവദിക്കാതെ ബൈക്ക് ദേശീയപാതയിലൂടെ തലങ്ങും വിലങ്ങും ഓടിച്ചു
കണ്ണൂര്‍: നാലുകിലോമീറ്ററോളം ദൂരം കെ.എസ്.ആര്.ടി.സി. ബസിന്റെ വഴിമുടക്കിയ ബൈക്കുകാരന് വീട്ടിലെത്തി പിഴയിട്ട് മോട്ടോര്‍വാഹന വകുപ്പ്. സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായ വീഡിയോയാണ് നിയമലംഘനത്തിന് തെളിവായത്. പയ്യന്നൂര്‍ കണ്ടോത്ത് സ്വദേശി പ്രണവാണ് ബസിന്റെ വഴിമുടക്കിയത്. സെപ്റ്റംബര്‍ 26-ന് ഉച്ചയ്ക്ക് 1.30-നാണ് സംഭവം. കണ്ണൂരില്‍നിന്ന് കാസര്‍കോട്ടേക്ക് പോവുകയായിരുന്ന ബസിനു മുന്നിലേക്ക് പെരുബയില് വെച്ചാണ് യുവാവ് ബൈക്കുമായെത്തിയത്. പിന്നീട് നാലുകിലോമീറ്ററോളം ദൂരം ബസിനെ മറികടക്കാന്‍ അനുവദിക്കാതെ ബൈക്ക് ദേശീയപാതയിലൂടെ തലങ്ങും വിലങ്ങും ഓടിച്ചു. യാത്രക്കാരും ബസ് ഡ്രൈവറും പലതവണ വിളിച്ചുപറഞ്ഞിട്ടും യുവാവ് ചെവിക്കൊണ്ടില്ല.
ഇതിനിടയില്‍ യാത്രക്കാരിലൊരാള്‍ ബൈക്കുകാരന്റെ പരാക്രമം വീഡിയോയില്‍ പകര്‍ത്തി. സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഉടനെ മോട്ടോര്‍വാഹന വകുപ്പ് നടപടി തുടങ്ങി. ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറും പരാതി നല്‍കിയതോടെ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ യുവാവിന്റെ വീട്ടിലെത്തി. അപകടകരമായി ബൈക്ക് ഓടിച്ചതിനും മാര്‍ഗതടസ്സമുണ്ടാക്കിയതിനും 10,500 രൂപ പിഴയിട്ടു.