Monday, September 21st, 2020

അര്‍ഹതപ്പെട്ടത് ചോദിച്ചുതന്നെ വാങ്ങണം

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ തന്നെയാണ് തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ തീവണ്ടികള്‍ ചോദിച്ചുവാങ്ങിയത്. മഹാമാരി വ്യാപനത്തിന്റെയും സമ്പര്‍ക്കത്തിന്റെയും പിടിയിലകപ്പെട്ടു കഴിയുകയാണ് കേരളവും. ഇത്തരം പ്രയാസങ്ങള്‍ നിലനില്‍ക്കുമ്പോഴും കേരളം അര്‍ഹതപ്പെട്ടത് ചോദിച്ചു വാങ്ങാത്തതിന് ഒരു ന്യായീകരണവുമില്ല. ഇക്കാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങളെ കണ്ട് പഠിക്കണം. കൊവിഡ് ആശങ്കയുടെ പശ്ചാത്തലത്തിലാണ് കേരളം ഇത്തരമൊരു നിലപാട് സ്വീകരിക്കേണ്ടി വന്നതെങ്കിലും ഇതിനേക്കാള്‍ വ്യാപനമുള്ള സംസ്ഥാനങ്ങള്‍ ചോദിച്ചുവാങ്ങിയില്ലേയെന്ന ചോദ്യവും ന്യായീകരിക്കാവുന്നതാണ്. പ്രത്യേക സാഹചര്യത്തില്‍ രാജ്യത്ത് 86 പ്രത്യേക തീവണ്ടികളാണ് ഓടിത്തുടങ്ങിയത്. അതിലൊന്നു പോലും … Continue reading "അര്‍ഹതപ്പെട്ടത് ചോദിച്ചുതന്നെ വാങ്ങണം"

Published On:Sep 14, 2020 | 3:48 pm

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ തന്നെയാണ് തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ തീവണ്ടികള്‍ ചോദിച്ചുവാങ്ങിയത്. മഹാമാരി വ്യാപനത്തിന്റെയും സമ്പര്‍ക്കത്തിന്റെയും പിടിയിലകപ്പെട്ടു കഴിയുകയാണ് കേരളവും. ഇത്തരം പ്രയാസങ്ങള്‍ നിലനില്‍ക്കുമ്പോഴും കേരളം അര്‍ഹതപ്പെട്ടത് ചോദിച്ചു വാങ്ങാത്തതിന് ഒരു ന്യായീകരണവുമില്ല. ഇക്കാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങളെ കണ്ട് പഠിക്കണം. കൊവിഡ് ആശങ്കയുടെ പശ്ചാത്തലത്തിലാണ് കേരളം ഇത്തരമൊരു നിലപാട് സ്വീകരിക്കേണ്ടി വന്നതെങ്കിലും ഇതിനേക്കാള്‍ വ്യാപനമുള്ള സംസ്ഥാനങ്ങള്‍ ചോദിച്ചുവാങ്ങിയില്ലേയെന്ന ചോദ്യവും ന്യായീകരിക്കാവുന്നതാണ്.
പ്രത്യേക സാഹചര്യത്തില്‍ രാജ്യത്ത് 86 പ്രത്യേക തീവണ്ടികളാണ് ഓടിത്തുടങ്ങിയത്. അതിലൊന്നു പോലും ഉള്‍പ്പെടുത്താന്‍ കേരളത്തിനായില്ല. മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചതും നേരത്തെ സര്‍വീസ് നടത്തിയതുമായ ട്രെയിനുകള്‍ ഓടിത്തുടങ്ങിയതു തന്നെ ഏറെ മുറവിളികള്‍ക്കൊടുവിലാണ്. കൊവിഡിനൊപ്പം ജീവിക്കുക എന്നതിലേക്ക് വിവിധ സംസ്ഥാനങ്ങള്‍ മാറി. അതല്ലാതെ നമ്മുടെ മുന്‍പില്‍ വേറെ വഴികളില്ല. എല്ലാ കാലത്തേക്കുമുള്ള അടച്ചിടല്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയേയുള്ളൂ. ഇക്കാര്യത്തില്‍ മുന്‍ അനുഭവങ്ങള്‍ ഇല്ലാത്തതു കൊണ്ടു തന്നെ നേരത്തെ അടച്ചിട്ടത് സംബന്ധിച്ച് അധികൃതരെ കുറ്റം പറയാനുമാവില്ല. എന്നാല്‍ തുടര്‍ന്നും ഇത്തരത്തിലേക്ക് നീങ്ങാനുള്ള സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളല്ല ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. അതുകൊണ്ട് കൊവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കുക എന്നത് മാത്രമാണ് കരണീയം. ഇതിനിടയിലും നമുക്കര്‍ഹതപ്പെട്ടത് ചോദിച്ചുവാങ്ങാന്‍ മറന്നുപോകരുത്. ഇനിയും തീവണ്ടികള്‍ ഓടിക്കാതിരിക്കുന്നത് ശരിയല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് തോന്നിയതു കൊണ്ടാണ് തീവണ്ടികള്‍ ഓടിക്കാന്‍ തയാറായത്. കേന്ദ്രം ഇങ്ങനെയൊരു തീരുമാനം എടുക്കുമ്പോള്‍ ഒരു കാരണവശാലും കേരളത്തെ തഴഞ്ഞത് ശരിയല്ല. ഇന്ത്യന്‍ റെയില്‍വേക്ക് ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കികൊടുക്കുന്ന സംസ്ഥാനമെന്ന നിലയില്‍ കേരളം ആവശ്യപ്പെട്ടില്ലെങ്കിലും അര്‍ഹതപ്പെട്ടത് നല്‍കാനുള്ള ബാധ്യത റെയില്‍വേ മന്ത്രാലയത്തിനുമുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രം ബാധ്യത നിറവേറ്റാത്തത് അവഗണനയുടെ തുടര്‍ക്കഥ തന്നെയാണ്.
അണ്‍ലോക്കില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് യാത്രക്കാരുടെ സൗകര്യാര്‍ഥം കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തീരുമാനമെടുത്തത്. പ്രത്യേക തീവണ്ടികള്‍ ഓടിക്കാന്‍ തീരുമാനിക്കുന്നതായി കാണിച്ച് കേന്ദ്രം എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചതാണ്. ഇത് സംബന്ധിച്ച് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ മുഴുവന്‍ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തെഴുതിയിരുന്നു. സാഹചര്യം എന്തുതന്നെയായാലും ഈ കത്തിനോട് അനുകൂലമായി പ്രതികരിക്കാന്‍ കേരളത്തിന് സാധിക്കണമായിരുന്നു എങ്കില്‍ ഇന്നത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സാധിക്കുമായിരുന്നു. കേരളം ചോദിച്ചില്ലെന്ന പരാതികള്‍ ഒഴിവാക്കാനും സാധിക്കുമായിരുന്നു.
ട്രെയിനുകളില്‍ പൊതുവെ യാത്രക്കാര്‍ കുറഞ്ഞുവരികയാണെന്നതു യാഥാര്‍ഥ്യമാണ്. ഇത് കേരളത്തിന് മാത്രമായുള്ളതല്ല. പൊതുസ്ഥിതി അതാണ്. അതിനിടയിലും യാത്രക്കാരുടെ സൗകര്യാര്‍ഥമാണ് പ്രത്യേക ട്രെയിനുകള്‍ ഓടുന്നത്. ഒട്ടേറെപ്പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. അതുപോലെ കേരളത്തില്‍ നിന്നും പലര്‍ക്കും ഇന്ത്യയുടെ നാനാഭാഗത്തേക്കും പോകേണ്ടതുണ്ട്. കേരളത്തില്‍ നിന്ന് മടങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികളും മറ്റും തിരിച്ചുവരാനുള്ള തയാറെടുപ്പിലുമാണ്. കൊവിഡ് വ്യാപനം അതിരൂക്ഷമായ സംസ്ഥാനങ്ങളിലെ ഒട്ടേറെപ്പേര്‍ കേരളത്തിലേക്ക് വരേണ്ടതുണ്ട്. എന്നാല്‍ മതിയായ യാത്രാ സൗകര്യവുമില്ല. ഒക്ടോബര്‍ മാസത്തോടെ കേരളത്തില്‍ വ്യാപനം തീവ്രമാകാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അങ്ങനെയെങ്കില്‍ കാര്യങ്ങള്‍ നേരെയായി വരാന്‍ മാസങ്ങള്‍ പിന്നെയുമെടുക്കും. അതുവരെ യാത്രാസൗകര്യങ്ങള്‍ വേണ്ടെന്ന നിലപാടിനോട് യോജിക്കാന്‍ സാധിക്കില്ല. ട്രെയിന്‍ സര്‍വീസുകള്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിനു കീഴിലായതു കൊണ്ടു തന്നെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യാത്രയ്ക്കുള്ള സൗകര്യമൊരുക്കുകയാണ് വേണ്ടത്. യാത്രക്കാര്‍ ഇവിടെയെത്തിക്കഴിഞ്ഞാല്‍ കേരളത്തിലെ ഇപ്പോഴത്തെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അധികൃതര്‍ ശ്രദ്ധിക്കുകയും വേണം. വരുന്നവര്‍ ആരൊക്കെയെന്നും അവരുടെ തൊഴിലിടങ്ങളും മറ്റും എവിടെയാണെന്നും മുന്‍കൂട്ടി മനസിലാക്കി അവര്‍ക്കാവശ്യമായ സംരക്ഷണം നല്‍കുകയും വേണം. അല്ലാതെ യാത്ര സൗകര്യമില്ലാത്ത സ്ഥിതിവിശേഷം ഉണ്ടാകരുത്.
കേരളത്തിന്റെ റെയില്‍വേ വികസനത്തോട് കേന്ദ്രം മുഖം തിരിഞ്ഞുനില്‍ക്കുന്ന പ്രവണതയ്ക്ക് പഴക്കമേറെയുണ്ട്. വര്‍ഷാവര്‍ഷങ്ങളിലുള്ള റെയില്‍വേ ബജറ്റ് കേരളത്തിന് കടുത്ത നിരാശയാണ് സമ്മാനിക്കാറ്. ട്രെയിനുകളുടെ കാര്യത്തിലും കേരളത്തിലെ റെയില്‍വേ വികസനത്തോട് കാട്ടുന്ന അവഗണന ഇനിയെങ്കിലും കേന്ദ്രം അവസാനിപ്പിക്കണം. അതുപോലെ നമുക്ക് ലഭിക്കേണ്ടത് യഥാസമയം ചോദിച്ചുവാങ്ങുകയും വേണം.

 

LIVE NEWS - ONLINE

  • 1
    53 mins ago

    സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

  • 2
    2 hours ago

    ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

  • 3
    2 hours ago

    രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

  • 4
    2 hours ago

    കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

  • 5
    2 hours ago

    തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

  • 6
    2 hours ago

    ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

  • 7
    3 hours ago

    സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

  • 8
    3 hours ago

    സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

  • 9
    3 hours ago

    രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍