Monday, September 21st, 2020

അന്വേഷണം അനിവാര്യം; കണ്ണടച്ചിട്ട് കാര്യമില്ല

അഴിമതിയും കോഴയും കേരളത്തിന് പുത്തരിയല്ലെങ്കിലും ഈയടുത്ത കാലത്തായി ഉയര്‍ന്നു വന്ന ലൈഫ് കോഴ വിവാദം അത്ര നിസാരമായി തള്ളിക്കളയാവുന്ന ഒന്നല്ല. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നാലേകാല്‍ കോടിയുടെ ഇടപാടാണ് നടന്നതെന്ന വെളിപ്പെടുത്തല്‍ കേരളത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടതാണ്. അതിന്റെ അനുരണനങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. എന്നിട്ടും ഇതിന്മേല്‍ അന്വേഷണം നടത്താനുള്ള ഒരു നടപടിയും നീക്കിയില്ലെന്നു മാത്രമല്ല ഇപ്പോഴതിനെക്കുറിച്ച് ഒച്ചപ്പാടുകളോ ബഹളങ്ങളോ ഇല്ല. അന്വേഷണം പ്രഖ്യാപിക്കേണ്ടവര്‍ ഇതില്‍ നിന്ന് ഒഴിഞ്ഞുമാറുകയോ നിസ്സംഗഭാവം നടിക്കുകയോ ചെയ്യുന്നത് ജനാധിപത്യ സംവിധാനത്തിന് ഒട്ടും … Continue reading "അന്വേഷണം അനിവാര്യം; കണ്ണടച്ചിട്ട് കാര്യമില്ല"

Published On:Sep 10, 2020 | 1:31 pm

അഴിമതിയും കോഴയും കേരളത്തിന് പുത്തരിയല്ലെങ്കിലും ഈയടുത്ത കാലത്തായി ഉയര്‍ന്നു വന്ന ലൈഫ് കോഴ വിവാദം അത്ര നിസാരമായി തള്ളിക്കളയാവുന്ന ഒന്നല്ല. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നാലേകാല്‍ കോടിയുടെ ഇടപാടാണ് നടന്നതെന്ന വെളിപ്പെടുത്തല്‍ കേരളത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടതാണ്. അതിന്റെ അനുരണനങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. എന്നിട്ടും ഇതിന്മേല്‍ അന്വേഷണം നടത്താനുള്ള ഒരു നടപടിയും നീക്കിയില്ലെന്നു മാത്രമല്ല ഇപ്പോഴതിനെക്കുറിച്ച് ഒച്ചപ്പാടുകളോ ബഹളങ്ങളോ ഇല്ല. അന്വേഷണം പ്രഖ്യാപിക്കേണ്ടവര്‍ ഇതില്‍ നിന്ന് ഒഴിഞ്ഞുമാറുകയോ നിസ്സംഗഭാവം നടിക്കുകയോ ചെയ്യുന്നത് ജനാധിപത്യ സംവിധാനത്തിന് ഒട്ടും ചേര്‍ന്നതല്ലെന്നു മാത്രമല്ല ഒരു തരത്തില്‍ ഒളിച്ചോടല്‍ കൂടിയാണ്.
യു എ ഇ ഭരണാധികാരി അധ്യക്ഷനായ എമിറേറ്റ്‌സ് റഡ്ക്രസന്റിന് നല്‍കിയ ഇരുപത് കോടിയില്‍ നാലേകാല്‍ കോടിയാണ് ഈ ഇടപാടിയില്‍ മറിഞ്ഞത്. ലൈഫ് മിഷനുമായി ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ മറവിലാണ് ഇത്രയും കോടി മറിഞ്ഞതെന്നത് സുവ്യക്തവുമാണ്. അതുകൊണ്ടു തന്നെ അന്വേഷണം പ്രഖ്യാപിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. റെഡ് ക്രസന്റ് നല്‍കിയ 3.2 കോടിയുടെ ആദ്യഘടു അപ്പാടെ അടിച്ചുമാറ്റിയെന്ന് എന്‍ഫോഴ്‌സ്‌മെന്റാണ് കണ്ടെത്തിയത്. അതേസമയം റെഡ്ക്രസന്റുമായുള്ള ഇടപാടില്‍ തങ്ങള്‍ കക്ഷിയല്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കോഴയാരോപണത്തിന് മറുപടി നല്‍കേണ്ടത് കോണ്‍സുലേറ്റാണെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ഇതിന്മേല്‍ അന്വേഷണം നടത്താനുള്ള ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുമാവില്ല. ഇടപാടുകളുടെ ഫയല്‍ നീക്കങ്ങളടക്കം സര്‍ക്കാരിന് അന്വേഷിക്കാം.
ഇത്രനാളായിട്ടും ലൈഫ് കോഴ ഇടപാടിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കാത്തതിന്റെ യുക്തിയില്ലായ്മയെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കണം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചില നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ദുരൂഹ ഇടപാടിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയത്.
ഭൂമിയും വീടുമില്ലാത്ത നിര്‍ധനര്‍ക്ക് വീടു വച്ച് കൊടുക്കുന്ന ലൈഫ് മിഷന്‍ പദ്ധതി കേരളത്തില്‍ പൊതുവെ ശ്ലാഖിക്കപ്പെട്ടതാണ്. ഒട്ടേറെപേര്‍ക്ക് ഇതിനകം വീട് നല്‍കിക്കഴിഞ്ഞു. പലതും നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. അര്‍ഹരെ കണ്ടെത്തി അവര്‍ക്കും വീട് നല്‍കാനുള്ള തയാറെടുപ്പിലുമാണ് സംസ്ഥാന സര്‍ക്കാര്‍. അതിനിടയിലാണ് ലൈഫില്‍ ഒട്ടേറെ വിവാദങ്ങള്‍ ഒന്നൊന്നായി കടന്നുവന്നത്. ലൈഫ് കോഴ വിവാദം കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ ഉയര്‍ത്തിവിട്ട കൊടുങ്കാറ്റിന്റെ അലയടികള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. സ്വര്‍ണക്കടത്തിന്റെ അണിയറ ശില്‍പികളിലേക്ക് കൂടി നീണ്ടതായിരുന്നു ഈ വിവാദം. ഇത്രയേറെ മാനങ്ങളുണ്ടായിട്ടും സമഗ്രമായ അന്വേഷണം നടത്തി ഇതിന്റെ നിജസ്ഥിതി പൊതുജനത്തിന് മനസ്സിലാക്കി കൊടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകാത്തതിന് യാതൊരു നീതീകരണവുമില്ല.
സമീപകാലത്തായി ഒട്ടേറെ വിവാദങ്ങളാണ് കേരളത്തെ പിടിച്ചുലച്ചത്. സ്വര്‍ണകള്ളക്കടത്ത് ഒരുഭാഗത്ത്, മയക്കുമരുന്ന് ഇടപാട്, ലൈഫ് കോഴ വിവാദം അങ്ങനെ ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന ഘട്ടത്തിലും ന്യായീകരണങ്ങള്‍ നിരത്തി അന്തരീക്ഷത്തില്‍ പുകമറ സൃഷ്ടിക്കുന്ന പതിവ് തുടരുന്നത് അംഗീകരിക്കാനാവാത്തതാണ്. ഉയര്‍ന്നു വന്ന പ്രശ്‌നങ്ങളില്‍ വസ്തുത എത്രത്തോളം, അതിന്റെ കുറ്റക്കാര്‍ ആരൊക്കെ, ഇടപാടു കൊണ്ട് സര്‍ക്കാരിനുണ്ടായ നഷ്ടങ്ങള്‍ തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം പ്രാധാന്യമുണ്ട്. അപ്പോള്‍ ഈ ഭാഗത്തേക്ക് ചിന്തകള്‍ നീങ്ങാതെ ആരോപണങ്ങളെ ഒറ്റയടിക്ക് നിരാകരിക്കുകയോ നിഷേധിക്കുകയോ അല്ല വേണ്ടത്. വസ്തുനിഷ്ഠമായ വിലയിരുത്തലുകളാണ് ഓരോ വിഷയത്തിലും അത്യന്താപേക്ഷിതം.
ലൈഫ് മിഷനും റെഡ് ക്രസന്റുമായി ധാരണാപത്രമുണ്ടാക്കിയത് ഇരുപത് കോടിയുടെ വിദേശ സഹായം രാജ്യത്ത് എത്തിക്കാന്‍ മാത്രമായിരുന്നെന്ന എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയത് അതീവ പ്രാധാന്യമേറിയതാണ്. അതുകൊണ്ടു തന്നെ സമഗ്രാന്വേഷണമാണ് ഇക്കാര്യത്തില്‍ കരണീയം. എങ്കില്‍ മാത്രമേ വസ്തുതകള്‍ പുറത്തുവരികയുള്ളൂ. ഇത്തരം കാര്യങ്ങളില്‍ ആരെയും സംരക്ഷിക്കില്ലെന്ന നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പൊതുസമൂഹത്തിന് വിശ്വാസത്തിലെടുക്കാവുന്ന നിലയാണ് സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്. അതൊന്നുമില്ലാതെ ആരോപണം ഉയര്‍ന്നുവന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു തരത്തിലുള്ള അന്വേഷണത്തിനും മുതിരാത്തത് ആശങ്കകള്‍ ജനിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
കേരളം ഒരിക്കലും ആഗ്രഹിക്കാത്ത ചിലതിലൂടെയാണ് നാട് കടന്നുപോകുന്നത്. ഏതുവിധേനയും പണമുണ്ടാക്കാനുള്ള വ്യഗ്രതയും ത്വരയും വര്‍ധിച്ചുവരികയാണ്. ഉന്നത ബന്ധങ്ങളും സ്വാധീനങ്ങളുമാണ് ഇതിന് മറയാക്കുന്നത്. ഭരണവര്‍ഗം ഇതു കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുകയാണെങ്കില്‍ എങ്ങനെയാണ് ജനാധിപത്യം പുലരുക.

LIVE NEWS - ONLINE

 • 1
  49 mins ago

  സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

 • 2
  2 hours ago

  ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

 • 3
  2 hours ago

  രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

 • 4
  2 hours ago

  കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

 • 5
  2 hours ago

  തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

 • 6
  2 hours ago

  ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

 • 7
  3 hours ago

  സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

 • 8
  3 hours ago

  സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

 • 9
  3 hours ago

  രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍