Saturday, September 22nd, 2018

ഇന്ന് ലോക ഗജദിനം ഓലയമ്പാടി മണികണ്ഠന് കൂട്ടായി ആനപ്രേമികളുടെ രാമചന്ദ്രന്‍

രാമചന്ദ്രന് ചെറുപ്പം മുതല്‍ അത്ര പ്രണയമായിരുന്നു ആനകളോട്. പിന്നീട് ഇങ്ങോട്ട് ആനയെ വിട്ട് ഒരു ജീവിതം ഉണ്ടായിട്ടില്ല

Published On:Aug 12, 2017 | 11:58 am

 

അനുമോള്‍ ജോയി
കണ്ണൂര്‍: ഇന്ന് ലോക ഗജദിനം. മലയാളത്തിന്റെ പ്രൗഢിയാണ് എന്നും ഗജവീരന്‍മാര്‍. നെറ്റിപ്പട്ടത്തിന്റെ സ്വര്‍ണ മസ്തകവുമേന്തി തലയാട്ടി വരുന്ന ഗജവീരന്‍മാരെ നോക്കി നില്‍ക്കാത്തവരായി ആരുമുണ്ടാവില്ല. ഉത്സവ പറമ്പുകളില്‍ ചിലര്‍ കണ്ണടക്കാതെ കാവലിരിക്കും, കൊമ്പുകുലുക്കി ചിന്നംവിളിച്ചു വരുന്ന ഗജവീരന്മാരെ കാണാനായി. എന്നാല്‍, ചിലര്‍ക്കാകട്ടെ പ്രിയം തോട്ടിയുമേന്തി ആനകളെ നയിക്കാനാണ്. അത്തരത്തിലൊരു ആനപ്രേമിയാണ് കണ്ണൂര്‍ കാളീശ്വരം സ്വദേശി രാമചന്ദ്രന്‍. ജില്ലയില്‍ നിലവിലുള്ള പാപ്പാന്മാരില്‍ മുതിര്‍ന്ന അംഗം. മുപ്പത്തിയഞ്ച് വര്‍ഷം മുമ്പ് സ്വന്തം പിതാവിനൊപ്പം നീലേശ്വരം തമ്പുരാന്റെ ഉടമസ്ഥതയിലുള്ള നീലകണ്ഠന്റെ കൊമ്പു പിടിച്ച് ഇറങ്ങിയതാണ്.
രാമചന്ദ്രന് ചെറുപ്പം മുതല്‍ അത്ര പ്രണയമായിരുന്നു ആനകളോട്. പിന്നീട് ഇങ്ങോട്ട് ആനയെ വിട്ട് ഒരു ജീവിതം ഉണ്ടായിട്ടില്ല. സ്വന്തമായി ഒരു ആനയെ വാങ്ങണമെന്ന് വലിയ ആഗ്രഹമായിരുന്നു. കടം വാങ്ങിയും ലോണെടുത്തും രണ്ട് ആനകളെ സ്വന്തമാക്കി. നിര്‍മലും പരമേശ്വരനും. ആനകളോടുള്ള കമ്പം എളുപ്പത്തില്‍ ആനകളെ മെരുക്കാന്‍ രാമചന്ദ്രനെ സഹായിച്ചു. കഴിഞ്ഞ പതിനാലു വര്‍ഷമായി കണ്ണൂര്‍ മാതമംഗലത്തിനടുത്ത ഓലയമ്പാടി പി വി ഹരിദാസന്റെ മണികണ്ഠന്‍ എന്ന ആനയുടെ പാപ്പാനായി പ്രവര്‍ത്തിക്കുകയാണ് രാമചന്ദ്രന്‍.
എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ ആനയോടൊന്ന് ചേര്‍ന്നു നിന്നാല്‍ എല്ലാം മറക്കുമെന്ന് രാമചന്ദ്രന്റെ സാക്ഷ്യപത്രം. ജില്ലയിലെ ക്ഷേത്രങ്ങളിലെല്ലാം ആനയുമായി ഞാനെത്താറുണ്ടെന്ന് രാമചന്ദ്രന്‍ പറയുന്നു. കുട്ടികളുടെ ആര്‍പ്പുവിളികള്‍ പലപ്പോഴും ആവേശം നല്‍കിയിട്ടുണ്ട്. മുമ്പ് തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിലുണ്ടായ ദുരന്തം ഇന്നും രാമചന്ദ്രന്റെ ഓര്‍മയില്‍ നിന്ന് മാഞ്ഞിട്ടില്ല. എഴുന്നള്ളിപ്പ് കഴിഞ്ഞ് പുറത്തിറങ്ങവെ ചുമലിനടുത്ത് ആന കുത്തി. രണ്ടു വര്‍ഷം കിടന്നു. മുതലാളിമാര്‍ ചിലവുകള്‍ നടത്തി. എന്നാലും ആനയില്ലാത്ത രണ്ടു വര്‍ഷം സങ്കടം തന്നെയായിരുന്നെന്ന് രാമചന്ദ്രന്‍ പറഞ്ഞു. ആനപരിപാലനം എന്നത് വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. ചികിത്സ, മദപ്പാട് നിരീക്ഷിക്കല്‍, ആഹാരം നല്‍കല്‍ തുടങ്ങിയ വലിയ കടമ്പകളുണ്ട് ആനകളെ നല്ല രീതിയില്‍ വളര്‍ത്തിയെടുക്കാന്‍. ഒരു ദിവസം ഇരുപത് നല്ല പനമ്പട്ടയും പതിനാല് കിലോ അരിയുടെ ചോറും കണ്ണു തെറ്റാതെയുള്ള പരിചരണവും വേണമെന്ന് രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. രാമചന്ദ്രന് കൂട്ടായി രണ്ടു പേരുണ്ട്. രാഹുലും അഭിജിത്തും. പലപ്പോഴും കുടുംബത്തെ പോലും മാറ്റിനിര്‍ത്തിയാണ് ആന പരിചരണത്തിന് ഇറങ്ങുന്നത്. ഭാര്യ ഭാര്‍ഗവിയും മക്കളായ സൗമ്യ, രമ്യ എന്നിവരും പേരക്കുട്ടികളും അടങ്ങുന്നതാണ് രാമചന്ദ്രന്റെ കുടുംബം. ലോക ഗജദിനത്തില്‍ ആനപ്രേമികളുടെ കണ്ണാടിയായി മാറുകയാണ് മണികണ്ഠന്റെ സ്വന്തം രാമചന്ദ്രന്‍.

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 2
    2 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 3
    2 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 4
    4 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 5
    4 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 6
    4 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 7
    5 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 8
    5 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി

  • 9
    5 hours ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി