Wednesday, January 16th, 2019

ലോക കിരീടം ഫ്രഞ്ച് കൈകളില്‍

ക്രൊയേഷ്യയെ തോല്‍പ്പിച്ചത് രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക്.

Published On:Jul 15, 2018 | 11:58 pm

മോസ്‌ക്കോ:   നിലക്കാതെ പെയ്ത ഗോള്‍ മഴക്ക് ഒടുവില്‍ ലോകകീരിടത്തില്‍ മുത്തമിട്ട് ഫ്രാന്‍സ്. കലാശപ്പോരാട്ടത്തില്‍ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളിന് തകര്‍ത്താണ് ഫ്രാന്‍സ് ഇരുപത് വര്‍ഷത്തിന് ശേഷം തങ്ങളുടെ രണ്ടാം സുവര്‍ണകിരീടത്തില്‍ മുത്തമിട്ടത്. ആന്റോയ്ന്‍ ഗ്രീസ്മാന്‍, പോള്‍ പോഗ്ബ, കൈലിയന്‍ എംബാപെ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ മരിയോ മന്‍സൂക്കിച്ചിന്റെ ഒരു സെല്‍ഫ് ഗോളും ഫ്രഞ്ച് വിജയത്തിന് മൊഞ്ചേകി. ഇവാന്‍ പെരിസിച്ച്, മരിയോ മന്‍സൂക്കിച്ച് എന്നിവരുടെ വകയായിരുന്നു ക്രൊയേഷ്യയുടെ ഗോളുകള്‍. ഫൈനലില്‍ ഫ്രാന്‍സിന് മുന്നില്‍ മുട്ടുമടക്കിയെങ്കിലും ലോകഫുട്‌ബോള്‍ പ്രേമികളുടെ മനം കവര്‍ന്നാണ് ക്രൊയേഷ്യ റഷ്യയില്‍ നിന്നും മടങ്ങുന്നത്.
തുടക്കത്തിലെ ഫ്രാന്‍സ് ബോക്‌സിലേക്ക് ആക്രമണം നടത്തുന്ന ക്രൊയേഷ്യന്‍ നിരയെ ആണ് കളിക്കളക്കത്തില്‍ കണ്ടത്. ആദ്യ പതിനഞ്ച് മിനിറ്റില്‍ ക്രൊയേഷ്യ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തുന്ന കാഴ്ചയായിരുന്നു. എന്നാല്‍ എതിരാളികളെ ബഹുമാനിച്ച് തിരിച്ചടിക്കുന്ന ഫ്രാന്‍സിനെയാണ് പിന്നീട് കളിക്കളത്തില്‍ കണ്ടത്. ആദ്യ പതിനഞ്ച് മിനിറ്റില്‍ കണ്ട് ഫ്രാന്‍സായിരുന്നില്ല പിന്നീട്. പതിനെട്ടാം മിനിറ്റില്‍ മന്‍സൂക്കിച്ചിന്റെ സെല്‍ഫ് ഗോളിലൂടെയാണ് ഫ്രാന്‍സ് ഗോള്‍ വേട്ടക്ക് തുടക്കം കുറിച്ചത്. ബോക്‌സിന് തൊട്ട് പുറത്ത് നിന്നും ആന്റോയിന്‍ ഗ്രീസ്മാന്‍ എടുത്ത മനോഹരമായ ഫ്രീകിക്ക് മന്‍സൂക്കിച്ചിന്റെ തലയില്‍ തട്ടി ക്രൊയേഷ്യന്‍ വലയില്‍ എത്തുകയായിരുന്നു. ഗ്രീസ്മാനെ ബ്രോസോവിച്ച് വീഴ്ത്തിയതിനായിരുന്നു ഫ്രാന്‍സിന് അനുകൂലമായ ഫ്രീകിക്ക് റഫറി വിധിച്ചത്.
എന്നാല്‍ അധികം വൈകാതെ ഒരു ഗോള്‍ തിരിച്ചടിച്ച് ഈ ലോകകപ്പിലെ ജൈത്രയാത്ര ക്രൊയേഷ്യ തുടരുകയാണോ എന്ന് തോന്നിപ്പിച്ചു. 28-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ച് നേടിയ മിന്നല്‍ ഗോളിലൂടെയാണ് ക്രൊയേഷ്യ ഒപ്പത്തിനൊപ്പം എത്തിയത്. മഗോജ് വിദയില്‍ നിന്ന് ലഭിച്ച പന്തിനെ വഴക്കിയെടുത്ത് ഇവാന്‍ പെരിസിച്ചിന്റെ സുന്ദരന്‍ വോളി ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിനെ കബളിപ്പിച്ച് വലയില്‍ എത്തിക്കുകയായിരുന്നു. സ്‌കോര്‍ ഒപ്പത്തിനൊപ്പം എത്തിയതോടെ ആക്രമിച്ച് കളിക്കാന്‍ ഫ്രാന്‍സ് നിര്‍ബന്ധിതരായി.
ക്രൊയേഷ്യയുടെ ആഹ്ലാദം അധികം നീട്ടാതെ തന്നെ ലീഡ് നേടി മത്സരത്തിലേക്ക് തിരിച്ചു വരാന്‍ ഫ്രാന്‍സിനായി. 38-ാം മിനിറ്റില്‍ ആന്റോയിന്‍ ഗ്രീസ്മാന്‍ പെനാല്‍റ്റിയിലൂടെയാണ് ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ നേടിയത്. ഫ്രാന്‍സിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ തടയാനുള്ള ശ്രമത്തില്‍ പെരിസിച്ച് പന്ത് കൈകൊണ്ട് തടഞ്ഞതായി റഫറി വി.എ.ആറിന്റെ സഹായത്തോടെ വിധിച്ചതോടെയാണ് ക്രൊയേഷ്യക്ക് പാരയായി പെനാല്‍റ്റി ഗോള്‍ പിറന്നത്. ഗ്രീസ്മാന്റെ ഈ ലോകകപ്പിലെ നാലാം ഗോള്‍ കൂടിയായിന്നു ഇത്. ആദ്യ പകുതിയില്‍ സമനില ഗോളിനായി ക്രോട്ടുകള്‍് കിണഞ്ഞു ശ്രമിച്ചെങ്കിലും ഫ്രാന്‍സിന്റെ പ്രതിരോധ നിരയുടെ വന്‍മതിലില്‍ തട്ടി ഗോള്‍ അകലുകയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിലും ആക്രമിച്ച് കളിക്കുന്ന ക്രൊയേഷ്യന്‍ നിരയായിരുന്നു മൈതാനത്ത്. നിരന്തരം ആക്രമണങ്ങളിലൂടെ ഫ്രഞ്ച് പടയുടെ ബോക്‌സിനുള്ളില്‍ നിരന്തരം ഭീഷണിയുയര്‍ത്താന്‍ ക്രൊയേഷ്യക്കായി. എന്നാല്‍ പതിയിരുന്ന് ആക്രമിക്കുന്ന ഫ്രഞ്ച് ശൈലി തന്നെയാണ് പിന്നീട് അങ്ങോട്ടും കണ്ടത്. സമനില ഗോളിനായി ക്രൊയേഷ്യ ശ്രമിക്കുന്നതിനിടെ 59-ാം മിനിറ്റില്‍ കളിക്കളത്തില്‍ കളി മെനയുന്ന പോഗ്ബയുടെ മിന്നല്‍ ഗോളിലൂടെ ഫ്രാന്‍സ് വീണ്ടും ലീഡ് വര്‍ധിപ്പിച്ചു. ഗ്രീസ്മന്റെ പാസില്‍ പോഗ്ബയുടെ ആദ്യഷോട്ട് ഡിഫന്‍ഡറുടെ ദേഹത്തു തട്ടി തെറിച്ചെങ്കിലും റീബൗണ്ടില്‍ പോഗ്ബയുടെ ഇടംകാലന്‍ മിന്നും ഷോട്ട് സുബാസിച്ചിന്റെ പ്രതിരോധം തകര്‍ത്ത് വലയിലേക്ക് എത്തുകയായിരുന്നു.
മൂന്നാം ഗോളിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പേ ക്രൊയേഷ്യയെ ആകെ നിരാശയിലാക്കി എംബാപെയിലൂടെ ഫ്രാന്‍സ് നാലാം ഗോള്‍ ക്രൊയേഷ്യയുടെ വലയിലെത്തിച്ചു. ലൂക്കാസ് ഹെര്‍ണാണ്ടസിന്റെ തകര്‍പ്പന്‍ മുന്നേറ്റത്തിനൊടുവില്‍ പന്ത് കിലിയന്‍ എംബപെയിലേക്ക്. മികച്ച ഒരു ഷോട്ടിലൂടെ പന്ത് ഗോള്‍ കീപ്പര്‍ സുബാസിച്ചിന് ഒരവസരവും നല്‍കാതെ എംബാപെ വലയില്‍ എത്തിക്കുന്നു. അതോടെ റഷ്യന്‍ ലോക കപ്പിലെ ക്രൊയേഷ്യയുടെ കിരീട മോഹത്തിന് അവസാനത്തെ ആണിയും അടിക്കുകയായിരുന്നു.

LIVE NEWS - ONLINE

 • 1
  9 hours ago

  നര്‍മ്മദാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറുപേര്‍ മരിച്ചു

 • 2
  11 hours ago

  ശബരിമല; വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രം: നരേന്ദ്രമോദി

 • 3
  12 hours ago

  കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

 • 4
  15 hours ago

  അഡ്‌ലെയ്ഡില്‍ ഇന്ത്യ

 • 5
  15 hours ago

  പ്രധാനമന്ത്രി കേരളത്തിലെത്തി

 • 6
  15 hours ago

  കര്‍ണാടക; രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു

 • 7
  19 hours ago

  നമിക്കുന്നു ഈ പ്രതിഭയെ

 • 8
  20 hours ago

  ശബരിമല ഹര്‍ജികള്‍ 22ന് പരിഗണിക്കില്ല

 • 9
  20 hours ago

  മകരവിളക്ക് ദര്‍ശനം; കെ സുരേന്ദ്രന്റെ ഹരജി തള്ളി