Wednesday, September 26th, 2018

നിലപാട് കര്‍ക്കശമാക്കി ഇടതുമുന്നണി; ജനസമ്പര്‍ക്കത്തിലൂടെ നേരിടാന്‍ മുഖ്യമന്ത്രി

  സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാമെന്ന് സര്‍ക്കാര്‍ തത്വത്തില്‍ സമ്മതിച്ച ഉടന്‍ ഉപരോധസമരം സമരം പിന്‍വലിച്ച് പുലിവാലു പിടിച്ച ഇടതുമുന്നണി മുഖ്യമന്ത്രിയുടെ രാജിക്കുവേണ്ടി നിലപാട് കര്‍ക്കശമാക്കുന്നു. എന്നാല്‍, എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയിലൂടെ ഇതിനെ നേരിടാനാണ് മുഖ്യമന്ത്രിയുടെ നീക്കം. മുഖ്യമന്ത്രിയുടെ രാജിയെന്ന ഒറ്റത്തീരുമാനത്തില്‍ ഉറച്ച് ആരംഭിച്ച സമരം ആ ആവശ്യത്തിലേക്കെത്താതെ പിന്‍വലിച്ചതില്‍ ഇടത് അണികള്‍ക്കിടയില്‍ അമര്‍ഷം ശക്തമാണ്. പാര്‍ട്ടി ചില ഒത്തുതീര്‍പ്പുകള്‍ക്ക് വിധേയമായെന്ന പ്രചരണം ശക്തിപ്പെടുക കൂടി ചെയ്തതോടെ സമരത്തില്‍നിന്നു പിന്‍മാറാനുള്ള … Continue reading "നിലപാട് കര്‍ക്കശമാക്കി ഇടതുമുന്നണി; ജനസമ്പര്‍ക്കത്തിലൂടെ നേരിടാന്‍ മുഖ്യമന്ത്രി"

Published On:Aug 17, 2013 | 1:02 pm

oommen chandy

 

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാമെന്ന് സര്‍ക്കാര്‍ തത്വത്തില്‍ സമ്മതിച്ച ഉടന്‍ ഉപരോധസമരം സമരം പിന്‍വലിച്ച് പുലിവാലു പിടിച്ച ഇടതുമുന്നണി മുഖ്യമന്ത്രിയുടെ രാജിക്കുവേണ്ടി നിലപാട് കര്‍ക്കശമാക്കുന്നു. എന്നാല്‍, എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയിലൂടെ ഇതിനെ നേരിടാനാണ് മുഖ്യമന്ത്രിയുടെ നീക്കം.

മുഖ്യമന്ത്രിയുടെ രാജിയെന്ന ഒറ്റത്തീരുമാനത്തില്‍ ഉറച്ച് ആരംഭിച്ച സമരം ആ ആവശ്യത്തിലേക്കെത്താതെ പിന്‍വലിച്ചതില്‍ ഇടത് അണികള്‍ക്കിടയില്‍ അമര്‍ഷം ശക്തമാണ്. പാര്‍ട്ടി ചില ഒത്തുതീര്‍പ്പുകള്‍ക്ക് വിധേയമായെന്ന പ്രചരണം ശക്തിപ്പെടുക കൂടി ചെയ്തതോടെ സമരത്തില്‍നിന്നു പിന്‍മാറാനുള്ള സാഹചര്യം വിശദീകരിക്കാന്‍ സി.പി.എം നിര്‍ബന്ധിതമായിരിക്കുകയാണ്. ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടപ്പോഴും അതിന്റെ പരിഗണനാ വിഷയങ്ങള്‍ കൂടി പ്രഖ്യാപിക്കാതെ സമരം പിന്‍വലിച്ചതിലാണ് പലര്‍ക്കും അമര്‍ഷമുള്ളത്. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ മുന്‍കൂട്ടിയുള്ള പ്രസ്താവന സമരക്കാരെ അപമാനിക്കുന്നതിനു തുല്യമായിട്ടാണ് പ്രവര്‍ത്തകര്‍ കണക്കുകൂട്ടുന്നത്.
ഈ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള ഉപരോധവും ബഹിഷ്‌കരണവും ശക്തമാക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികള്‍ ബഹിഷ്‌കരിക്കുന്നതിനൊപ്പം കരിങ്കൊടി കാണിക്കല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങളും തുടരാനാണ് പാര്‍ട്ടി തീരുമാനം. ഇത് എത്രമാത്രം ശക്തമാക്കാനാകുമെന്നാണ് ഇടുമുന്നണി ആലോചിക്കുന്നത്.
എന്നാല്‍ ഇടതുമുന്നണിയുടെ പ്രതിരോധങ്ങളെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ നേരിടാനാണ് മുഖ്യമന്ത്രിയുടെ നീക്കം. ജനസമ്പര്‍ക്കമല്ല, എന്തു സംസര്‍ഗമായാലും നടത്താനനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതെത്രമാത്രം സാധ്യമാകുമെന്ന് കണ്ടറിയണം. സെക്രട്ടേറിയറ്റ് ഉപരോധത്തിനായി ഒരു ലക്ഷത്തോളം അണികളെ തലസ്ഥാനത്ത് എത്തിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് മുന്നണി സംവിധാനത്തെ സുസജ്ജമാക്കുകയാണ് ഇടതുപക്ഷം ചെയ്തതെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ ഒറ്റയ്ക്ക് ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ച് വേറേ കുറേ ലക്ഷം പേരെ തനിക്ക് അനുകൂലമായ തരംഗമുണ്ടാക്കാന്‍ സജ്ജമാക്കാമെന്നാണ് ഉമ്മന്‍ചാണ്ടി കരുതുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വരും മുമ്പുതന്നെ ജനസമ്പര്‍ക്ക പരിപാടികള്‍ എല്ലാ ജില്ലകളിലും പൂര്‍ത്തിയാക്കാനാണ് നീക്കം. തിരുവനന്തപുരത്തേയും മലപ്പുറത്തേയും പരിപാടികള്‍ മാറ്റിവച്ചുവെങ്കിലും സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനം നടത്തിക്കഴിഞ്ഞാലുടന്‍ ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമിടും. ഇതിനുള്ള സജ്ജീകരണങ്ങളൊക്കെ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
ഉമ്മന്‍ചാണ്ടിയുടേതു മാത്രമായ ജനസമ്പര്‍ക്ക പരിപാടിയെ എതിര്‍ക്കാന്‍ ഏതെങ്കിലും പാര്‍ട്ടിക്കോ മുന്നണിക്കോ ഉള്ളിലുള്ളവര്‍ക്കു സാധിക്കില്ലെന്ന് അദ്ദേഹത്തിനറിയാം. ഇക്കാര്യത്തിലുള്ള പ്രതിപക്ഷത്തിന്റെ വിമര്‍ശനവും പലപ്പോഴും വിലപ്പോവാറില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ തിരുവനന്തപുരത്ത് പാര്‍ട്ടിക്കാരെയാണ് സംഘടിപ്പിച്ചതെങ്കില്‍ തനിക്കൊറ്റയ്ക്ക് ജനസമ്പര്‍ക്ക പരിപാടിയിലൂടെ രാഷ്ട്രീയത്തിനതീതരായ ജനങ്ങളുടെ പിന്തുണ ഉറപ്പാക്കാനാകുമെന്നും അതിലൂടെ കസേര തുടര്‍ന്നും നിലനിറുത്താനാകുമെന്നുമാണ് ഉമ്മന്‍ചാണ്ടി വിശ്വസിക്കുന്നത്.
കോണ്‍ഗ്രസിനുള്ളില്‍ പോലും തനിക്കെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന പ്രതികൂലാവസ്ഥയെ ജനസമ്പര്‍ക്കത്തിലൂടെ മറികടക്കാനാകുമെന്ന് ഉമ്മന്‍ചാണ്ടി കരുതുന്നു. കഴിഞ്ഞതവണ ഈ പരിപാടി നടത്തിയപ്പോള്‍ ഓരോ ജില്ലയിലും പതിനായിരങ്ങളാണ് മുഖ്യമന്ത്രിയെ കാത്തുനിന്നിരുന്നത്. അതേ സ്ഥിതി ഇത്തവണയും ഉണ്ടാകുമെന്നും അത് പാര്‍ട്ടിയുടെ ഉപരോധ സമരത്തിനെത്തിയതിന്റെ പതിന്മടങ്ങ് ആളുകളുടെ പങ്കാളിത്തത്തിലൂടെ തന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനും കൂടുതല്‍ ജനപിന്തുണ നേടാനും ഉപയുക്തമാകുമെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ കണക്കുകൂട്ടല്‍.
ജനസമ്പര്‍ക്ക പരിപാടി ജനങ്ങളിലേക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ എത്തിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ, ഇടതുമുന്നണി അനുഭാവികളായ സാധാരണക്കാരായ ജനങ്ങളും പൊതുജനസമ്പര്‍ക്ക പരിപാടിയില്‍ ധാരാളമായി പങ്കെടുക്കാറുണ്ട്. മുന്നണി മുഖ്യമന്ത്രിയെ ബഹിഷ്‌കരിച്ചാലും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അത്യാവശ്യമായ സാധാരണക്കാര്‍ക്ക് അത്തരമൊരു ബഹിഷ്‌കരണം സാധ്യമാകില്ല. ജനസമ്പര്‍ക്ക പരിപാടി തടസ്സപ്പെടുത്താന്‍ ഇടതു മുന്നണി ശ്രമിച്ചാല്‍ ഇത്തരം അനുഭാവികളും ഇടതുമുന്നണിക്കെതിരാകും. അതുകൊണ്ടുതന്നെ ജനസമ്പര്‍ക്ക പരിപാടി തടസ്സപ്പെടുത്തുന്ന വിധത്തിലേക്ക് മുഖ്യമന്ത്രിക്കെതിരേയുള്ള പ്രതിഷേധം വളരാന്‍ സാധ്യതയില്ല.
വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് സജ്ജമായ ഇടതുമുന്നണി പ്രവര്‍ത്തകരെ വിശദീകരണങ്ങളിലൂടെ പിടിച്ചുനിര്‍ത്താന്‍ ഇടതുപക്ഷം ശ്രമിക്കുമ്പോള്‍ ജനസമ്പര്‍ക്കമെന്ന സര്‍ക്കാര്‍ പരിപാടിയിലൂടെ കൂടുതല്‍ ആളുകളെ തന്നിലേക്ക് അടുപ്പിച്ച് പ്രതിരോധങ്ങളെ ചെറുക്കാനും ജനപിന്തുണ ഉറപ്പാക്കാനുമാണ് ഉമ്മന്‍ചാണ്ടിയുടെ നീക്കം. ഈ യുദ്ധത്തില്‍ ആരു ജയിക്കുമെന്നതിലേക്കാണ് രാഷ്ട്രീയത്തില്‍ താല്‍പര്യമുള്ളവരുടെയെല്ലാം ശ്രദ്ധ.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 2
    3 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 3
    3 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 4
    3 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 5
    4 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 6
    4 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    4 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 8
    5 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു

  • 9
    5 hours ago

    20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍