മുഴക്കുന്ന് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന തിരിച്ചു പോയത് ഇന്നു പുലര്‍ച്ചെ
മുഴക്കുന്ന് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന തിരിച്ചു പോയത് ഇന്നു പുലര്‍ച്ചെ
ഇരിട്ടി: നാട്ടുകാരെ ഭീതിയിലാഴ്ത്തി വിളക്കോട് പ്രദേശത്തെ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാന യെ വനത്തിലേക്കു തുരത്തി. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ആന കൂടലാട് വഴി ആറളം ഫാമിലേക്കു തന്നെ തിരിച്ചു പോയത്. ഇതോടെ തിങ്കളാഴ്ച പുലര്‍ച്ചെ 6 മണി മുതല്‍ ഈ പ്രദേശവാസികള്‍ അനുഭവിച്ച ഭീതിക്ക് ശമനമായി.
കാട്ടാനയിറങ്ങിയതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ തന്നെ സ്ഥലത്തെത്തിയ ഡി എഫ് ഒ സുനില്‍ പാമഡി ,ആറളം വൈല്‍ഡ് ലൈഫ് വാര്ഡന് പി.കെ .അനൂപ് കുമാര്‍ ,അസി. വൈല്‍ഡ് ലൈഫ് വാര്ഡന് കെ.വി.ജയപ്രകാശ് ,ഫ്ളൈയിംഗ് സ്ക്വാഡ് ഓഫീസര്‍ പി.പ്രസാദ്, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചര്‍ ആനന്ദ്, വെറ്ററിനറി സര്ജന് അരുണ്‍ സക്കറിയ, ഇരിട്ടി ഡി.വൈ എസ് പി പ്രജീഷ് തോട്ടത്തില്‍, സി.ഐ. രാജീവന്, എസ്.ഐ വിജേഷ് എന്നിവരുടെ നേതൃത്വത്തില്‍ രാവും പകലുമായി ഇരുപത് മണിക്കൂറിലേറെ സമയം നീണ്ടു നിന്ന ഭഗീരഥ പ്രയത്നത്തിനൊടുവിലാണ് ആനയെ വനത്തിലേക്ക് തുരത്താനായത്. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫും മുഴുവന്‍ സമയവും സ്ഥലത്തുണ്ടായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ 6 മണിയോടെ യാണ് മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് ഹാജി റോഡില്‍ പ്രഭാത സവാരിക്കിറങ്ങിയ വലിയ പറമ്പില്‍ പുരുഷോത്തമന് കാട്ടാനയെ കണ്ടത്. ഇയാള്‍ക്ക് കാട്ടാനയുടെയുടെ അക്രമത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് വിരണ്ടോടിയ കാട്ടാന ചാക്കാട്ടെ റിജേഷിന്റെ പശുവിനെ കുത്തിക്കൊല്ലുകയും ചെയ്തു. ഇതിപ്പോള്‍ അടുത്ത കാലത്തായി മൂന്നാം തവണയാണ് ആറളം ഫാമില്‍ നിന്നും കാട്ടാന മുഴുക്കുന്നിലെ ജനവാസ കേന്ദ്രത്തിലിറങ്ങുന്നത്. പാലപ്പുഴ കടന്നാണ് കാട്ടാന ജനവാസകേന്ദ്രത്തിലെത്തുന്നത്.