വിഷന്‍ സിന്‍ഡ്രോം ശ്രദ്ധിക്കണം

Published:November 17, 2016

vision-syndrome-full-image

 

 

 

 

 

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കണ്ണ്. എന്നാല്‍ കമ്പ്യൂട്ടറുകളും സ്മാര്‍ട്ട് ഫോണുകളും രംഗത്തെത്തിയപ്പോള്‍ ഒപ്പമെത്തിയത് ന്യൂജനറേഷന്‍ നേത്രരോഗങ്ങളാണ്.
കമ്പ്യൂട്ടര്‍ ഉപയോഗംമൂലം കണ്ണിനും കാഴ്ചക്കും ഉണ്ടാകുന്ന ഒരുകൂട്ടം പ്രശ്‌നങ്ങളെയാണ് പൊതുവായി കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്നു പറയുന്നത്. സ്മാര്‍ട്ട് ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും ഉപയോഗം കൂടിയതയാണ് ഇതിന് പ്രധാന കാരണം. സ്മാര്‍ട് ഫോണിന്റെ മുന്നില്‍ ചാറ്റിങ്ങിനും വീഡിയോ ഗെയിമിനും വേണ്ടി മണിക്കൂറുകളോളം ചെലവഴിക്കുന്നത് കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിനുള്ള സാധ്യതകള്‍ കൂട്ടുന്നു. ഇത്തരം ഉപകരണങ്ങളുടെ അമിത ഉപയോഗംമൂലം പുതിയ തലമുറയില്‍ കണ്ടുവരുന്ന ചില രോഗലക്ഷണങ്ങളാണ് ‘കണ്ണിന് സ്‌ട്രെയിന്‍, തലവേദന, മങ്ങിയ കാഴ്ച, വരണ്ട കണ്ണുകള്‍, കഴുത്തിലും തോളിലുമുള്ള വേദന, ഡിപ്ലോപിയ.
കണ്ണിലുണ്ടാകുന്ന ചൊറിച്ചില്‍, കണ്ണില്‍ പൊടി പോയതുപോലെയുള്ള അവസ്ഥ, കണ്ണു വേദനയോടെയുള്ള ചുവപ്പ് എന്നിവയെല്ലാം കണ്ണിന്റെ വരള്‍ച്ചയുടെ ലക്ഷണങ്ങളാണ്. കണ്ണില്‍നിന്ന് വെള്ളം വരുക, വേദന, തലവേദന എന്നിവ കണ്ണിന്റെ വരള്‍ച്ചയുടെ മറ്റൊരു ഉദാഹരണമാണ്.
സ്‌ക്രീനില്‍ തെളിയുന്ന ചെറിയ അക്ഷരങ്ങള്‍ ഏറെ സമയം വായിക്കുന്നത് കണ്ണിന് ദോഷംചെയ്യും. കാഴ്ചക്കുണ്ടാകുന്ന മങ്ങല്‍, കണ്ണ് വരള്‍ച്ച, തലപെരുക്കല്‍ എന്നിവ സാധാരണമായി കണ്ടുവരുന്നു. തുടര്‍ച്ചയായ ഉപയോഗത്തില്‍നിന്നും ഓരോ 15 മിനിറ്റ് കണ്ണിന് വിശ്രമം കൊടുക്കുന്നതാണ് ഇതിനുള്ള ഒരു പ്രതിവിധി.
കംപ്യുട്ടറിന്റെയും ഫോണിന്റെയും ഗ്‌ളെയര്‍ ഒഴിവാക്കാന്‍ ആവശ്യമെങ്കില്‍ ആന്റിഗ്‌ളെയര്‍ സ്‌ക്രീന്‍ ഉപയോഗിക്കാം.
ദീര്‍ഘനേരം സ്‌ക്രീനില്‍ നോക്കിയിരിക്കുന്നത് നല്ലതല്ല. സ്‌ക്രീനിലെ ഗ്‌ളെയര്‍, സ്‌ക്രീനും കണ്ണും തമ്മിലുള്ള അകലം, ശരിയല്ലാത്ത ഇരിപ്പ്, കണ്ണുകള്‍ ചിമ്മാതെ സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്നതും വിഷന്‍ സിന്‍ഡ്രത്തിന് കാരണമാകുന്നു. എന്നാല്‍ സ്‌ക്രീനിന്റെ മുകള്‍വശം കണ്ണിന് നേരെയാക്കി ക്രമീകരിക്കുന്നത് ഉചിതമാണ്.
കണ്ണിന് വിശ്രമം കൊടുക്കാന്‍ പ്രകൃതിയിലെ വര്‍ണങ്ങളിലൊന്നായ പച്ചനിറം നോക്കുന്നത് കണ്ണിന് കുളിര്‍മയേകുന്ന ഒന്നാണ്. കണ്ണുകളുടെ വരള്‍ച്ചയെ തടയാന്‍ ഇടക്ക് കണ്ണുചിമ്മി നനയ്ക്കുക. കണ്ണുനീര്‍ ഗ്രന്ഥികള്‍ ശരിയായി പ്രവര്‍ത്തിക്കാത്തതാണ് കണ്ണിന്റെ വരള്‍ച്ചയുടെ കാരണം. കണ്ണ് ചിമ്മാതെ ഇരിക്കുന്നതുമൂലം കണ്ണുനീര്‍ വളരെവേഗം ബാഷ്പീകരിക്കപ്പെടുന്നു.
എയര്‍ കണ്ടീഷനറുകളും ഫാനുകളുടെ ഉപയോഗവും കണ്ണിലെ ഈര്‍പ്പത്തെ വളരെവേഗം ബാഷ്പീകരിക്കുന്നു. മിതമായ എയര്‍കണ്ടീഷനറുകളുടെ ഉപയോഗം ഒരു പരിധിവരെ നമ്മുടെ കണ്ണുകളെ സംരക്ഷിക്കുന്നു.
സോഷ്യല്‍ മീഡിയയുടെ ഉപയോഗം പരിമിതപ്പെടുത്തുക, സ്‌ക്രീന്‍ സൈസ് കൂടിയ കംപ്യൂട്ടറുകള്‍ തെരഞ്ഞെടുക്കുക എന്നതെല്ലാം ഇതിനുള്ള പ്രതിവിധിയാണ്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.