സംഘര്‍ഷം; പേരാമ്പ്രയില്‍ ഹര്‍ത്താല്‍

Published:January 11, 2017

Harthal Image Full 9999

 

 

 
കോഴിക്കോട്: സംഘര്‍ഷത്തെ തുടര്‍ന്ന് പേരാമ്പ്രയില്‍ ഇന്ന് സിപിഎം-ബിജെപി ഹര്‍ത്താല്‍. ബിജെപി പേരാമ്പ്ര പഞ്ചായത്ത് സമിതിയാണ് ഹര്‍ത്താലിനു ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറ് വരെ പേരാമ്പ്ര ടൗണ്‍ ഉള്‍പ്പെട്ട കല്ലോട് മുതല്‍ കൈതക്കല്‍ വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍, ബാങ്കുകള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
കള്ളപ്പണ മുന്നണികള്‍ക്കെതിരെ ബിജെപി നടത്തുന്ന ഉത്തരമേഖല ജാഥ ഇന്നലെ ഉച്ചയോടെ പേരാമ്പ്രയിലെത്തിയതു മുതലാണ് അനിഷ്ട സംഭവങ്ങളുടെ തുടക്കം. പ്രാകൃതമനുഷ്യന്റെ പ്രത്യയശാസ്ത്രം പുലര്‍ത്തുന്ന ഇരുണ്ട അധ്യായത്തിന്റെ ഉടമയും മനുഷ്യനെ കൊന്നുതിന്നുന്ന കശ്മലനുമായിരുന്നു ചെഗുവേരയെന്നാണ് ജാഥാ ലീഡറായ എ.എന്‍. രാധാകൃഷ്ണന്‍ പ്രസംഗിച്ചത്. ചെഗുവേരയുടെ ഫോട്ടോ വച്ച് പാവപ്പെട്ട യുവാക്കളെ വഴിതെറ്റിക്കുകയാണ്. ചെഗുവേരയുടെ ഫോട്ടോകള്‍ ഡിവൈഎഫ്‌ഐക്കാരെ കൊണ്ട് തന്നെ കേരളത്തില്‍ നിന്ന് എടുത്തുമാറ്റിക്കും. പകരം മാര്‍ക്‌സിസ്റ്റു നേതാക്കളുടേയോ ഗാന്ധിജിയുടെയോ നവോഥാന നായകരുടേയോ ഫോട്ടോകള്‍ വയ്ക്കാനാണ് ഇവര്‍ ശ്രമിക്കേണ്ടതെന്നും രാധാകൃഷ്ണന്‍ സ്വീകരണ യോഗത്തില്‍ പ്രസ്താവിച്ചിരുന്നു.
ഇതിനെതിരെയാണ് ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചത്. ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തിയ ഇവര്‍ ടാക്‌സി സ്റ്റാന്‍ഡ് പരിസരത്ത് ബിജെപി സ്വീകരണ സമ്മേളനം നടത്തിയ സ്ഥലത്ത് ചാണകം തളിച്ച് ശുദ്ധീകരണവും നടത്തി. പ്രതിഷേധത്തിനിടെ ബിജെപിയുടെ കൊടിയും ബോര്‍ഡുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഡിവൈഎഫ്‌ഐ പ്രകടനത്തിനിടെയാണ് ഇതുണ്ടായതെന്നു ബിജെപി നേതാക്കള്‍ ആരോപിക്കുകയും ചെയ്തു. പേരാമ്പ്രയില്‍ പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്. ഹര്‍ത്താലിന്റെ ഭാഗമായി കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.