Saturday, August 24th, 2019

വായു കനത്ത നാശം വിതക്കും

ഗുജറാത്തില്‍ 10,000 പേരെ ഒഴിപ്പിക്കും

Published On:Jun 12, 2019 | 9:48 am

ഗാന്ധിനഗര്‍: അറബിക്കടലില്‍ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് ഗുജറാത്തില്‍ ശക്തമായി വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ പുലര്‍ച്ചെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടും. പോര്‍ബന്തര്‍, വരാവല്‍, മഹുവ, ദിയു എന്നിവടങ്ങളിലാണ് വീശിയടിക്കുക. ഇതേതുടര്‍ന്ന് ഗുജറാത്തിന്റെ തീരമേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് കച്ച് ജില്ലയില്‍ നിന്നും 10,000 ആളുകളെ ഒഴിപ്പിച്ചു. കൂടാതെ കര നാവിക തീരസംരക്ഷണ സേനകളെ ഗുജറാത്ത് തീരത്ത് വിന്യസിച്ചു. വ്യോമസേനയുടെ സി17 വിമാനം ജമുനാനഗര്‍ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ആകെ 700 സൈനികരെ വിവിധ മേഖലകളില്‍ വിന്യസിച്ചു. സൈന്യത്തിന് പുറമെ ദുരന്തനിവാരണ സേനയുടെ 20 യൂണിറ്റുകളെ ഗുജറാത്തില്‍ വിന്യസിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യം നേരിടാന്‍ വൈദ്യസംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി സ്ഥിതിഗതികള്‍ പ്രധാനമന്ത്രി വിലയിരുത്തി. 60 ലക്ഷം ആളുകളെ വായു ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
കടല്‍പ്രക്ഷുബ്ധമാകുമെന്നതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കാറ്റിന്റെ സഞ്ചാരപാതയിലുള്ള കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗതയിലാകും ചുഴലിക്കാറ്റ് വീശുകയെന്നാണ് വിലയിരുത്തുന്നത്. വൈകുന്നേരത്തോടെ കാറ്റിന്റെ വേഗം 90 കിലോമീറ്ററായി ക്രമേണ കുറഞ്ഞുതുടങ്ങും.
വായു ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളമില്ലെങ്കിലും കേരളതീരത്ത് ശക്തമായ മഴയും കാറ്റുമുണ്ടാകാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. കേരള തീരത്ത് മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് തീരക്കടല്‍, ലക്ഷദ്വീപ് മേഖല എന്നിവിടങ്ങളില്‍ അറബിക്കടല്‍ പ്രക്ഷുബ്ധമാവും. അതിനാല്‍ത്തന്നെ നാളെ വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. പൊഴിയൂര്‍ മുതല്‍ കാസര്‍കോടു വരെ തീരക്കടലില്‍ 3.5 മുതല്‍ 4.3 മീറ്റര്‍ വരെ തിരമാല ഉയരാനും തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാക്കാനും സാധ്യതയുണ്ട്.
മഴ ശക്തമാകുമെന്നതിനാല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വെള്ളിയാഴ്ചയും ഇടുക്കി, മലപ്പുറം ജില്ലകളില്‍ ശനിയാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

 

LIVE NEWS - ONLINE

  • 1
    6 hours ago

    ഡ്യൂറന്റ് കപ്പ് ഗോകുലത്തിനു സ്വന്തം

  • 2
    7 hours ago

    രാഹുലിന്റെ കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രം; സത്യപാല്‍ മാലിക്ക്

  • 3
    10 hours ago

    രാഹുലിനെയും സംഘത്തെയും ശ്രീനഗറില്‍ തടഞ്ഞു

  • 4
    10 hours ago

    ലോക ബാഡ്മിന്റണ്‍: സിന്ധു ഫൈനലില്‍

  • 5
    13 hours ago

    കെവിന്‍ വധം; വിധി ചൊവ്വാഴ്ച

  • 6
    13 hours ago

    മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 7
    13 hours ago

    അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 8
    14 hours ago

    എതിര്‍ത്തത് അമ്പലം വിഴുങ്ങികളെ: മന്ത്രി കടകംപള്ളി

  • 9
    14 hours ago

    ഭീകരനുമായി ബന്ധം; തൃശൂരില്‍ സ്ത്രീ അറസ്റ്റില്‍