മൂത്രരോഗാണുബാധ അപകട കാരിയാണ്

Published:December 27, 2016

urine-feeling-full

 

 

 

 

നവജാത ശിശുക്കള്‍ മുതല്‍ വളരെ പ്രായമായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുംവരെ ഉണ്ടാകുന്ന ഒരു അസുഖമാണ് മൂത്രരോഗാണുബാധ. ബാക്ടീരിയപോലുള്ള സൂക്ഷ്മാണുജീവികള്‍ മൂലം മൂത്രവിസര്‍ജന വ്യവസ്ഥ്ക്ക് ഉണ്ടാകുന്ന വ്യതിയാനങ്ങളെയാണ് മൂത്രരോഗാണുബാധ എന്നു പറയുന്നത്. വൃക്കകളെ ബാധിക്കുന്ന മൂത്രരോഗാണുബാധക്ക് പൈലോ നെഫ്രൈറ്റിസ് എന്നും മൂത്രസഞ്ചിയുടേത് സിസ്‌റ്റൈറ്റിസ് എന്നും പ്രോസ്റ്റേറ്റിന്റേത് പ്രോസ്റ്റാറ്റൈറ്റിസ് എന്നും വൃഷണങ്ങളുടേത് എപിഡിസമോ ഓര്‍ക്കൈറ്റിസ് എന്നും വിളിക്കുന്നു. ഇത് സ്ത്രീകളില്‍ കൂടുതലായി കാണുന്നു.
മൂത്രനാളിയുടെ നീളം കുറവായതും മലദ്വാരം അടുത്തുള്ളതുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 35 ശതമാനം സ്ത്രീകളില്‍ മൂത്രരോഗാണുബാധ അവരുടെ ജീവിതത്തിന്റെ ഏതെങ്കിലും സമയത്ത് ഉണ്ടാകാറുണ്ട്. ബാക്ടീരിയയുടെ ആക്രമണോത്സുകതയും രോഗിയുടെ പ്രതിരോധശേഷിക്കുറവുമാണ് മൂത്രരോഗാണുബാധ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങള്‍. സാധാരണയായി ഇത് ഉണ്ടാകുന്നത് ഇ കോളി (75 ശതമാനം) മൂലമാണ്.കൂടുതല്‍ തവണ മൂത്രമൊഴിക്കുക, മൂത്രമൊഴിക്കുമ്പോള്‍ വേദന, പെട്ടെന്ന് മൂത്രം ഒഴിക്കാന്‍ തോന്നുക, മൂത്രത്തില്‍ രക്തം പോവുക, അടിവയറ്റില്‍ വേദന മുതലായവയാണ് മൂത്രരോഗാണുബാധയുടെ ലക്ഷണങ്ങള്‍. വിറയലോടുകൂടിയ പനി, വയറിന്റെ മുകള്‍ഭാഗത്ത് വേദന മുതലായവയാണ് വൃക്കയുടെ രോഗാണുബാധയുടെ ലക്ഷണങ്ങള്‍. പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ രോഗാണുബാധ മൂലമുണ്ടാകുന്ന പ്രോസ്റ്റാറ്റൈറ്റിസ് മൂത്രതടസത്തിലും വിറയലോടുകൂടിയ പനി ഉണ്ടാക്കുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ പഴുപ്പ് കെട്ടി മൂത്രം ഒട്ടും പോകാതെ കെട്ടിനില്‍ക്കുന്ന അവസ്ഥയും ഉണ്ടാകുന്നു.
മൂത്രരോഗാണുബാധ നിയന്ത്രണവിധേയമല്ലാത്ത അവസ്ഥ പുരോഗമിച്ച് സെപ്‌സിസ്, എന്‍ഡോടോക്‌സിക് ഷോക്ക് മുതലായ മാരകമായ അവസ്ഥകളിലേക്ക് പോകാം. ശരീരത്തിന്റെ ഊഷ്മാവ് കുറയുകയോ കൂടുകയോ ചെയ്യാം. രക്തസമ്മര്‍ദ്ദം കുറയുക, ഹൃദയമിടിപ്പിലും ശ്വസനത്തിലുമുള്ള വ്യതിയാനങ്ങള്‍ മൂലം രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നു. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ആന്തരികാവയവങ്ങളായ കരള്‍, വൃക്ക മുതലായവയുടെ പ്രവര്‍ത്തനം കുറയാനും സ്തംഭനാവസ്ഥയിലേക്ക് പോകാനും സാദ്ധ്യതയുണ്ട്. അതിനാല്‍ ഈ രോഗത്തെ നിസ്സാരമായി കാണരുത്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.