Friday, November 16th, 2018

കണ്ണൂരിന്റെ ഹൃദയത്തില്‍ തേന്‍മഴ പെയ്യിച്ച ഉമ്പായി സംഗീതം

മനം മയക്കുന്ന ഗസലുകളിലൂടെ ഉമ്പായി ഇനി ജീവിക്കും.

Published On:Aug 2, 2018 | 2:25 pm

എം അബ്ദുള്‍മുനീര്‍
കണ്ണൂര്‍: ആസ്വാദക മനസില്‍ ഗസലിന്റെ തേന്മഴ പെയ്യിച്ച ഉമ്പായിക്ക് കണ്ണൂരുമായുള്ളത് ഇഴപിരിയാനാവാത്ത ആത്മബന്ധം. നിലാവലിയുന്ന ഗസല്‍പെരുമഴയില്‍ നനഞ്ഞ് കുതിരാന്‍ കണ്ണൂരിലെത്തുന്ന ആയിരങ്ങളെ ഒരിക്കലും ഉമ്പായി നിരാശപ്പെടുത്തുയിരുന്നില്ല. കൈവിരലുകള്‍കൊണ്ട് ഹാര്‍മോണിയത്തില്‍ സംഗീതത്തിന്റെ ഭാവരാഗങ്ങള്‍ മീട്ടി ഉമ്പായി പാടുമ്പോള്‍ കണ്ണൂര്‍ ജനതക്ക് അതൊരിക്കലും മറക്കാനാവാത്ത അനുഭൂതിയായി മാറാറുണ്ടായിരുന്നു.
കണ്ണൂര്‍ മഹോത്സവത്തിലും മയില്‍പീലി പുരസ്‌കാര അവാര്‍ഡ്ദാന ചടങ്ങിലും ഉമ്പായി നിറഞ്ഞുപാടുമ്പോള്‍ ഉയര്‍ന്നുവന്നിരുന്ന ഹര്‍ഷാരവങ്ങള്‍ തന്നെ അദ്ദേഹത്തിന്റെ സംഗീതം എത്രത്തോളം ഈനാട്ടില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ടായിരുന്നുവെന്നതിന് കണ്ണൂര്‍ ജനത സാക്ഷ്യം വഹിച്ചിരുന്നു.
2015ല്‍ ആരംഭിച്ച കണ്ണൂര്‍ മഹോത്സവത്തിന്റെ പരിപാടിയില്‍ ഉമ്പായിയുടെ സാന്നിധ്യം നിര്‍ബന്ധമായിരുന്നു. കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകളുമായാണ് ഉമ്പായി എത്തുക. ഇതുകേട്ട് കണ്ണൂരിലെ സംഗീത മനസ് ഹര്‍ഷപുളകിതമാകും. ഒരിക്കല്‍ പയ്യാമ്പലത്ത് നടന്ന കണ്ണൂര്‍ മഹോത്സവത്തിലെ സംഗീത പരിപാടിയില്‍ ഉമ്പായി ഒരു അനുഭവം ഇങ്ങനെ വിവരിച്ചു. തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കി താന്‍ പാടിക്കൊണ്ടിരുന്നു. അന്ന് ഗാനാര്‍പ്പണം അവസാനിപ്പിക്കവെ ഒരു പെണ്‍കുട്ടി കവറുമായി സ്റ്റേജിലെത്തി. കവര്‍ തനിക്ക് നല്‍കി എന്റെ മുഖത്തേക്ക് ആരാധനയോടെ ഏറെനേരം നോക്കിനിന്നശേഷം പിന്മാറി. പരിപാടി കഴിഞ്ഞശേഷം താനത് തുറന്നുനോക്കി. ഒരു എഴുത്തായിരുന്നു അത്. തന്റെ ജീവന് രക്ഷയേകിയത് അങ്ങയുടെ പാട്ടാണെന്നും അത്രമേല്‍ അങ്ങയെ ആരാധിക്കുകയും പ്രേമിക്കുകയും ചെയ്യുന്നുണ്ടെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. കത്ത് എഴുതിയയാളെ തിരഞ്ഞുനോക്കിയിട്ട് കണ്ടില്ല. ഒടുവില്‍ സംഘാടകനായ ടി മിലേഷ്‌കുമാറിനെ ആ എഴുത്ത് ഏല്‍പ്പിച്ചു. താന്‍ നടന്നകലുന്നതിനിടയിലും ഇങ്ങനെ പറഞ്ഞു. കവറില്‍ ക്യാഷാണെന്ന് കരുതിയാണ് താനത് വാങ്ങിയത്. ഒരു കാലത്ത് തെണ്ടിതിരിഞ്ഞ് നടക്കുമ്പോള്‍ ഭാര്യയും മക്കളുമാണ് എനിക്ക് കൂട്ടായി നിന്നത്. അതുകൊണ്ട് ഈ പ്രണയലേഖനം തന്റെ കയ്യിലിരിക്കട്ടെയെന്നാണ് താന്‍ മിലേഷിന് നല്‍കി പറഞ്ഞത്.പറഞ്ഞാലും പറഞ്ഞാലും മതിവരാത്തത്ര അനുഭവങ്ങളാണ് കണ്ണൂരുമായി ബന്ധപ്പെട്ട് ഉമ്പായിക്കുള്ളത്.
1975 ല്‍ കല്യാണ വീടുകളില്‍ പാട്ടുപാടാനെത്തുന്ന ഉമ്പായി തന്റെ അനുഭവം ഓര്‍ത്തെടുക്കാറുണ്ട്. കോളാമ്പിപ്പെട്ടിയില്‍ പാട്ടുപാടി കല്യാണവീടുകളെ സംഗീത സാന്ദ്രമാക്കിയിരുന്ന മലബാറിന്റെ പതിവ് ശൈലിയില്‍ അലിഞ്ഞുചേരാന്‍ ഒരിക്കല്‍ ഉമ്പായി എത്തി. വളപട്ടണം മന്ന റുഖിയ മന്‍സിലില്‍ കല്യാണ പാട്ടുപാടാനായാണ് അദ്ദേഹമെത്തിയത്.
മലഞ്ചരക്ക് വ്യാപാരി പി മാമുഹാജിയുടെ മകള്‍ സി സി ഖദീജയുടെയും വ്യവസായ പ്രമുഖനായ കോട്ടിക്കുളത്തെ കെ ഖാലിദ് ഹാജിയുടെയും വിവാഹചടങ്ങിനാണ് അദ്ദേഹമെത്തിയത്. ചുറ്റും കൂടിയ ആസ്വാദകരുടെ മനംനിറച്ച് സംഗീതസാന്ദ്രമാക്കിയാണ് അദ്ദേഹം മടങ്ങിയത്.
ഗസലിന് മലയാളമാനം നല്‍കിയ അനുഗ്രഹീത ഗായകന്‍ വിടപറയുമ്പോള്‍ കഴിഞ്ഞ 40വര്‍ഷത്തെ സംഗീത ജീവിതത്തിന് തിരശ്ശീലവീണു. തനതായ ആലാപന ശൈലിയാണ് അദ്ദേഹത്തിന്റേത്. തന്റെ സ്വന്തം സൃഷ്ടിയിലൂടെയും പഴയ ചലച്ചിത്ര ഗാനങ്ങള്‍ ഗസല്‍ ആവിഷ്‌കാരങ്ങളിലൂടെയും സൃഷ്ടിച്ച ഉമ്പായി, തന്റെ ജീവിതത്തിലെ ദുരിതങ്ങളോട് പോരാടിയാണ് ജീവിതം കെട്ടിപ്പടുത്തത്.
ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഉമ്പായിക്ക് ചെറുപ്പം മുതലെ കലയോടുള്ള ഭ്രമമായിരുന്നു. നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ആഹാരം കഴിക്കാന്‍ വിധിക്കപ്പെട്ട അദ്ദേഹം ദല്ലാള്‍ പണിയും ഫിഷിംഗ് ഹാര്‍ബറില്‍ ഐസ് പൊട്ടിക്കുന്ന പണിയും വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സില്‍ മരം കയറ്റിവരുന്ന ലോറിയില്‍ ക്ലീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഉമ്പായിയുടെ ഗസല്‍, സ്‌നേഹത്തിന്റെയും വിരഹത്തിന്റെയുമായിരുന്നു. എല്ലാവിഭാഗങ്ങളോടും ഒരു പോലെ പെരുമാറിയ അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ അത് പ്രകടമാക്കുകയും ചെയ്തു. ഉര്‍ദു കവിത അതിന്റെ തനതായ കാവ്യാത്മകത നഷ്ടപ്പെടാതെ മലയാളത്തില്‍ ഗസല്‍ ഗാനങ്ങളായി ചിട്ടപ്പെടുത്തുന്നതില്‍ മറ്റാര്‍ക്കും സാധിക്കാത്ത അനന്യമായ ഒരു കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
മലയാളത്തിന് ഹിന്ദുസ്ഥാനി സംഗീതത്തോടും ഗസലിനോടും ആഭിമുഖ്യമുണ്ടാക്കിയത് ഉമ്പായിയായിരുന്നുവെന്ന് തന്നെ പറയാം. വേദനയുടെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും സങ്കലനമാണ് ഗസലുകള്‍. ഉമ്പായി ഈണം പകര്‍ന്ന ഗസലുകളാകുമ്പോള്‍ കേള്‍വിക്കാരനെ ആ വികാരങ്ങളുടെ ആഴങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കാനും കഴിഞ്ഞിരുന്നു. ഈണങ്ങളില്‍ അപാരമായ വൈകാരിക തലം കാത്ത് സൂക്ഷിക്കാനും അതുപകരാനും അദ്ദേഹത്തിന് കഴിഞ്ഞു. ഹാര്‍മോണിയപെട്ടിയില്‍ വിരലിനൊപ്പം ആത്മാവുമര്‍പ്പിച്ച് വേദനയുടെ എത്രയെത്ര സ്വരഭേദങ്ങള്‍, എത്രയെത്ര ഈണങ്ങള്‍ അദ്ദേഹം പാടിത്തീര്‍ത്തു. വരികളുടെ അര്‍ത്ഥങ്ങളില്‍ മാത്രമല്ല, ഈണങ്ങളില്‍ കൂടിയും വികാരങ്ങള്‍ വിരിയിക്കാനും കഴിഞ്ഞ സംഗീതജ്ഞനാണ് അദ്ദേഹം. മറ്റൊരിക്കല്‍ അദ്ദേഹം പറയുകയുണ്ടായി തനിക്ക് മക്കള്‍ മൂന്നല്ല, നാലാണെന്നും. ഉമ്പായി കണ്ണൂരിലെ ചടങ്ങില്‍ പറഞ്ഞത് വെറുതെയായിരുന്നില്ല. ഉമ്പായിയുടെ ആത്മാവും ശ്വാസവും ഗസല്‍ തന്നെയായിരുന്നു.
‘ചുപ്‌കേ, ചുപ്‌കേ…., ഒരിക്കല്‍ നീ പറഞ്ഞു പ്രണയം ദിവ്യമെന്ന്…, ശ്യാമസുന്ദര പുഷ്പമേ…, താമസമെന്തേ…., പൗര്‍ണമി ചന്ദ്രിക പൂചൂടി…, വെണ്ണതോല്‍ക്കുമുടലോടെ…, പ്രേമിച്ചു… പ്രേമിച്ചു…, പാടുക സൈഗാള്‍ പാടൂ.., നന്ദി… പ്രിയ സഖി നന്ദി.., ഒരു മുഖം മാത്രം… തുടങ്ങിയ ഉമ്പായിയുടെ പാട്ടുകള്‍ ഇന്നും കാമ്പസുകളില്‍ പാറി നടക്കുന്നുണ്ട്.
കണ്ണൂരിലെ സദസുകളില്‍ ഭൂപ് കല്യാണ്‍രാഗത്തില്‍ ഗുലാം അലി പാടിയ വിശിഷ്ടമായ വരികള്‍, ഗുലാം അലി സാഹിബിനെ മനസില്‍ ധ്യാനിച്ച് ആലാപനത്തിന്റെ മറുകരയിലെത്തി പലരും ഫഌറ്റ്. കണ്ണൂരിന്റെ പ്രൗഢഗംഭീരമായ സദസുകള്‍ ഉമ്പായിയെ ഹൃദയത്തില്‍ കുടിയിരുത്തി.
2012ല്‍ അബൂദാബിയിലെ ഗസല്‍ സന്ധ്യയുടെ റിഹേഴ്‌സല്‍ നടന്നത് കണ്ണൂര്‍ സ്വദേശിയായ ഫര്‍ഹാദ് ഖലീലിന്റെ ഫ്‌ളാറ്റിലായിരുന്നു. അന്നത്തെ ഗസല്‍ സന്ധ്യ മലയാളികളെ മാത്രമല്ല അറബികളെയും മറ്റുരാജ്യക്കാരെയും ഏറെ ആകര്‍ഷിച്ചിരുന്നെന്ന് ഫര്‍ഹാദ് ഓര്‍ത്തെടുത്തു.

 

LIVE NEWS - ONLINE

 • 1
  12 hours ago

  സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

 • 2
  13 hours ago

  ശബരിമലയില്‍ നിരോധനാജ്ഞ

 • 3
  14 hours ago

  തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 • 4
  17 hours ago

  ശബരിമല; സര്‍വകക്ഷിയോഗം പരാജയം

 • 5
  18 hours ago

  മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

 • 6
  20 hours ago

  പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

 • 7
  21 hours ago

  മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

 • 8
  21 hours ago

  ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

 • 9
  21 hours ago

  സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി