യുഎപിഎ; സര്‍ക്കാര്‍ നയം വ്യക്തമാക്കണം: കെ.പി.എ. മജീദ്

Published:December 21, 2016

KPA Majeed Full Image 111

 
മലപ്പുറം: ജനാധിപത്യാവകാശങ്ങളെ നിഷേധിക്കുന്ന യു.എ.പി.എ നിയമം സംസ്ഥാനത്ത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. നിലവിലെ ശിക്ഷാനിയമങ്ങള്‍തന്നെ പര്യാപ്തമാണെന്നിരിക്കെ യു.എ.പി.എ അനാവശ്യമാണെന്ന് ലീഗ് മുമ്പ് വ്യക്തമാക്കിയതാണ്. മുഖ്യമന്ത്രി ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. മതപണ്ഡിതര്‍ക്കെതിരേയും സ്ഥാപനങ്ങള്‍ക്കെതിരേയും വ്യാപക ഗൂഢാലോചന നടക്കുന്നു. എറണാകുളത്തെ പീസ് സ്‌കൂളിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാക്കി അന്വേഷണം നടത്തി. പ്രഭാഷകന്‍ ഷംസുദ്ദീന്‍ പാലത്തിനും ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്കുമെതിരെ മതസ്പര്‍ധ പ്രസംഗത്തിന് പരാതി വന്നു. ഷംസുദ്ദീനെതിരെ യു.എ.പി.എ ചുമത്തിയപ്പോള്‍ ശശികലക്കെതിരെ ചുമത്തിയത് നിസ്സാരവകുപ്പാണ്. എം.എം. അക്ബര്‍, മുജാഹിദ് ബാലുശ്ശേരി തുടങ്ങിയവര്‍ക്കെതിരെയും യു.എ.പി.എ ചുമത്താന്‍ ശ്രമമുണ്ട്. പരാതി ഉയരുന്നത് മുസ്ലിംകള്‍ക്കെതിരെയെങ്കില്‍ യു.എ.പി.എ എന്നതാണ് സ്ഥിതി.
പല കേസുകളിലും യുവമോര്‍ച്ച നല്‍കുന്ന പരാതികളിലാണ് നടപടി. സംഘ്പരിവാര്‍ ഇച്ഛക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവരായി പോലീസ് മാറി. മുസ്ലിം പണ്ഡിതര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരായ നടപടിയില്‍ പ്രതിഷേധിച്ചും യു.എ.പി.എക്കെതിരെയും കോഴിക്കോട്ട് മാര്‍ച്ച് നടത്തുമെന്നും മജീദ് പറഞ്ഞു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.