പോലീസിനെതിരെ കോടിയേരിയും യുഎപിഎ ദുരുപയോഗം ചെയ്യരുത്

Published:December 20, 2016

Kodiyeri Balakrishnan 0198 Full

 

 
തിരു: രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ യു എ പി എ കുറ്റം ചുമത്തരുതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എഴുത്തുകാരനായ കമല്‍ സി ചവറക്കെതിരെ യു എ പി എ കുറ്റം ചുമത്തിയതിനെതിരെ കോഴിക്കോട് പ്രതികരിക്കവെയാണ് സംസ്ഥാന പോലീസിനെ കോടിയേരി രൂക്ഷമായി വിമര്‍ശിച്ചത്. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ചില പോലീസുകാരുണ്ടെന്നും അവര്‍ക്കെതിരെ നടപടി വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
കമല്‍ സി ചവറക്കെതിരെ കേസെടുത്തത് പോലീസിന്റെ തോന്ന്യാസമാണെന്ന് കോടിയേരി ആരോപിച്ചു. അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പാടില്ലായിരുന്നു. എങ്കിലും അദ്ദേഹത്തിന് ജാമ്യം ലഭിച്ചത് എല്‍ ഡി എഫ് നയം കാരണമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി. എല്ലാവര്‍ക്കെതിരെയും യു എ പി എ ചുമത്താന്‍ പാടില്ല. ഭീകരപ്രവര്‍ത്തനം തടയുന്നതിനു വേണ്ടി മാത്രമേ അത് ഉപയോഗിക്കാവൂ. യു എ പി എ ചുമത്തിയ കേസുകളെല്ലാം സര്‍ക്കാര്‍ പുനരന്വേഷിക്കുമെന്നും കോടിയേരി പറഞ്ഞു.
മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് സി പി ഐയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയതിനു പിന്നാലെ പോലീസിനെതിരെ പ്രമുഖ സി പി എം നേതാക്കള്‍ രംഗത്തിയത് ശ്രദ്ധേയമാണ്. ബീച്ചിലെത്തിയ സി പി എം ബ്രാഞ്ച് സെക്രട്ടറിയെയും കുടുംബത്തെയും കഴിഞ്ഞ ദിവസം പോലീസ് അക്രമിച്ചതിനെ വി എസ് അച്യുതാനന്ദന്‍ ശക്തമായി അപലപിച്ചിരുന്നു. ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയല്ല പോലീസ് എന്ന് തിരിച്ചറിയണമെന്നും അല്ലെങ്കില്‍ ഭരണകൂടം ഫാസിസ്റ്റ് സ്വഭാവത്തിലേക്ക് നീങ്ങുകയാണെന്ന തോന്നലുണ്ടാക്കുമെന്നുമായിരുന്നു വി എസിന്റെ പ്രതികരണം.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.