ഇന്ധനവില ഇന്നും കൂടി
ഇന്ധനവില ഇന്നും കൂടി
കോഴിക്കോട്: ഇന്ധന വിലവര്‍ധനവിലൂടെ ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് കേന്ദ്രം ഊറ്റിയെടുത്തതെന്ന് ധനമന്ത്രി തോമസ് ഐസക്. വിലവര്‍ധനവിനെ കക്കൂസ് തിയറിയിലൂടെ ന്യായീകരിക്കാനാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മുതലുള്ളവര്‍ ശ്രമിച്ചത്. എന്നാല്‍ ഈ പണം കൊണ്ട് എത്ര കക്കൂസുകള്‍ കെട്ടിക്കൊടുത്തുവെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് തോമസ് ഐസക് ഇക്കാര്യം വ്യക്തമാക്കിയത്.
എണ്ണവിലവര്‍ധനയുടെ മറവില്‍ ജനങ്ങളില്‍ നിന്ന് ഊറ്റിപ്പിഴിയുന്ന പണം യഥാര്‍ത്ഥത്തില്‍ രാജ്യത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്കല്ല ഉപയോഗിക്കുന്നതെന്നും കോടീശ്വരന്മാര് ബാങ്കുകളില്‍ നിന്ന് തട്ടിച്ചുകൊണ്ടുപോയ ശതകോടികളുടെ നഷ്ടം നികത്താനാണ് എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
അതിനിടെ ഇന്ധനവില ഇന്നും കൂടി. പെട്രോളിനും ഡീസലിനും മൂന്ന് മുതല്‍ 14 വരെ പൈസയാണ് കൂടിയത്. തുടര്‍ച്ചയായ 43-ാം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്. കോഴിക്കോട് പെട്രോളിന് മൂന്ന് പൈസ കൂടി 83.24 രൂപയായി. 77.25 രൂപയാണ് ഡീസല്‍ വില. തിരുവനന്തപുരത്ത് പെട്രോളിന് 84.19 രൂപയും ഡീസലിന് 78.14 രൂപയുമാണ് വില.
ഡല്‍ഹിയില്‍ പെട്രോളിന് 14 പൈസ കൂടി 80.87 രൂപയായി. ഡീസലിനും 14 പൈസ കൂടി 72.97 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് മാത്രം പെട്രോളിന് മൂന്ന് രൂപ 49 പൈസയും ഡീസലിന് നാല് രൂപ 18 പൈസയുമാണ് കൂടിയത്.