Sunday, September 23rd, 2018

ടൗണ്‍സ്‌ക്വയറിലാണെങ്കിലും ഗുണ്ടര്‍ട്ടിനെയും വിഴുങ്ങി കാട്…

മലയാളത്തിന് ആദ്യത്തെ നിഘണ്ടു സമ്മാനിച്ച ജര്‍മ്മന്‍ പാതിരിയെ ഇങ്ങിനെ അവഗണിക്കരുതായിരുന്നു.

Published On:Aug 13, 2018 | 1:41 pm

ടി കെ ശിവാനന്ദന്‍
തലശ്ശേരി: ആരംഭഘട്ടത്തില്‍ തന്നെ പാളിപ്പോയ നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ ഉല്‍പന്നമായ ടൗണ്‍ സ്‌ക്വയറിനൊപ്പം ചരിത്ര സാക്ഷിയായ ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് പ്രതിമയെയും കാട് വിഴുങ്ങിത്തുടങ്ങി. പരിതാപകരമാണ് പ്രതിമ നില്‍ക്കുന്ന പാര്‍ക്കിന്റെ അകം പുറം കാഴ്ചകള്‍.
പരിസര ശൂചികരണം വഴിപാട് ചടങ്ങായി മാറിയ ഗുണ്ടര്‍ട്ട് പാര്‍ക്കിലുള്ള ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ പ്രൗഡഗംഭീര പൂര്‍ണ്ണമായ പ്രതിമയുടെ വര്‍ണക്കാഴ്ച മറഞ്ഞിട്ട് മാസങ്ങളായി. പാര്‍ക്കില്‍ വളര്‍ന്ന് പന്തലിച്ച പൂമരങ്ങളാണ് മലയാളി എന്നെന്നും കടപ്പെട്ട മഹാനുഭാവന്റെ വെങ്കല പ്രതിമയെ കാണികളില്‍ നിന്നും മറച്ചു പിടിക്കുന്നത്. മലയാളിക്കും മലയാളത്തിനും വിലമതിക്കാനാവാത്ത മലയാളം ഇംഗ്ലിഷ് നിഘണ്ടു ഉള്‍പ്പെടെ വ്യാകരണ ഗ്രന്ഥങ്ങള്‍ കൈരളിക്ക് സംഭാവന ചെയ്ത മലയാളത്തിന്റെ രണ്ടാം എഴുത്തച്ഛന്റെ പ്രതിമ 2000 ആഗസ്റ്റ് 10നാണ് അന്ന് മുഖ്യ മന്ത്രിയായിരുന്ന ഇ കെ നായനാര്‍ അനാച്ഛാദനം ചെയ്തിരുന്നത്.
സംസ്ഥാന സാംസ്‌കാരിക വകുപ്പ് 2.6 ലക്ഷം ചെലവഴിച്ചാണ് പ്രതിമ നിര്‍മ്മിച്ചത്. 1200 കിലോഗ്രാം തൂക്കം വരുന്ന ജീവന്‍ തുടിക്കുന്ന പ്രതിമ പ്രശസ്ത ശില്‍പി ജീവന്‍ തോമസാണ് ഒരുക്കിയത്. വൃത്താകൃതിയിലുള്ള സ്‌റ്റേഡിയം പാര്‍ക്കില്‍ പ്രതിമ വന്നതോടെ ഇവിടം ഗുണ്ടര്‍ട്ട് പാര്‍ക്കായി മുഖം മാറി. ഇവിടെ നിത്യശൂചീകരണം നടത്താത്തതിനാല്‍ പാഴ് പുല്ലുകള്‍ വളരുകയാണ്. സാമൂഹ്യ ദ്രോഹികള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് പ്ലേറ്റ്, ബോട്ടലുകള്‍, ഗ്ലാസുകള്‍ തുടങ്ങിയ മാലിന്യങ്ങളും യഥാസമയം നീക്കം ചെയ്യപ്പെടാത്തത് പാര്‍ക്കിന്റെ പേരിന് തന്നെ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്.
തലശ്ശേരി പട്ടണത്തില്‍ ഗുണ്ടര്‍ട്ടിനെ ഓര്‍ക്കാന്‍ ഇന്നുള്ളത് പ്രതിമ സ്ഥാപിച്ച പാര്‍ക്കും തൊട്ട് മുന്നിലൂടെ പഴയ ബസ് സ്റ്റാന്റ് ജനറലാശുപത്രി ജംഗ്ഷനിലേക്ക് നീളുന്ന റോഡും മാത്രമാണുള്ളത്. ഏറെ കൊട്ടിഘോഷിച്ച് ഒന്നാംഘട്ട പ്രവൃത്തി നടത്തിയ നഗര സൗന്ദര്യവല്‍ക്കരണ പദ്ധതിക്കുണ്ടായ അകാല ചരമമാണ് ഗുണ്ടര്‍ട്ട് പാര്‍ക്കിനെ ഈ നിലയില്‍ ശോചനീയമാക്കിയത്. സ്വകാര്യ വാഹനങ്ങളും വാന്‍, മിനി ബസ്സ് തുടങ്ങിയ ടാക്‌സി, ടൂറിസ്റ്റ് ടാക്‌സി വാഹനങ്ങളും പാര്‍ക്കിങ്ങിനായി കൈയ്യേറി കൈവശമാക്കിയ സ്‌റ്റേഡിയം സ്‌ക്വയര്‍ ഇപ്പോള്‍ ആരുടെ അധിനതയിലാണെന്ന് ചോദിക്കുന്നവരേറെയുണ്ടിവിടെ. നഗരസഭ ഈയ്യിടെയായി ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ല. ഇതേ തുടര്‍ന്ന് ആദ്യഘട്ട പ്രവൃത്തി പൂര്‍ത്തിയായ ഇടങ്ങളിലും കുറ്റിക്കാടുകള്‍ മൂടിക്കഴിഞ്ഞു. നഗരസഭാ കാര്യാലയത്തിന്റെ മൂക്കിന് കീഴെ ദേശിയ പാതയോരത്തുള്ള ഈ ഭാഗങ്ങള്‍ കാണുന്നവര്‍ക്ക് വേദനയും രോഷവും ഒരു പോലെ തികട്ടിവരും.

 

LIVE NEWS - ONLINE

 • 1
  12 hours ago

  ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

 • 2
  13 hours ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

 • 3
  16 hours ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 4
  18 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 5
  19 hours ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 6
  19 hours ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 7
  1 day ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 8
  1 day ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 9
  1 day ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി