സംഗീത കുടുംബത്തിലെ കുഞ്ഞുതാരം

Published:December 7, 2016

sifran-4yrs-old-student-singing-full

 

 

 
കണ്ണൂര്‍: കാളിദാസന്‍ ജയറാം അഭിനയിച്ച പൂമരം സിനിമയിലെ ‘ഞാനും ഞാനുമെന്റാളും …’എന്ന ഗാനം ദിവസങ്ങള്‍ കൊണ്ട് തന്നെ യുവാക്കള്‍ക്ക് ഹരമായി മാറിയിരിക്കുകയാണ്. എന്നാല്‍ അതിലേറെ വേഗം ആ പാട്ട് പാടി ജനപ്രീതി നേടിയിരിക്കുകയാണ് സിഫ്രാന്‍ എന്ന അഞ്ച് വയസ്സുകാരന്‍. മൂന്ന് ദിവസം കൊണ്ട് തന്നെ പത്ത് ലക്ഷം ആളുകളാണ് സിഫ്രാന്റെ പാട്ടടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ആസ്വദിച്ചത്.
മാപ്പിളപ്പാട്ടുകാരനായ നിസാമിന്റെയും മെഹറുന്നീസയുടെയും മൂത്തമകനാണ് സിഫ്രാന്‍. ഉപ്പയുടെ കൂടെ പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ പോകുന്നത് പതിവായിരുന്നു. ഉപ്പ പാടുന്ന പാട്ടുകള്‍ പാടിനോക്കുന്നത് സിഫ്രാന്റെ ശീലമായിരുന്നു. അങ്ങനെ സിഫ്രാന്റെ ആഗ്രഹപ്രകാരം പള്ളിക്കുന്നിലെ സൗപര്‍ണിക സ്റ്റുഡിയോയില്‍നിന്നും പാട്ട് റെക്കോര്‍ഡ് ചെയ്തു. പിന്നീട് അനുയോജ്യമായ ദൃശ്യങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച വീഡിയോ ഫെയ്‌സ് ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷിക്കാത്ത വേഗത്തില്‍ സിഫ്രാന്റെ പാട്ട് ലോകം ഏറ്റെടുത്തു. വീഡിയോകണ്ട പൂമരം സിനിമയിലെ അണിയറ പ്രവര്‍ത്തകരടക്കം ഫോണിലൂടെയും നേരിട്ടും അഭിനന്ദനങ്ങള്‍ അറിയിച്ചു. സിനിമാ സംവിധായകന്‍ എബ്രിഡ് ഷൈന്‍ സിഫ്രാനെ കാണാന്‍ നേരിട്ടെത്തുമെന്നും അറിയിച്ചതോടെ ഈ സംഗീത കുടുംബം ഇരട്ടി സന്തോഷത്തിലാണ്.
ഇതിന് മുമ്പ് കലാഭവന്‍ മണിയുടെ ‘മിന്നാമിനുങ്ങേ…’ എന്നപാട്ടും ഇഫ്രാന്‍ പാടി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. അന്നും ഒരുപാട് അഭിനന്ദനങ്ങള്‍ ഈ കൊച്ചുഗായകനെ തേടി എത്തിയിരുന്നു.
ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ത്ഥിയാണ് സിഫ്രാന്‍.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.