Saturday, February 23rd, 2019

‘കുട്ടി ഗര്‍ഭിണിയാണ്, വയറ്റിലെ കുട്ടിയെ കാണുന്നില്ല’!

ഡോക്ടര്‍ ഷിംന അസീസ് എഴുതിയ അനുഭവക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു

Published On:Mar 21, 2018 | 9:54 am

ഒരു ഡോക്ടര്‍ എഴുതിയ അനുഭവക്കുറിപ്പാണ് കഴിഞ്ഞ ദിവങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഗര്‍ഭപാത്രത്തിനു പുറത്ത് ഗര്‍ഭത്തെ കണ്ടെത്തിയ ഡോക്ടറുടെ അനുഭവം ഡോ ഷിംന അസീസാണ് ഫെയ്്‌സ്ബുക്കില്‍ കുറിച്ചത്. ‘കുട്ടി ഗര്‍ഭിണിയാണ്, വയറ്റിലെ കുട്ടിയെ കാണുന്നില്ല’ എന്ന് ഡോക്ടര്‍ !ഹോര്‍മോണിന്റെ അളവ് വെച്ച് നോക്കുമ്പോള്‍ ഗര്‍ഭം എവിടെയോ ഉണ്ടെന്ന് നൂറ് ശതമാനം ഉറപ്പ്. ആശുപത്രിയിലെ ഏറ്റവും സീനിയര്‍ ഗൈനക്കോളജിസ്റ്റ് വന്ന് സസൂക്ഷ്മം ആവര്‍ത്തിച്ച് സ്‌കാന്‍ ചെയ്തപ്പോള്‍ ഒടുക്കം ഗര്‍ഭപാത്രത്തിന് പുറത്ത് ഒളിച്ചിരുന്ന ഗര്‍ഭം കണ്ടെത്തിയത്- കുറിപ്പില്‍ പറയുന്നു
ഫെയ്‌സ്ബുക്ക് പോസ്റ്റ്
വീട്ടിലൊരു കുഞ്ഞാവ പിറക്കാന്‍ പോണെന്ന് കേട്ട ഉടനെ അനിയനോടും ഓന്റെ കെട്ടിയോളോടും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അടുത്തിരുത്തി പറഞ്ഞ് കൊടുക്കാന്‍ പോലും ജോലിത്തിരക്കിനിടക്ക് നേരം കിട്ടിയില്ല. ഏതായാലും നാത്തൂനെ കൂട്ടി രണ്ട് ദിവസം കഴിഞ്ഞ് ഗൈനക്കോളജിസ്റ്റിനെ കാണാന്‍ കൊണ്ടു പോകുമ്പോഴാവട്ടെ ഉപദേശനിര്‍ദേശവര്‍ഷം എന്ന് കരുതിയിരിക്കുകയായിരുന്നു.
വിശേഷം അറിഞ്ഞതിന്റെ പിറ്റേന്ന് രാവിലെയോടെ അവള്‍ക്ക് വയറിന്റെ മേലെ വലതു ഭാഗത്ത് നല്ല വേദന തുടങ്ങി. വേദന വലത് തോളിലേക്ക് കയറുന്നുമുണ്ട്. അവള്‍ ബേജാറായി വിളിച്ച നേരത്ത് ‘വല്ല ഗ്യാസുമാവും’ എന്നവളെ ആശ്വസിപ്പിച്ചെങ്കിലും എന്തായിത് കഥ എന്ന് ആലോചിക്കാതിരുന്നില്ല. വേദന സഹിക്ക വയ്യാതായപ്പോള്‍ അവള്‍ അവളുടെ വീടിനടുത്തുള്ളൊരു ആശുപത്രിയില്‍ പോയി. അനിയന്‍ സ്ഥലത്തില്ല, ഞാനും മാതാപിതാക്കളും യാത്രയിലും. കുറച്ച് വൈകിയാണ് ഓടിപ്പിടച്ച് ഞങ്ങള്‍ ആശുപത്രിയിലെത്തുന്നത്.
ഞാനെത്തിയപ്പോള്‍ ഡോക്ടര്‍ എന്നെ ലേബര്‍ റൂമിലേക്ക് വിളിപ്പിച്ച് വിവരങ്ങള്‍ പറഞ്ഞു തന്നു. അവളെ പരിശോധിച്ചപ്പോള്‍ ഗര്‍ഭസംബന്ധമായ ഹോര്‍മോണിന്റെ അളവ് വളരെയേറെ കൂടുതല്‍. സ്‌കാന്‍ ചെയ്തപ്പോള്‍ ഗര്‍ഭപാത്രത്തില്‍ ഭ്രൂണമില്ല. ട്യൂബില്‍ ഗര്‍ഭമുണ്ടായി പൊട്ടിക്കാണുമെന്ന് കരുതി ഭയപ്പെട്ട് ഡോക്ടര്‍ സ്‌കാന്‍ ചെയ്തപ്പോള്‍ അവിടെയില്ല. ആവര്‍ത്തിച്ച് നോക്കിയിട്ടും ആ പരിസരത്തെങ്ങുമില്ല. ‘കുട്ടി ഗര്‍ഭിണിയാണ്, വയറ്റിലെ കുട്ടിയെ കാണുന്നില്ല’ എന്ന് ഡോക്ടര്‍ !
ഹോര്‍മോണിന്റെ അളവ് വെച്ച് നോക്കുമ്പോള്‍ ഗര്‍ഭം എവിടെയോ ഉണ്ടെന്ന് നൂറ് ശതമാനം ഉറപ്പ്. ആശുപത്രിയിലെ ഏറ്റവും സീനിയര്‍ ഗൈനക്കോളജിസ്റ്റ് വന്ന് സസൂക്ഷ്മം ആവര്‍ത്തിച്ച് സ്‌കാന്‍ ചെയ്തപ്പോള്‍ ഒടുക്കം ഗര്‍ഭപാത്രത്തിന് പുറത്ത് ഒളിച്ചിരുന്ന ഗര്‍ഭം കണ്ടെത്തി – കരളിന് താഴെ, വലത് കിഡ്നിയുടെ മീതെ ! ഗര്‍ഭപാത്രത്തിന് പുറത്ത് ഉണ്ടാകുന്ന ectopic ഗര്‍ഭങ്ങളില്‍ വെറും 1% ആണ് വയറിനകത്തുള്ള ഗര്‍ഭം. അതില്‍ തന്നെ ഏറ്റവും അസാധാരണമാണ് കരളിന് താഴെയുള്ള ഗര്‍ഭം.
മുപ്പത്തഞ്ച് കൊല്ലത്തെ അനുഭവപരിചയമുള്ള ഡോക്ടര്‍ പോലും ഇത് ആദ്യമായി കാണുകയാണത്രേ. സിടി സ്‌കാനെടുത്ത് സംഗതി ഉറപ്പിക്കുകയും ചെയ്തു. അത്യപൂര്‍വ്വമായ വിധത്തില്‍ അസ്ഥാനത്തുറച്ച ഭ്രൂണത്തിന് മിടിപ്പുണ്ടായിരുന്നു, ജീവനുണ്ടായിരുന്നു. അതിശയമെന്നോണം, ലിവറില്‍ നിന്ന് ശരീരം അതിന്റെ വളര്‍ച്ചക്കുള്ള രക്തം വരെ എത്തിച്ച് കൊടുക്കുന്നുണ്ടായിരുന്നു. പക്ഷേ, വയറിനകത്ത് പ്രധാനപ്പെട്ട രണ്ട് അവയവങ്ങള്‍ക്കിടയില്‍, അവിടെ ഗര്‍ഭം തുടരുന്നത് വല്ലാത്ത അപകടമാണ്. സര്‍ജറി ചെയ്തേ മതിയാകൂ. ഇത്രയെല്ലാം തീരുമാനമായപ്പോഴേക്ക് പുലര്‍ച്ചേ രണ്ടര മണിയായിട്ടുണ്ട്.
നേരം വെളുത്ത ശേഷം, പരിചയമുള്ള സര്‍ജന്‍മാരെ വിളിച്ചപ്പോള്‍ ആ ആശുപത്രിയില്‍ തുടരാതെ കോഴിക്കോട് പോയി എമര്‍ജന്‍സി സര്‍ജറി ചെയ്യാനായിരുന്നു നിര്‍ദേശം. വീട്ടുകാര്‍ ഡിസ്ചാര്‍ജ് നടപടികള്‍ പൂര്‍ത്തിയാക്കുന്ന മുറക്ക് ഗ്യാസ്ട്രോസര്‍ജനും ടീമും റെഡിയുള്ള ആശുപത്രികള്‍ ഫോണിലൂടെ അന്വേഷിക്കുകയായിരുന്നു ഞാന്‍. സര്‍ജറിക്കിടെ എന്തെങ്കിലും അപ്രതീക്ഷിത വെല്ലുവിളി ഉണ്ടായാലും അനിയത്തിയുടെ ജീവന് അപകടമുണ്ടാകരുതല്ലോ. ഒടുക്കം ഡോക്ടറുണ്ടെന്ന് ഉറപ്പ് വരുത്തി ആംബുലന്‍സില്‍ അനിയത്തിയെ അങ്ങോട്ട് ഷിഫ്റ്റ് ചെയ്തു.
ആശുപത്രിയുടെ എമര്‍ജന്‍സി ഡിപാര്‍ട്മെന്റില്‍ തന്നെ ഗ്യാസ്ട്രോസര്‍ജന്‍ വന്ന് അവളെ കണ്ടു, ഗൈനക്കോളജിസ്റ്റും അനസ്തേഷ്യ വിദഗ്ധരും കണ്ടു. ദ്രുതഗതിയില്‍ പ്രാരംഭനടപടികള്‍ വേഗത്തിലാക്കി അവളെ ഓപ്പറേഷന്‍ തീയറ്ററില്‍ കയറ്റി. മൂന്നരമണിക്കൂറെടുത്ത് അവളുടെ കരളില്‍ നിന്ന് ആ കുഞ്ഞിനെ അവളുടെ കരളിന്റെ വളരെ ചെറിയൊരു കഷ്ണത്തോടൊപ്പം താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി വേര്‍പെടുത്തി. ഓപ്പറേഷന് ശേഷം എടുത്ത് കളഞ്ഞ ഭ്രൂണത്തെ ഗ്യാസ്ട്രോസര്‍ജന്‍ ഞങ്ങള്‍ക്ക് കാണിച്ച് തന്നു. ‘മെഡിക്കല്‍ സയന്‍സില്‍ ഒന്നും അസംഭവ്യമല്ല’ എന്നത് പറഞ്ഞു തന്നിട്ടുള്ള അധ്യാപകരെ ഓര്‍ത്ത് പോയി.
അവളുടെ ഗര്‍ഭം എവിടെയെന്ന് കണ്ടെത്തി തന്ന ഡോക്ടര്‍ക്കും, വിജയകരമായി സര്‍ജറി ചെയ്തു തന്ന ടീമിനും ഹൃദയത്തില്‍ തൊട്ട നന്ദി.സര്‍ജറി കഴിഞ്ഞ് ഇരുപത്തിനാല് മണിക്കൂര്‍ തികയുന്നേയുള്ളൂ. ചെറിയ വേദനയുള്ളതൊഴിച്ചാല്‍ അവള്‍ ഐസിയുവിന്റെ തണുപ്പില്‍ സുഖമായിരിക്കുന്നു.
ചില നേരത്ത് അപ്രതീക്ഷിതമായി വരുന്നത് ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് അദ്ഭുതം ചൊരിയുമായിരിക്കാം, അവരത് നേരെയാക്കാനുള്ള മാര്‍ഗങ്ങള്‍ തേടും, വിദഗ്ധര്‍ പോലും അതിവിദഗ്ധരെ സമീപിച്ച് ഉത്തരം കണ്ടെത്തും, പുതിയ സാങ്കേതികവിദ്യകള്‍ അതിന് സഹായിക്കും. സ്‌കാനും സിടിയുമെല്ലാം അത്തരത്തില്‍ നോക്കുമ്പോള്‍ ജീവനോളം വിലയുള്ള കണ്ടുപിടിത്തങ്ങളാണ്, മെമ്മറിയില്‍ സൂക്ഷിച്ച ചിത്രങ്ങളെ പ്രസവിക്കുമെന്ന് പലരും പറയുന്ന മെഷീന്‍ മിനിയാന്ന് രാത്രി എടുത്ത് തന്ന ചിത്രം കണ്ട് നട്ടെല്ലിലൂടെ പാഞ്ഞ മിന്നല്‍ ഇപ്പോഴും മാറിയിട്ടില്ല. ഡോക്ടര്‍ കൂട്ടിരിപ്പുകാരാകുന്ന ദുരിതം വല്ലാത്തതാണ്, അറിവില്ലായ്മ പലപ്പോഴും വലിയ അനുഗ്രഹവുമാണ്.
ശാസ്ത്രം ഏറെ വികസിച്ച് കഴിഞ്ഞു. നമ്മളതിനോട് മുഖം തിരിഞ്ഞ് നില്‍ക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. ഉറക്കമൊഴിച്ച രണ്ട് രാവുകള്‍ക്കിപ്പുറം തിരക്കുകളിലേക്ക് ഊളിയിടാനുള്ള ഒരു ദിവസം തുടങ്ങുന്നിടത്തിരുന്ന് ഇതെഴുതാന്‍ മെനക്കെടുന്നതും ഇത് വായിക്കുന്നവരോടുള്ള ഒരോര്‍മ്മപ്പെടുത്തല്‍ എന്നോണമാണ്. നമ്മള്‍ അവഗണിക്കുന്ന ലക്ഷണങ്ങള്‍, വേണ്ടെന്ന് പറയുന്ന പരിശോധനകള്‍, സംശയത്തോടെ നോക്കുന്ന ഡോക്ടര്‍മാര്‍- നമ്മള്‍ തുലാസില്‍ വെക്കുന്നത് ജീവനാണ്.
എന്റെ കുടുംബം അനുഭവിച്ച അത്യപൂര്‍വ്വമായ സംഘര്‍ഷം അതേ പടി തുറന്ന് പങ്ക് വെക്കുന്നതും ആ ഭീകരത മനസ്സില്‍ നിന്ന് പോകാനുള്ള സമയം പോലുമെടുക്കാതെ ഇതെഴുതാന്‍ ശ്രമിക്കുന്നതും പ്രിയപ്പെട്ട വായനക്കാര്‍ ചിലതെല്ലാം മനസ്സിലുറപ്പിക്കാനാണ്. ദയവ് ചെയ്ത് ചികിത്സ വൈകിക്കാതിരിക്കുക, ചികിത്സകരെ വിശ്വസിക്കുക. ഞങ്ങള്‍ക്ക് എല്ലാവരെയും രക്ഷിക്കാനൊന്നുമാകില്ലെന്നത് നേര്. പക്ഷേ, നഷ്ടങ്ങളുടെ ആഴം കുറയ്ക്കാന്‍ ഞങ്ങളുള്ളിടത്തോളം ശ്രമിച്ചിരിക്കും. നെഞ്ചില്‍ കൈ വെച്ചെടുത്ത പ്രതിജ്ഞയാണത്…
‘I will maintain the utmost respect for human life ‘ – Hippocrates Oath
സ്നേഹം…
Dr. Shimna Azeez

LIVE NEWS - ONLINE

 • 1
  8 hours ago

  ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 2
  9 hours ago

  വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

 • 3
  10 hours ago

  മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

 • 4
  12 hours ago

  പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

 • 5
  13 hours ago

  ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

 • 6
  15 hours ago

  അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

 • 7
  15 hours ago

  കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

 • 8
  16 hours ago

  ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

 • 9
  17 hours ago

  പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം