Tuesday, September 25th, 2018

ഷംസീര്‍ എംഎല്‍എയുടെ ഭാര്യക്ക് നിയമനം; ഹൈക്കോടതി വിശദീകരണം തേടി

ജനറല്‍ കാറ്റഗറിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ വിളിച്ച വിജ്ഞാപനം ഒ.ബി.സി മുസ്ലിം എന്നാക്കി തിരുത്തിയാണ് നിയമനം

Published On:Jul 13, 2018 | 12:47 pm

കൊച്ചി: തലശ്ശേരി എംഎല്‍എ എ.എന്‍.ഷംസീറിന്റെ ഭാര്യക്ക് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വഴിവിട്ട് നിയമനം നല്‍കിയതില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണ് ഷംസീറിന്റെ ഭാര്യക്ക് നിയമനം നല്‍കിയതെന്നായിരുന്നു പരാതി.
സ്‌കൂള്‍ ഒഫ് പെഡഗോഗിക്കല്‍ സയന്‍സിലേക്ക് നടന്ന താല്‍ക്കാലിക അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേക്കാണ് ഷംസീറിന്റെ ഭാര്യ ഷഹലയെ ചട്ടങ്ങള്‍ മറികടന്ന് നിയമിച്ചത്. ഇക്കാര്യത്തിലാണ് സര്‍ക്കാരിനോടും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയോടും വിശദീകരണം ആവശ്യപ്പെട്ടത്. ഈ വിശദീകരണം കേട്ട ശേഷമായിരിക്കും ഇക്കാര്യത്തില്‍ കോടതി അന്തിമ വിധി പുറപ്പെടുവിക്കുക.
എ.എന്‍ ഷംസീര്‍.എം.എല്‍.എയുടെ ഭാര്യയുടെ നിയമനത്തിനായി കണ്ണൂര്‍ സര്‍വകലാശാല വിജ്ഞാപനവും റാങ്ക് ലിസ്റ്റും തിരുത്തിയെന്ന് കാണിച്ച് റാങ്ക് പട്ടികയിലെ ഒന്നാം സ്ഥാനക്കാരിയായ ഡോ.എം.പി. ബിന്ദു നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയത്.
ജനറല്‍ കാറ്റഗറിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ വിളിച്ച വിജ്ഞാപനം ഒ.ബി.സി മുസ്ലിം എന്നാക്കി തിരുത്തിയാണ് നിയമനം നല്‍കിയതെന്നായിരുന്നു ബിന്ദുവിന്റെ പരാതിയില്‍ പറയുന്നത്. രണ്ട് പേര്‍ പങ്കെടുത്ത നിയമനത്തില്‍ ഒന്നാം റാങ്കുകാരിയായ തന്നെ ഒഴിവാക്കിയാണ് വിജ്ഞാപനം തിരുത്തിയതെന്നും ബിന്ദു ആരോപിച്ചു.
കഴിഞ്ഞ ജൂണ്‍ എട്ടിനാണ് ധര്‍മ്മശാലയില്‍ പ്രവര്‍ത്തിക്കുന്ന പെഡഗോഗിക്കല്‍ സയന്‍സ് വിഭാഗത്തിലേക്ക് സയന്‍സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ കരാര്‍ അധ്യാപകരെ നിയമിക്കാനുള്ള വിഞ്ജാപനം ഇറക്കിയത്. സംവരണാടിസ്ഥാനത്തിലാണു നിയമനം എന്നാണു സര്‍വകലാശാല നല്‍കുന്ന വിശദീകരണം. എന്നാല്‍, പൊതുനിയമനത്തിനു വേണ്ടിയാണു സര്‍വകലാശാല വിജ്ഞാപനമിറക്കിയത്.
സര്‍വകലാശാല പറയുന്ന സംവരണതത്വം അനുസരിച്ചാണെങ്കില്‍ പോലും എംഎല്‍എയുടെ ഭാര്യയുടെ നിയമനം ക്രമവിരുദ്ധമാണെന്നും പരാതിയിലുണ്ട്. ഈ പഠനവകുപ്പില്‍ അവസാനം നടത്തിയ നിയമനം പൊതുവിഭാഗത്തിലായതിനാല്‍ തൊട്ടടുത്ത നിയമനം സംവരണവിഭാഗത്തിന് അര്‍ഹതപ്പെട്ടതാണെന്നായിരുന്നു സര്‍വകലാശാല ഇന്നലെ പുറത്തിറക്കിയ വിശദീകരണം. എന്നാല്‍, സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ എട്ടിനുതന്നെ നടന്ന മറ്റൊരു അഭിമുഖത്തില്‍ സംവരണ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥിക്കു നിയമനം നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ എംഎല്‍എയുടെ ഭാര്യയെ നിയമിച്ച തസ്തിക ജനറല്‍ വിഭാഗത്തിന് അര്‍ഹതപ്പെട്ടതാണെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലുണ്ട്.
എംഎല്‍എ.യുടെ ഭാര്യയുടെ അഭിമുഖത്തിന് വിഷയ വിദഗ്ധനും വകുപ്പ് മേധാവിയും ഉണ്ടായിട്ടുമില്ല. എന്നാല്‍ അതേ ദിവസം നടന്ന മാത്തമാറ്റിക്‌സ് വിഷയത്തില്‍ പ്രൊ.വൈസ് ചാന്‍സലറും മറ്റ് രണ്ട് പ്രൊഫസര്‍മാരും അഭിമുഖത്തിലുണ്ടായിരുന്നു. നേരത്തെ മന്ത്രി ജി സുധാകരന്റെ ഭാര്യയുടെ നിയമനവും വിവാദത്തിലായിരുന്നു. കേരള സര്‍വ്വകലാശാലയില്‍ സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടറായാണ് സുധാകരന്റെ ഭാര്യക്ക് നിയമനം നല്‍കിയത്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 2
    3 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 3
    6 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 4
    6 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 5
    8 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 6
    8 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 7
    8 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 8
    9 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 9
    10 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി