സ്കൂള്‍ കായികോത്സവത്തിന് നാളെ തുടക്കം

Published:December 2, 2016

Athletic Sports Full

 

 

 

മലപ്പുറം: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തെ വരവേല്‍ക്കാന്‍ മലപ്പുറം ഒരുങ്ങി. നാളെ മുതല്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ സി.എച്ച്. മുഹമ്മദ് കോയ സിന്തറ്റിക്ക് സ്റ്റേഡിയം കൗമാരകുതിപ്പിന് വേദിയാകും. പുതിയ ദൂരവും ഉയരവും വേഗവും കണ്ടത്തെുന്നതിന് മലപ്പുറത്തെത്തുന്ന പ്രതിഭകള്‍ക്കായി ഒരുക്കം പൂര്‍ത്തിയായി. ആദ്യമായി ജില്ലയിലെത്തിയ മേളയെ ആഘോഷമാക്കാനുള്ള തീരുമാനത്തിലാണ് സംഘാടക സമിതി. ഡിസംബര്‍ മൂന്നു മുതല്‍ ആറു വരെയാണ് കായികോത്സവം. ഇന്നു ഉച്ചക്ക് രണ്ടു മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. രാത്രി 12 വരെ രജിസ്‌ട്രേഷന്‍ നീളും.
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ആണ്‍പെണ്‍ വിഭാഗങ്ങളില്‍ 2581 കുട്ടികള്‍ 95 ഇനങ്ങളിലായി മേളയില്‍ പങ്കെടുക്കും. 350 ഒഫീഷ്യല്‍സും മേള നിയന്ത്രിക്കാനുണ്ടാകും. മത്സരവിജയികള്‍ക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 1500, 1250,1000 എന്നീ ക്രമത്തിലും വ്യക്തിഗത ചാമ്പ്യന്‍മാര്‍ക്ക് നാല് ഗ്രാം സ്വര്‍ണമെഡലും സംസ്ഥാന സ്‌കൂള്‍ റെക്കോഡ് ഭേദിക്കുന്നവര്‍ക്ക് 4,000 രൂപ കാഷ് അവാര്‍ഡും ദേശീയ റെക്കോഡ് ഭേദിക്കുന്നവര്‍ക്ക് 10,000 രൂപ അവാര്‍ഡും നല്‍കും. നാളെ വൈകീട്ട് 3.30ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഒളിമ്പ്യന്‍ പി.ടി. ഉഷ, ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷ്, ഒളിമ്പ്യന്‍ കെ.ടി. ഇര്‍ഫാന്‍ എന്നിവര്‍ മുഖ്യാതിഥികളാവും.
എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ്, എം.എല്‍.എമാരായ ടി.വി. ഇബ്രാഹിം, വി. അബ്ദുറഹ്മാന്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആറിന് സമാപന ചടങ്ങ് നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാവും.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.