Sunday, February 17th, 2019

സൗദി വത്കരണം; നാട്ടിലേക്ക് മടങ്ങാനൊരുങ്ങി മലയാളികള്‍

സൗദി വത്കരണം; സുരക്ഷ കര്‍ശനം, രണ്ടാം ദിനവും കടകള്‍ അടഞ്ഞ് കിടന്നു

Published On:Sep 13, 2018 | 9:50 am

റിയാദ്: വ്യാപാരമേഖലയിലെ സമഗ്ര സ്വദേശിവത്കരണം തുടങ്ങിയതിന്റെ രണ്ടാം ദിവസവും സൗദി അറേബ്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും കടകള്‍ തുറന്നില്ല. വസ്ത്രം, പാദരക്ഷകള്‍, വാഹനങ്ങള്‍, ഫര്‍ണിച്ചര്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പനശാലകളിലാണ് ഈ മാസം 11 മുതല്‍ 70 ശതമാനം സ്വദേശിവത്കരണം നടപ്പായത്. ഈ മേഖലയില്‍ ചെറുകിട സ്ഥാപനങ്ങള്‍ നടത്തുന്ന വിദേശികള്‍ക്കാണ് വലിയ തിരിച്ചടി. ഇതില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരുടെ എണ്ണം ലക്ഷക്കണക്കാണ്. ഭൂരിഭാഗത്തിനും കട അടച്ചുപൂട്ടുകയല്ലാതെ നിവൃത്തിയില്ലാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. നിയമം പ്രാബല്യത്തിലായതോടെ തൊഴില്‍ മന്ത്രാലയവും സുരക്ഷാവകുപ്പുകളും ചേര്‍ന്ന് പരിശോധന കര്‍ശനമാക്കി.
നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 മുതല്‍ 25,000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതിനാല്‍ പകല്‍സമയങ്ങളില്‍ ഭൂരിഭാഗം മേഖലകളിലും കടകള്‍ അടഞ്ഞുകിടക്കുകയാണ്. അതേസമയം, ഹാജിമാര്‍ മടങ്ങിപ്പോകാന്‍ ബാക്കിയുള്ളതിനാലാവണം മക്ക, മദീന മേഖലകളില്‍ കര്‍ശന പരിശോധനകള്‍ ആരംഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവിടെ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. ജിദ്ദയില്‍ മലയാളികളുടെ പ്രധാന കച്ചവടമേഖലയായ ഷറഫിയയിലും ഹാജിമാരുടെ പ്രധാന സന്ദര്‍ശക വിപണിയായ ജിദ്ദ ബലദിലും കടകള്‍ സാധാരണപോലെ പ്രവര്‍ത്തിക്കുന്നുണ്ട്.
സ്വദേശികള്‍ക്ക് അഞ്ചുലക്ഷം തൊഴിലവസരം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ 12 വ്യാപാര വാണിജ്യമേഖലകളില്‍ സൗദിവത്കരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടം ആരംഭിച്ചതോടെതന്നെ സ്വദേശികള്‍ക്ക് വസ്ത്ര വ്യാപാരമേഖലയിലുള്‍പ്പെടെ പരിശീലനവും സാമ്പത്തിക സഹായവും പിന്തുണയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സൗദി ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്മന്റെ് ഫണ്ടാണ് ചൊവ്വാഴ്ച ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കിയത്.
സൗദി വിഷന്‍ 2030ന്റെ ഭാഗമായ പദ്ധതിയായതിനാല്‍ സ്വദേശിവത്കരണം വെറും പ്രഖ്യാപനത്തിലൊതുങ്ങില്ലെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന. ഇത് മുന്‍കൂട്ടിക്കണ്ട് മലയാളികള്‍ ഉള്‍പ്പെടെ വിദേശികളോട് നാടണയാന്‍ സ്‌പോണ്‍സര്‍മാര്‍തന്നെ ആവശ്യപ്പെട്ടുതുടങ്ങി. വസ്ത്രമേഖലയിലാണ് പ്രധാനമായും മലയാളികളുടെ ആധിപത്യം. പ്രത്യേകിച്ച് യൂനിഫോം മേഖലയില്‍ ആയിരക്കണക്കിന് മലയാളികളാണ് സൗദിയില്‍ ജോലി ചെയ്യുന്നത്.
സ്‌കൂളുകള്‍, തൊഴില്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലേക്ക് കോടിക്കണക്കിന് റിയാലിന്റെ യൂനിഫോം വ്യാപാരം നടക്കുന്ന മേഖലയാണിത്. ഇത്തരം കേന്ദ്രങ്ങളിലെല്ലാം കര്‍ശന പരിശോധന തുടങ്ങിയതിനാല്‍ പലരും അടച്ചുപൂട്ടി. റെഡിമെയ്ഡ്, പാദരക്ഷ വിപണികളിലും മലയാളികളുടെ ആധിപത്യമുണ്ടായിരുന്നു.
നവംബര്‍, ജനുവരി മാസങ്ങളോടെ സൗദി സ്വദേശിവത്കരണത്തിന്റെ ആഘാതം വിദേശികള്‍ക്ക് താങ്ങാവുന്നതിലേറെയാവും. ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, വാച്ച്, കണ്ണട വില്‍പനകളില്‍ നവംബര്‍ ഒമ്പതുമുതല്‍ സ്വദേശിവത്കരണം യാഥാര്‍ഥ്യമാവും.
മെഡിക്കല്‍ ഉപകരണങ്ങള്‍, നിര്‍മാണ സാമഗ്രികള്‍, കാര്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍, കാര്‍പറ്റ്, ബേക്കറി ഉല്‍പന്നങ്ങള്‍ എന്നീ കച്ചവടകേന്ദ്രങ്ങളില്‍ ജനുവരി ഏഴു മുതല്‍ സ്വദേശിവത്കരണം നടപ്പാവും. ഇത്രയും മേഖലകളില്‍ കൂടി വിദേശികളുടെ ആധിപത്യം കുറയുന്നതോടെ അഞ്ചു ലക്ഷം സൗദികള്‍ക്ക് ജോലി ലഭിക്കുമെന്നാണ് സര്‍ക്കാറിന്റെ കണക്ക്. ഈ മേഖലയിലെല്ലാം നല്ലൊരു പങ്ക് മലയാളികളുണ്ട്. പ്രവാസികളുടെ വന്‍തിരിച്ചുപോക്കിനാണ് ഇത് കാരണമാവുക.
നേരത്തേ മലയാളികളുടെ ആധിപത്യമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ മേഖല സ്വദേശിവത്കരിച്ചപ്പോള്‍ പലരും പിടിച്ചുനിന്നത് മൊബൈല്‍ കടകള്‍ മാറ്റി മിഠായി, വസ്ത്രം, സ്‌റ്റേഷനറി കടകള്‍ ആരംഭിച്ചാണ്. ഇവയെല്ലാം ഒഴിവാക്കി നാടണയേണ്ട അവസ്ഥയാണിപ്പോള്‍.
എന്നാല്‍ മലയാളികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് വലിയ പങ്കാളിത്തമുള്ള മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ലഘുഭക്ഷണ ശാലകള്‍ക്കും റസറ്റോറന്റുകള്‍ക്കും തല്‍ക്കാലം ഭീഷണിയില്ല. അതേസമയം, വിദേശ തൊഴിലാളികള്‍ക്ക് ജോലിയില്ലാതാവുകയും തിരിച്ചുപോക്ക് ശക്തമാവുകയും ചെയ്യുന്നതോടെ ഇവരുടെ കച്ചവടത്തില്‍ കാര്യമായ ഇടിവുണ്ടാവും. സെപ്റ്റംബര്‍ 11 മുതല്‍ തന്നെ ഹോട്ടലുകളില്‍ ഇതു പ്രകടമായി. അതു മാത്രമല്ല, ലെവി, വാറ്റ് ഉള്‍പ്പെടെ ചെലവ് ഏറുകയും വൈദ്യുതി ചാര്‍ജ് കുത്തനെ കൂടുകയും ചെയ്ത സാഹചര്യത്തില്‍ ഈ മേഖലയിലും പിടിച്ചു നില്‍ക്കല്‍ പ്രയാസമാണെന്ന് തൊഴിലാളികള്‍ പറയുന്നു.

 

LIVE NEWS - ONLINE

 • 1
  2 hours ago

  ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

 • 2
  4 hours ago

  നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

 • 3
  4 hours ago

  വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

 • 4
  16 hours ago

  പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

 • 5
  18 hours ago

  സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

 • 6
  20 hours ago

  വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

 • 7
  24 hours ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

 • 8
  24 hours ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

 • 9
  1 day ago

  ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും