ഹൈദരാബാദ് സ്‌ഫോടനം: യാസിന്‍ ഭട്കല്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് വധശിക്ഷ

Published:December 19, 2016

yasin-batkal-full

 

 

 
ന്യൂഡല്‍ഹി: ഹൈദരാബാദ് ഇരട്ട സ്‌ഫോടനക്കേസില്‍ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരായ യാസിന്‍ ഭട്കല്‍ അടക്കം അഞ്ച് പേര്‍ക്കു വധശിക്ഷ. ഹൈദരാബാദ് എന്‍ഐഎ പ്രത്യേക കോടതിയുടേതാണ് വിധി. അഞ്ചു പ്രതികളും കുറ്റക്കാരാണെന്നു ഡല്‍ഹിയിലെ എന്‍ഐഎ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഹൈദരാബാദിലെ ദില്‍സുഖ്‌നഗറിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച നിരോധിത തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ സ്ഥാപക നേതാവ് അഹമ്മദ് സിദ്ദിബപ്പ സരാര്‍ (യാസിന്‍ ഭട്കല്‍), അസദുല്ല അക്തര്‍(ഹദ്ദി), സിയാ ഉര്‍ റഹ്മാന്‍(വഖാസ്), മുഹമ്മദ് തഹ്‌സീന്‍ അഖ്തര്‍(ഹസ്സന്‍), അജാസ് ഷെയ്ഖ് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. ഒന്നാം പ്രതി മുഹമ്മദ് റിയാസ്(റിയാസ് ഭട്കല്‍) ഒളിവിലാണ്. ഇന്ന് രാവിലെ ചെര്‍ളപ്പള്ളി സെന്‍ട്രല്‍ ജയിലിനകത്തുള്ള എന്‍ഐഎ പ്രത്യേക കോടതിയില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും ഇത് ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്കുള്ള ശക്തമായ സന്ദേശമായിരിക്കുമെന്നും പ്രൊസിക്യൂട്ടര്‍ വാദിച്ചിരുന്നു. ഇതു കൂടി പരിഗണിച്ചാണ് കേസിലെ അഞ്ച് പ്രതികള്‍ക്കും കോടതി പരമാവധി ശിക്ഷ നല്‍കിയത്. 2013 ഫെബ്രുവരി ഇരുപത്തിമൂന്നിന് സന്ധ്യക്കാണ് ദില്‍സുഖ്‌നഗറിലെ തിരക്കേറിയ ചായക്കടയിലും തൊട്ടടുത്തുള്ള സിനിമ തീയേറ്ററിന് മുന്നിലും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ സ്‌ഫോടനമുണ്ടായത്. ഇതില്‍ പതിനെട്ട് പേര്‍ മരിക്കുകയും നൂറ്റിമുപ്പത്തിയൊന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്‌ഫോടനത്തിന്റെ അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യന്‍ മുജാഹീദ്ദീനാണെന്ന് കണ്ടെത്തുകയും റിയാസ് ഭട്കലിനേയും വഖാസിനേയും നേപ്പാള്‍ അതിര്‍ത്തിയില്‍ വച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ ഉള്‍പ്പെട്ട കേസില്‍ ആദ്യത്തെ ശിക്ഷ വിധിയാണ് ഇത്. സ്‌ഫോടനം നടന്ന് ആറുമാസത്തിനകം തന്നെ പ്രധാന പ്രതികളെ പിടികൂടിയിരുന്നു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.