ശബരിമല അപകടം; പോലീസിന്റെ വീഴ്ചയെന്ന് സ്‌പെഷല്‍ ബ്രാഞ്ച്

Published:December 26, 2016

sabarimala-rush-accident-full

 

 

 

പത്തനംതിട്ട: ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് മുപ്പതിലധികം അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചതായി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പോലീസുകാര്‍ പിടിച്ചിരുന്ന വടം വഴുതിയാണ് അപകടമുണ്ടായതെന്നാണ് നിഗമനം. തങ്ക അങ്കി യാത്ര നടക്കുന്ന തിരക്കുള്ള സമയത്തും പത്തില്‍ താഴെ പോലീസുകാരാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത്. ബാരിക്കേഡുകള്‍ വെക്കാത്തതും തിരക്കുള്ള സമയമായിട്ടും ഒന്‍പത് പോലീസുകാര്‍ മാത്രം വടം പിടിച്ചതുമാണ് അപകടത്തിന് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് സ്‌പെഷല്‍ ബ്രാഞ്ച് എ.ഡി.ജി.പിക്ക് കൈമാറി. അതേ സമയം, സംഭവത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഐ.ജി ശ്രീജിത്തിനോട് റിപ്പോര്‍ട്ട് തേടി. ഇന്നലെ തങ്ക അങ്കി യാത്രയോട് അനുബന്ധിച്ച് ശബരിമലയില്‍ അനുഭവപ്പെട്ട തിക്കിലും തിരക്കിലും പെട്ട് മുപ്പതിലധികം പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇതില്‍ നിരവധി പേരുടെ നില ഗുരുതരമായിരുന്നു. അപകടത്തിനിരയായവര്‍ക്ക് ശരിയായ രീതിയില്‍ ചികിത്സ ലഭ്യമാക്കാനും കഴിഞ്ഞിരുന്നില്ല. കൈകളും കാലും ഒടിഞ്ഞ അയ്യപ്പന്‍മാര്‍ക്ക് എക്‌സ് റേ എടുക്കാനുളള സൗകര്യവും ഉണ്ടായിരുന്നില്ല. അതിനാല്‍ അപകടത്തില്‍പ്പെട്ടവരെ പമ്പയിലേക്കും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോകുകയായിരുന്നു.
പരിക്കേറ്റവര്‍ക്ക് സൗജന്യമായി ചികിത്സയൊരുക്കുമെന്നും ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് സെക്രട്ടറിക്കും ദേവസ്വം വകുപ്പ് സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ, ദേവസ്വം ബോര്‍ഡംഗങ്ങളായ കെ. രാഘവന്‍, അജയ് തറയില്‍, ദേവസ്വം കമ്മിഷണര്‍ സി.പി. രാമരാജ പ്രേമപ്രസാദ്, ഐ.ജി. എസ്. ശ്രീജിത്ത് എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
എന്നാല്‍, വടം പൊട്ടിയതു മൂലമല്ല അപകടമുണ്ടായതെന്നും തിരക്ക് വര്‍ധിച്ചതിനാലാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.