ഹിന്ദുമതം സ്ത്രീകളുടെ ക്ഷേത്രപ്രവേശനം തടയുന്നില്ല
ഹിന്ദുമതം സ്ത്രീകളുടെ ക്ഷേത്രപ്രവേശനം തടയുന്നില്ല
ന്യൂഡല്‍ഹി: ശബരിമല ശ്രീധര്‍മ്മശാസ്ത്രാ ക്ഷേത്രത്തില്‍ എന്ത് അടിസ്ഥാനത്തിലാണ് സ്ത്രീകള്‍ക്ക് ഭരണസമിതി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് സുപ്രീംകോടതി. ശബരിമല പൊതുക്ഷേത്രമാണെങ്കില്‍ എല്ലാവര്ക്കും ഒരു പോലെ ആരാധന നടത്താന്‍ കഴിയണം. അല്ലാത്തപക്ഷം അത് ഭരണഘടനാ വിരുദ്ധമാണെന്നും ഭരണഘടനാ ബെഞ്ച് പരാമര്‍ശം നടത്തി. ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന് നല്കിയ ഹരജിയില്‍ വാദം കോള്‍ക്കവെ ആണ് കോടതി പരാമര്‍ശം നടത്തിയത്.
ദേവസ്വം ബോര്‍ഡിന് ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ എന്താണ് അധികാരം. ഒരു ക്ഷേത്രം എന്നത് പൊതു ക്ഷേത്രമായിരിക്കും. പൊതു ക്ഷേത്രമാണെങ്കില്‍ എല്ലാവര്ക്കും ആരാധന നടത്താന്‍ അവകാശമുണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനും ജസ്റ്റിസുമാരായ ആര്.എഫ്. നരിമാന്, ഇന്ദു മല്‍ഹോത്ര, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ അംഗങ്ങളുമായ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി.
ക്ഷേത്ര ഭരണകാര്യത്തില്‍ ഇടപെടാന്‍ ആകില്ലെന്ന് രാവിലെ വാദം കേള്‍ക്കവെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങള്‍ക്കും മേല്‍നോട്ടത്തിനും ദേവസ്വം ബോര്‍ഡ് ഉണ്ട്. നിയമപരമായ കാര്യങ്ങള്‍ മാത്രമാകും പരിശോധിക്കുകയെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
അതേസമയം, ഹിന്ദുമതം സ്ത്രീകളുടെ ക്ഷേത്രപ്രവേശനം തടയുന്നില്ല. തിരുവിതാംകൂര്‍ രാജാവ് ക്ഷേത്രത്തിലെ സ്ത്രീപ്രവേശനം വിലക്കിയതിന് തെളിവില്ല. ശബരിമല ക്ഷേത്ര ആചാരങ്ങള്‍ ബുദ്ധമത വിശ്വാസത്തിന്റെ തുടര്‍ച്ചയാണെന്ന് ഹരജിക്കാരുടെ അഭിഭാഷകയായ ഇന്ദിര ജെയ്സിംഗ് വാദത്തിനിടെ ചൂണ്ടിക്കാട്ടി. എന്നാല്‍, ബുദ്ധ ആചാരങ്ങളുടെ തുടര്‍ച്ചയാണ് എന്ന വാദങ്ങള്‍ പോര, വസ്തുതകള്‍ നിരത്തി അവ തെളിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് ആചാരങ്ങളുടെ ഭാഗമെങ്കില്‍ അത് തെളിയിക്കണമെന്ന് ഇന്ദിര ജയ്സിംഗ് ആവശ്യപ്പെട്ടു.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടറിയിച്ചു.