Monday, November 19th, 2018

ഇന്ന് കളി ബ്രസീല്‍ ടീമുകള്‍ തമ്മില്‍

ആരാവും ? കണ്ണൂരിന്റെ ഹൃദയമിടിപ്പ് ഏറുന്നു...

Published On:Jul 6, 2018 | 10:45 am

കണ്ണൂര്‍: റഷ്യന്‍ ലോകകപ്പില്‍ ഇന്ന് കളി ബ്രസീല്‍ ടീമുകള്‍ തമ്മിലാണ്. അഞ്ചുതവണ ലോക ചാമ്പ്യന്മാരായ യഥാര്‍ഥ ബ്രസീലിനെ നേരിടാന്‍ യൂറോപ്പിലെ ‘ബ്രസീലാ’യ ബെല്‍ജിയം കച്ചമുറുക്കിക്കഴിഞ്ഞു. ടിറ്റെയുടെ ബ്രസീലിനെ മലര്‍ത്തിയടിക്കാന്‍ റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ ബ്രസീലിന് കഴിയുമോ എന്നാണ് ലോകകപ്പ് ക്വാര്‍ട്ടര്‍ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഫുട്ബാള്‍ ലോകം ഉറ്റുനോക്കുന്നത്. ഇന്ന് രാത്രി 11.30നാണ് മത്സരം. ആരാവും ഇന്ന് ജയിച്ചു കയറുക, ബ്രസീലോ ബെല്‍ജിയമോ ? ഏറെ ആരാധകരുള്ള കണ്ണൂരിന്റെ മനസ് ബ്രസീലിനൊപ്പമാണ്. അതുകൊണ്ട് തന്നെ ഓരോ മിനുട്ടുകള്‍ പിന്നിടുമ്പോഴും കണ്ണൂരിന്റെ ഹൃദയമിടിപ്പ് ഏറുകയാണ്.
സമീപകാലത്തെ ബെല്‍ജിയത്തിന്റെ മനോഹരമായ കേളീശൈലിയെ തുടര്‍ന്നാണ് യൂറോപ്പിലെ ബ്രസീല്‍ എന്ന വിളിപ്പേര് ടീമിന് കിട്ടിത്തുടങ്ങിയത്. ഏറെ പ്രതിഭകളടങ്ങിയ ഇപ്പോഴത്തെ ബെല്‍ജിയം ടീം ലോകകിരീടം സ്വന്തമാക്കാന്‍ കെല്‍പുള്ളവരാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. എന്നാല്‍, അത യാഥാര്‍ഥ്യമാവണമെങ്കില്‍ മറികടക്കേണ്ട ഏറ്റവും വലിയ വെല്ലുവിളിയാണ് ബെല്‍ജിയത്തിന്റെ മുന്നില്‍ ഇന്ന് മഹാമേരു കണക്കെ ഉയര്‍ന്നുനില്‍ക്കുന്നത്, സാക്ഷാല്‍ ബ്രസീല്‍.
ഭാവനാസമ്പന്നമായ മധ്യനിരയും പ്രഹരശേഷിയുള്ള മുന്‍നിരയുമാണ് ടീമിന്റെ ശക്തി. മുന്‍നിരയില്‍ ഹസാര്‍ഡ്-ലുകാകു-മെര്‍ട്ടന്‍സ് ത്രയത്തിന് പിന്തുണ നല്‍കാന്‍ മധ്യനിരയില്‍ കെവിന്‍ ഡിബ്രൂയിന്‍, അക്‌സല്‍ വിറ്റ്‌സല്‍, തോമസ് മുനിയര്‍ എന്നിവരുണ്ടാവും. നിറംമങ്ങിയ കറാസ്‌കോക്ക് പകരം കഴിഞ്ഞ കളിയില്‍ നിര്‍ണായക ഗോള്‍ നേടിയ നാസര്‍ ചഡ്‌ലിയോ മൗറെയ്ന്‍ ഫെല്ലീനിയോ ഇടംപിടിക്കാന്‍ സാധ്യതയുണ്ട്.
ഡിഫന്‍സാണ് ബെല്‍ജിയത്തിന് ആധിയേറ്റുന്ന മേഖല. മാര്‍ട്ടിനെസിന്റെ മൂന്നംഗ പ്രതിരോധനിരയില്‍ യാന്‍ വെര്‍ടോന്‍ഗനും ടോബി ആല്‍ഡര്‍വെയിറള്‍ഡും പരിക്കുമാറിയെത്തിയ വിന്‍സന്റെ് കൊംപനിയുമാണുള്ളത്. കടലാസില്‍ കരുത്തുറ്റതാണ് ഈ സംഘമെങ്കിലും ജപ്പാനെതിരെ തുടരെ രണ്ട് ഗോള്‍ വഴങ്ങിയതോടെ ഇതില്‍ വിള്ളല്‍ വീഴ്ത്താമെന്ന പ്രതീക്ഷയിലാവും ബ്രസീല്‍. ബാറിന് കീഴില്‍ തിബോ കോര്‍ട്ടോയുടെ വിശ്വസ്ത കരങ്ങളുണ്ടെന്നതാണ് ടീമിന്റെ ആശ്വാസം.
ഓരോ മത്സരം കഴിയുന്തോറും മെച്ചപ്പെടുന്ന ടീമാണ് ഈ ലോകകപ്പില്‍ ബ്രസീല്‍. സ്വിറ്റ്‌സര്‍ലന്‍ഡിനോട് 1-1ന് സമനില വഴങ്ങിയ ശേഷം കോസ്റ്ററിക്കയെയും സെര്‍ബിയയെയും മെക്‌സികോയെയും തോല്‍പിച്ച ബ്രസീല്‍ അവസാന മൂന്ന് മത്സരങ്ങളിലും രണ്ട് വീതം ഗോളുകള്‍ സ്‌കോര്‍ ചെയ്യുകയും ചെയ്തു. മൂന്ന് കളികളിലും ഗോള്‍ വഴങ്ങിയുമില്ല.
ഏറെ സന്തുലിതമാണ് ടീം എന്നതാണ് ബ്രസീലിന്റെ പ്രത്യേകത. പ്രതിരോധവും മധ്യനിരയും മുന്‍നിരയും ഒന്നിനൊന്ന് മികവുറ്റത്. പോരാത്തതിന് ടിറ്റെയെന്ന തന്ത്രശാലിയായ കോച്ചിന് കീഴില്‍ സാഹചര്യത്തിനൊത്ത രീതിയില്‍ പന്തുതട്ടുകയും ചെയ്യുന്നു. നെയ്മര്‍ എന്ന സൂപ്പര്‍ താരം ടീമിന്റെ നെടുന്തുണായി ഉണ്ടെങ്കിലും അമിതമായി ആശ്രയിക്കേണ്ടിവരുന്നില്ല. സന്ദര്‍ഭത്തിനനുസരിച്ച് ഫിലിപെ കുടീന്യോയും വില്യനുമൊക്കെ ടീമിന്റെ ചാലകശക്തികളായി ഉയരുന്നതാണ് മുന്‍ മത്സരങ്ങളിലെ അനുഭവം. ടീമിന്റെ അവിഭാജ്യ ഘടകമായി കരുതപ്പെട്ടിരുന്ന മാഴ്‌സലോയുടെ അഭാവംപോലും ടീമിനെ ബാധിക്കാത്തവിധം നികത്താന്‍ ഫിലിപെ ലൂയിസിനെ പോലുള്ള കളിക്കാര്‍ അവസരത്തിനൊത്തുയര്‍ന്നു.
ഗോള്‍വലക്ക് മുന്നില്‍ കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത അലിസണിന് ഇന്ന് കാര്യങ്ങള്‍ അല്‍പം കടുപ്പമായേക്കും. ക്യാപ്റ്റന്‍ എഡന്‍ ഹസാര്‍ഡും റൊമേലു ലുകാകുവും ഡ്രെയ്‌സ് മെര്‍ട്ടന്‍സുമടങ്ങിയ ബെല്‍ജിയത്തിന്റെ മുന്‍നിര മികവുറ്റതാണ്. എന്നാല്‍, തിയാഗോ സില്‍വയും മിറാന്റയുമടങ്ങുന്ന ബ്രസീലി!ന്റെ സെന്‍ട്രല്‍ ഡിഫന്‍സ് മറികടക്കുക ഇവര്‍ക്ക് ദുഷ്‌കരമാവും.
മധ്യനിരയില്‍ ടീമിന്റെ നട്ടെല്ലായ കസെമിറോയുടെ സസ്‌പെന്‍ഷനാണ് ബ്രസീലിനെ അലട്ടുന്ന പ്രശ്‌നം. എതിര്‍ ടീമുകളുടെ മുന്നേറ്റങ്ങളുടെ മുന മുളയിലേ നുള്ളിക്കളയുന്നതില്‍ മുമ്പനായ കസെമിറോക്ക് പകരം വെക്കാനാവില്ലെങ്കിലും ഫെര്‍ണാണ്ടീന്യോ ആ റോള്‍ ഏറ്റെടുക്കുമെന്നാണ് കോച്ചിന്റെ പ്രതീക്ഷ.
കഴിഞ്ഞ കളിയില്‍ അവസാന ഘട്ടത്തില്‍ ഇറങ്ങിയ ഉടന്‍ സ്‌കോര്‍ ചെയ്ത റോബര്‍ട്ടോ ഫിര്‍മീന്യോയെ ജീസസിന് പകരം ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ടിറ്റെ തയാറായേക്കും എന്നും സൂചനയുണ്ട്.

 

LIVE NEWS - ONLINE

 • 1
  3 hours ago

  സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 2
  4 hours ago

  കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

 • 3
  6 hours ago

  ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

 • 4
  10 hours ago

  ശബരിമല കത്തിക്കരുത്

 • 5
  10 hours ago

  ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

 • 6
  10 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 7
  10 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 8
  12 hours ago

  ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

 • 9
  12 hours ago

  ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’