Wednesday, February 20th, 2019

ഇന്ന് ആരുടെ ‘വാട്ടര്‍ലൂ’

ഇനിയുള്ള മത്സരങ്ങള്‍ ടീമുകള്‍ക്ക് തങ്ങളുടെ നിലനില്‍പ്പിന്റെ വാട്ടര്‍ലൂ യുദ്ധമാണ്.

Published On:Jun 30, 2018 | 10:23 am

സോച്ചി: സോചിയിലെ ഫിഷ്ത് ഒളിമ്പിക് സ്‌റ്റേഡിയത്തില്‍ പോര്‍ചുഗല്‍-ഉറുഗ്വായ് പോരാട്ടത്തെ മാഡ്രിഡ് പോരാട്ടം എന്നാണ് ഫുട്‌ബോള്‍ പ്രേമികള്‍ വിശേഷിപ്പിക്കുന്നത്. റയല്‍ മഡ്രിഡിന്റെ കുന്തമുനയായ കിസ്റ്റിയനോ റൊണാള്‍ഡോയെ തടയാന്‍ അത്‌ലറ്റികോ മാഡ്രിഡിന്റെ പ്രതിരോധ ശക്തിദുര്‍ഗങ്ങളായ ഡീഗോ ഗോഡിനും ജോസ് ഗിമാനസും. ലാലിഗയില്‍ പലതവണ മുഖാമുഖം ഏറ്റുമുട്ടിയിട്ടുള്ള ഇവരുടെ അങ്കം പൊടിപാറും.
മൂന്ന് കളികളില്‍ ഒരു ഗോള്‍ വഴങ്ങാത്ത പ്രതിരോധമാണ് ഉറുഗ്വായുടേത്. ഇത് റൊണാള്‍ഡോയും സംഘവും എങ്ങനെ ഭേദിക്കുന്നു എന്നതാവും പോര്‍ചുഗലിന്റെ ഭാവി നിര്‍ണയിക്കുക. റൊണാള്‍ഡോയെ പൂട്ടിയാല്‍ പോര്‍ചുഗലിനെ തളക്കാം എന്നാണ് ലോകകപ്പിലെ ഇതുവരെയുള്ള മത്സരങ്ങള്‍ നല്‍കുന്ന സൂചന. ടീം നേടിയ അഞ്ചില്‍ നാലു ഗോളുകളും റൊണാള്‍ഡോയുടെ വകയായിരുന്നു.
ഉറുഗ്വായ് മൂന്ന് കളികളും ജയിച്ച് പരമാവധി പോയന്റായ ഒമ്പതും സ്വന്തമാക്കിയാണ് ആദ്യ റൗണ്ട് പിന്നിട്ടത്. എന്നാല്‍, അത്രക്ക് ആധികാരികമായിരുന്നില്ല അവരുടെ കളിയും ജയങ്ങളും. ഈജിപ്തിനും സൗദിക്കുമെതിരെ ഒരു ഗോളിന് മാത്രമാണ് ജയിക്കാനായത്. രണ്ടു ഗോളുമായി സുവാരസും ഒരു ഗോളുമായി കവാനിയും ഫോം കണ്ടെത്തിയതാണ് കോച്ച് ഓസ്‌കാര്‍ ടബാരസിന് ആശ്വാസം.
അതേസമയം പുറത്താകലിന്റെ വക്കില്‍നിന്ന് അത്ഭുതകരമായ തിരിച്ചുവരവുമായി ഉയിര്‍ത്തെഴുന്നേറ്റ അര്‍ജന്റീനയും തങ്ങളുടെ കരുത്തിന്റെ പകുതിപോലും പുറത്തെടുക്കാതിരുന്നിട്ടും അനായാസം ഗ്രൂപ് റൗണ്ട് പിന്നിട്ട ഫ്രാന്‍സും കൊമ്പുകോര്‍ക്കുമ്പോള്‍ കസാന്‍ അറീനയില്‍ നടക്കുന്ന ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ആവേശം നിറയും.
ഗ്രൂപ് സി ചാമ്പ്യന്മാരായാണ് ഫ്രാന്‍സിന്റെ നോക്കൗട്ട് പ്രവേശനം. ഡെന്മാര്‍ക്കും പെറുവും ഓസ്‌ട്രേലിയയുമുള്‍പ്പെട്ട ഗ്രൂപ്പില്‍നിന്ന് അനായാസമായിരുന്നു ദിദിയര്‍ ദെഷാംപ്‌സിന്റെ ടീമിന്റെ മുന്നേറ്റം. രണ്ടു വിജയവും ഒരു സമനിലയുമടക്കം ഏഴ് പോയന്റ്. എന്നാല്‍, ഗോളടിക്കുന്നതില്‍ കാണിച്ച പിശുക്കാണ് ടീമിന്റെ മൈനസ് പോയന്റ്.
ലോകകപ്പ് ഫൈനലില്‍ കളിക്കുന്നതിലും വലിയ സമ്മര്‍ദം അതിജീവിച്ചാണ് ലയണല്‍ മെസ്സിയും സംഘവും നോക്കൗട്ട് റൗണ്ടിലേക്ക് ടിക്കറ്റുറപ്പിച്ചത്. ഇത്രയും സമ്മര്‍ദം മുമ്പ് അനുഭവിച്ചിട്ടില്ല എന്ന് മെസ്സിതന്നെ വ്യക്തമാക്കുകയുംചെയ്തു. പുറത്തായി എന്ന് തോന്നിച്ചിടത്തുനിന്ന് തിരിച്ചെത്തിയത് നല്‍കുന്ന ആത്മവിശ്വാസത്തിന്റെ ചിറകിലേറിയാണ് ജോര്‍ജെ സാംപോളിയുടെ ടീമിന്റെ വരവ്. ഇത് ഫ്രാന്‍സിനെതിരെ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ടീം.
ഗ്രൂപ് ഡിയില്‍ ഓരോ ജയവും സമനിലയും തോല്‍വിയുമായി ക്രൊയേഷ്യക്കു പിറകില്‍ രണ്ടാമതായാണ് അര്‍ജന്റീന പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്. മൂന്നു ഗോളടിച്ച ടീം അഞ്ചെണ്ണം തിരിച്ചുവാങ്ങിയിരുന്നു. അതുതന്നെയാണ് ടീമിനെ കുഴക്കുന്നതും. കഴിഞ്ഞ കളിയില്‍ ഇറങ്ങിയ ഫ്രാങ്കോ അര്‍മാനി തന്നെയാവും ഗോള്‍വല കാക്കുക.
മധ്യനിരയില്‍ ഹാവിയര്‍ മഷറാനോക്കൊപ്പം എവര്‍ ബനേഗയും എന്‍സോ പെരസും എയ്ഞ്ചല്‍ ഡിമരിയയുമാണ് കഴിഞ്ഞ കളിയില്‍ ഇറങ്ങിയത്. കളി മെനയുന്നതില്‍ വിദഗ്ധനായ ബനേഗയുടെ വരവായിരുന്നു നൈജീരിയക്കെതിരെ മൈതാനമധ്യത്തില്‍ അര്‍ജന്റീനക്ക് മുന്‍തൂക്കം നല്‍കിയത്. എന്നാല്‍ മുന്‍നിരയില്‍ മെസ്സിക്കൊപ്പം ആര് എന്നതും നിര്‍ണായകമാവും.
ഏതായാലും തോല്‍ക്കുന്നവര്‍ പുറത്താണ്. അതുകൊണ്ട് ഇനിയുള്ള ഓരോ കളിയും ടീമുകള്‍ക്ക് തങ്ങളുടെ നിലനില്‍പ്പിന്റെ വാട്ടര്‍ലൂ യുദ്ധമാണ്. പുറത്തായവര്‍ നാടുകടത്തപ്പെടും. അതുകൊണ്ട് തന്നെ ഇന്നത്തെ കളി ആരുടെ ‘വാട്ടര്‍ലു’മാകും… കാത്തിരുന്ന് കാണാം.

 

 

LIVE NEWS - ONLINE

 • 1
  9 hours ago

  ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

 • 2
  11 hours ago

  കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 3
  14 hours ago

  പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

 • 4
  17 hours ago

  എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

 • 5
  17 hours ago

  കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

 • 6
  17 hours ago

  പീതാംബരനെ സിപിഎം പുറത്താക്കി

 • 7
  18 hours ago

  പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

 • 8
  18 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

 • 9
  18 hours ago

  പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍