Saturday, September 22nd, 2018

തോറ്റെങ്കിലും തലയുയര്‍ത്തി ജപ്പാന്‍

വെള്ളിയാഴ്ച നടക്കുന്ന ക്വാര്‍ട്ടറില്‍ ബ്രസീലാണ് ബെല്‍ജിയത്തിന്റെ എതിരാളി.

Published On:Jul 3, 2018 | 9:30 am

റോസ്റ്റോവ്: അട്ടിമറിയിലൂടെ കൊലകൊമ്പന്മാരെ തളച്ച് മുന്നേറാമെന്ന ജപ്പാന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ജപ്പാനെ മറികടന്ന് ബെല്‍ജിയം ക്വാര്‍ട്ടറിലെത്തി. തോറ്റെങ്കിലും തലയുയര്‍ത്തി ജപ്പാനു മടങ്ങാം. രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടു നിന്ന ജപ്പാനെ ഇഞ്ചുറി ടൈമിലെ ഗോളിലൂടെ ബെല്‍ജിയം മറികടക്കുകയായിരുന്നു. വെള്ളിയാഴ്ച നടക്കുന്ന ക്വാര്‍ട്ടറില്‍ ബ്രസീലാണ് ബെല്‍ജിയത്തിന്റെ എതിരാളി.
നല്ലനടപ്പിലൂടെ കയറി വന്ന ജപ്പാനെതിരെ പാട്ടുപാടി ജയിക്കാമെന്നോര്‍ത്തു ഇറങ്ങിയ ബെല്‍ജിയം വിയര്‍ത്താണ് ജയിച്ചു കയറിയത്. സൂപ്പര്‍താരങ്ങളായ ഏഡന്‍ ഹസാര്‍ഡ്, റൊമേലു ലുക്കാകു എന്നിവരടങ്ങിയ ബെല്‍ജിയത്തെ ഭയക്കാതെ പൊരുതുന്ന ജപ്പാനെയാണ് മൈതാനത്ത് കണ്ടത്. ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിട്ട ജപ്പാനെ പിടിച്ചുകെട്ടാന്‍ ബെല്‍ജിയം പാടുപെട്ടു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബെല്‍ജിയത്തെ ഞെട്ടിച്ച് ജപ്പാന്റെ ആദ്യ ഗോളെത്തി. 48-ാം മിനിറ്റില്‍ ഹറഗുച്ചിയാണ് ബെല്‍ജിയത്തിന്റെ നെഞ്ചുപിളര്‍ന്ന ഗോള്‍ നേടിയത്. ഗാക്കു ഷിബാസകിയുടെ ലോംഗ് പാസില്‍ നിന്ന് ഗെങ്കി ഹരാഗുച്ചിയാണ് സ്‌കോര്‍ ചെയ്തത്. ബെല്‍ജിയം ഞെട്ടലില്‍ നിന്ന് മുക്തരാകുന്നതിനിടെ ജപ്പാന്റെ രണ്ടാം ഗോള്‍ പിറന്നു. ഗോള്‍ പോസ്റ്റിന്റെ 25 വാര അകലെ നിന്ന് തകാഷി ഇന്യുയി പായിച്ച ഷോട്ടാണ് വലകുലുക്കിയത്.
എതിരാളികളെ തച്ചുടച്ചു പ്രീക്വാര്‍ട്ടറിലെത്തിയ ബെല്‍ജിയം തോല്‍വി മണത്തു. നിര്‍ദേശങ്ങളുമായി ബെല്‍ജിയം കോച്ച് എത്തി. ബെല്‍ജിയം മുന്നേറ്റം ആരംഭിച്ചു. 62-ാം മിനിറ്റില്‍ ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ലുക്കാക്കുവിന് നഷ്ടമാകുന്നു. ഗോള്‍ ദാരിദ്രം തുടര്‍ന്നതോടെ ബെല്‍ജിയം നിരയില്‍ രണ്ടു മാറ്റം വരുത്തി. അതിനു ഫലം കണ്ടു.
69-ാം മിനിറ്റില്‍ ബെല്‍ജിയം അക്കൗണ്ട് തുറന്നു. തകര്‍പ്പന്‍ ഹെഡറിലൂടെ യാന്‍ വര്‍ട്ടോംഗനാണ് ഗോള്‍ സമ്മാനിച്ചത്. പോരാട്ട വീര്യം വീണ്ടെടുത്ത ബെല്‍ജിയം 74-ാം മിനിറ്റില്‍ ഒപ്പമെത്തി. പകരക്കാരനായി ഇറങ്ങിയ മൗറാന്‍ ഫെല്ലെയ്‌നിയാണ് ബെല്‍ജിയത്തിന് സമനില ഗോള്‍ നേടികൊടുത്തത്. ഹസാര്‍ഡ് നല്‍കിയ ക്രോസ് പാസില്‍ നിന്ന് ഹെഡറിലൂടെയാണ് ഫെല്ലെയ്‌നി വലകുലുക്കിയത്.
അന്ത്യ നിമിഷങ്ങളിലേക്ക് നീങ്ങിയതോടെ ഇരുടീമും ആക്രമണത്തിന് മൂര്‍ച്ച കൂടി. ജപ്പാന്‍ ഷിബാസാക്കിയേയും ഗോള്‍ നേടിയ ഹരാഗുച്ചിയെയും പിന്‍വലിച്ചിട്ട് ഹോണ്ടയേയും യാമാഗുച്ചിയേയും കളത്തില്‍ ഇറക്കി. ഹോണ്ട എത്തിയതോടെ ജപ്പാന്‍ വീണ്ടും ഉണര്‍ന്നു. ബെല്‍ജിയവും വിജയഗോളിനായി പൊരുതിയതോടെ ആരാധകര്‍ ആവേശത്തിലായി. ജപ്പാന്റെ പോസ്റ്റിലേക്ക് കുതിച്ചെത്തിയ ചാഡ്‌ലിയുടേയും ലൂക്കാക്കുവിന്റെയും ഹെഡറുകള്‍ ജപ്പാന്‍ ഗോളി കവാഷിമ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ തടഞ്ഞിട്ടു.
മത്സരം നിശ്ചിത സമയവും കഴിഞ്ഞ് ഇഞ്ചുറി ടൈമിലെത്തി. അധിക സമയത്തേക്ക് നീളുമെന്ന് കരുതിയിരുന്നപ്പോള്‍ ജപ്പാന്റെ ലോകകപ്പ് മോഹങ്ങള്‍ ഇരുട്ടിലാക്കി ബെല്‍ജിയം ഗോളടിച്ചു. കൗണ്ടര്‍ അറ്റാക്കിലൂടെ നാസര്‍ ചാഡ്‌ലിയാണ് ബെല്‍ജിയത്തിന് അവിശ്വസനീയമായ വിജയഗോള്‍ സമ്മാനിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ചുവന്ന ചെകുത്താന്മാര്‍ വിജയതീരമണഞ്ഞു.

 

LIVE NEWS - ONLINE

 • 1
  2 hours ago

  ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 • 2
  3 hours ago

  കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

 • 3
  3 hours ago

  കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

 • 4
  3 hours ago

  കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

 • 5
  3 hours ago

  ലഹരി വിപത്തുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ‘ഫോളോയിംഗ്’

 • 6
  4 hours ago

  ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി

 • 7
  4 hours ago

  ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

 • 8
  4 hours ago

  മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

 • 9
  4 hours ago

  സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍