നോട്ട് നിരോധനം; സാമ്പത്തിക മാന്ദ്യത്തിന് സാധ്യത: രാഷ്ട്രപതി

Published:January 5, 2017

Pranab Mukharji Full

 

 

 

 

 
ന്യൂഡല്‍ഹി: നോട്ട് നിരോധനം സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. കള്ളപ്പണത്തിനും അഴിമതിയും നിര്‍വീര്യമാക്കുന്ന നടപടിയാണ് നോട്ട് നിരോധനമെങ്കിലും സമ്പദ് വ്യവസ്ഥയില്‍ മാന്ദ്യം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന് ദീര്‍ഘകാല നേട്ടമുണ്ടാകാന്‍ ഇത്തരം നടപടികള്‍ അനിവാര്യമാണ്. സാധാരണ ജനങ്ങള്‍ക്ക് ഇതുമൂലം ഉണ്ടായ ദുരിതങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ അസാധുവാക്കിയ നടപടിയെക്കുറിച്ച് രാഷ്ട്രപതിയുടെ ആദ്യ പ്രതികരണമാണിത്. ഗവര്‍ണര്‍മാര്‍ക്കും ലഫ്. ഗവര്‍ണര്‍മാര്‍ക്കും നല്‍കിയ വീഡിയോ സന്ദേശത്തിലായിരുന്നു രാഷ്ട്രപതിയുടെ പരാമര്‍ശം. ജനങ്ങളുടെ ദുരിതങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട 50 ദിവസം ഡിസംബര്‍ 30 ന് അവസാനിച്ചിരുന്നു. നോട്ട് അസാധുവാക്കല്‍ നടപടിമൂലം എത്രത്തോളം കള്ളപ്പണം കണ്ടെത്താന്‍ കഴിഞ്ഞുവെന്നോ എത്രത്തോളം പഴയ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിയെന്നോ വ്യക്തമാക്കാന്‍ റിസര്‍വ് ബാങ്ക് ഇനിയും തയ്യാറായിട്ടില്ല. ദീര്‍ഘകാലത്ത് ഗുണകരമാകുന്ന പദ്ധതികളാണെങ്കിലും പാവപ്പെട്ടവരുടെ ദുരിതം ഇല്ലാതാക്കാന്‍ അതീവ ശ്രദ്ധയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവര്‍ണര്‍മാര്‍ക്കും ലഫ്. ഗവര്‍ണര്‍മാര്‍ക്കും പുതുവത്സരാശംസ നേര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് അസാധുവാക്കിയ നടപടിയില്‍ ആദ്യമായാണ് രാഷ്ട്രപതിയുടെ പ്രതികരണം.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.