Sunday, December 16th, 2018

നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് എന്തുപറ്റി?

പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പറശിനിക്കടവ് ലോഡ്ജില്‍ മൃഗീയപീഡനത്തിന് ഇരയാക്കിയ സംഭവം നാടിനെ നടുക്കിയതാണ്. ഇതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് അതേ സ്‌കൂളിലെ പതിനാറുകാരിയും പീഡനത്തിന് ഇരയാക്കപ്പെട്ട വാര്‍ത്ത പുറത്തുവരുന്നത്. നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് സമൂഹം ജാഗ്രതയോടെ പരിശോധിക്കേണ്ട സ്ഥിതിയാണ് എന്ന് പറയാതെ വയ്യ. എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള പോലീസിനും തുടര്‍ച്ചയായ പീഡനകഥകള്‍ സൃഷ്ടിക്കുന്ന നാണക്കേട് ചെറുതല്ല. കാമഭ്രാന്തന്മാര്‍ പിഞ്ചുകുഞ്ഞുങ്ങളെ കടിച്ചുകീറുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് നികുതിപ്പണം പറ്റുന്ന കാക്കിയിട്ട ഉദ്യോഗസ്ഥര്‍ക്കും എളുപ്പത്തില്‍ പിന്തിരിയാനാകില്ല. വീട്ടില്‍നിന്നാണ് വേട്ടയാടല്‍ തുടങ്ങുന്നതെന്ന … Continue reading "നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് എന്തുപറ്റി?"

Published On:Dec 6, 2018 | 3:40 pm

പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പറശിനിക്കടവ് ലോഡ്ജില്‍ മൃഗീയപീഡനത്തിന് ഇരയാക്കിയ സംഭവം നാടിനെ നടുക്കിയതാണ്. ഇതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് അതേ സ്‌കൂളിലെ പതിനാറുകാരിയും പീഡനത്തിന് ഇരയാക്കപ്പെട്ട വാര്‍ത്ത പുറത്തുവരുന്നത്. നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് സമൂഹം ജാഗ്രതയോടെ പരിശോധിക്കേണ്ട സ്ഥിതിയാണ് എന്ന് പറയാതെ വയ്യ. എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള പോലീസിനും തുടര്‍ച്ചയായ പീഡനകഥകള്‍ സൃഷ്ടിക്കുന്ന നാണക്കേട് ചെറുതല്ല. കാമഭ്രാന്തന്മാര്‍ പിഞ്ചുകുഞ്ഞുങ്ങളെ കടിച്ചുകീറുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് നികുതിപ്പണം പറ്റുന്ന കാക്കിയിട്ട ഉദ്യോഗസ്ഥര്‍ക്കും എളുപ്പത്തില്‍ പിന്തിരിയാനാകില്ല.
വീട്ടില്‍നിന്നാണ് വേട്ടയാടല്‍ തുടങ്ങുന്നതെന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയാണ് പറശിനിക്കടവ് ലോഡ്ജില്‍ പിച്ചിച്ചീന്തപ്പെട്ട പെണ്‍കുട്ടിയുടെ കഥ ഓര്‍മിപ്പിക്കുന്നത്. എട്ടുവയസുമുതല്‍ പിതാവ് പീഡിപ്പിച്ചിരുന്നു എന്നാണ് കുട്ടിയുടെ മൊഴി. കടുത്ത മാനസിക വൈകൃതമുള്ള ഇയാള്‍ പതിനാറ് തവണയാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും പീഡിപ്പിച്ചത്. അമ്മക്ക് പിതാവിന്റെ നടപടികളില്‍ സംശയമുണ്ടായിരുന്നതിനാല്‍ പലപ്പോഴും പെണ്‍കുട്ടിയെ പൂട്ടിയിട്ടിരുന്നു. പെണ്‍കുട്ടിയുടെ സഹോദരനെ നഗ്‌നദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതോടെയാണ് ക്രൂരവും ആസൂത്രിതവുമായ പീഡനത്തിന്റെ വിവരങ്ങള്‍ പുറത്തായത്. വീട്ടിലും സമൂഹത്തിലും ഒറ്റപ്പെട്ട പെണ്‍കുട്ടി പുറത്തുള്ളവരുടെ സൗഹൃദത്തില്‍ ആശ്വാസം കണ്ടെത്താന്‍ ശ്രമം നടത്തിയതാണ് പെണ്‍വാണിഭസംഘത്തിന് തുണയായത്. അഞ്ജന എന്ന പേരില്‍ ഇവര്‍ സൃഷ്ടിച്ച വ്യാജ പ്രൊഫൈലിലെ ചാറ്റിങ്ങാണ് പെണ്‍കുട്ടിയെ കുടുക്കിയത്. അനിയന്ത്രിതമായ മൊബൈല്‍ഫോണ്‍ ഉപയോഗമാണ് ഈ സംഭവത്തിലെ പ്രധാനവില്ലന്‍.
നഗരത്തിലെ പ്രമുഖ സ്‌കൂളിലെ പെണ്‍കുട്ടികളാണ് ഇരുവരും. ഇതേ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ ഇതിനു മുമ്പും സമാനമായ കെണികളില്‍ പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. സ്‌കൂള്‍ അധികൃതരും മാതാപിതാക്കളും ഫലപ്രദമായി ഇടപെട്ടതിനാല്‍ അവ പുറത്തുവന്നില്ല. സ്‌കൂളിലേക്ക് എന്ന വ്യാജേനെ പോകുന്ന കുട്ടികള്‍ അവിടെ ഹാജരാകുന്നുണ്ടോയെന്ന് അന്വേഷിക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകാത്തതും ഇത്തരക്കാര്‍ക്ക് വളമാകുന്നു. പൊതു ടോയ്‌ലറ്റുകളില്‍ സ്‌കൂള്‍ യൂണിഫോം മാറ്റി പര്‍ദ്ദയണിഞ്ഞ് യുവാക്കള്‍ക്കൊപ്പം പെണ്‍കുട്ടികള്‍ വിഹരിക്കുന്ന സംഭവങ്ങളും കണ്ണൂരിലുണ്ട്. കണ്ണൂര്‍ കോട്ടയിലും ഐസ്‌ക്രീം പാര്‍ലറുകളിലും കൗമാരക്കാരികള്‍ ചുറ്റി നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കണ്ണൂര്‍ വനിതാസെല്ലിന്റെ പ്രവര്‍ത്തനവും ഈ ഘട്ടത്തില്‍ നാം പരിശോധനയ്ക്ക് വിഷയമാക്കണം. ആവശ്യത്തിന് വനിതാ പോലീസുകാരും വാഹനങ്ങളും ഉണ്ടെങ്കിലും ഒരു ജില്ലാ ആസ്ഥാനത്ത് കാട്ടേണ്ട ജാഗ്രത അവര്‍ക്കില്ല. സമൂഹത്തില്‍ അവര്‍ ചെയ്യുന്ന മറ്റ് പല നല്ല കാര്യങ്ങളും മറന്നുകൊണ്ടല്ല ഇത് പറയുന്നത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ച ഫലമുണ്ടാക്കുന്നില്ലെങ്കില്‍ അവര്‍ പരാജിതര്‍ തന്നെയാണ്. പിങ്ക് പോലീസിന്റെ സ്ഥിതി പരിതാപകരമാണ്. തിരക്കില്ലാത്ത സ്ഥലങ്ങളില്‍ വാഹനം ഒതുക്കിയിട്ട് മൊബൈല്‍ ഫോണില്‍ കളിക്കുന്ന പോലീസുകാരികളുടെ ദൃശ്യം പലരും മൊബൈലില്‍ ഒപ്പിയെടുത്തിട്ടുണ്ട്. ഇവരുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ജനങ്ങള്‍ക്ക് പരാതിയുണ്ട്. സൗകര്യങ്ങള്‍ വിനിയോഗിക്കുന്നതല്ലാതെ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ ഇവര്‍ തോറ്റുപോകുന്നു. കൂട്ടബലാത്സംഗവും മറ്റ് കുറ്റകൃത്യങ്ങളും നടന്നശേഷം കേസെടുക്കാന്‍ മാത്രമായി ഒരു വനിതാസെല്ലിന്റെ ആവശ്യമില്ല. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന വിദ്യാലയ പരിസരങ്ങളില്‍ നിരീക്ഷണം നടത്താന്‍ ഇവര്‍ തയ്യാറാകുന്നില്ല. അസ്വാഭാവികമായ സന്ദര്‍ഭങ്ങളില്‍ കാണപ്പെടുന്ന പെണ്‍കുട്ടികളെക്കുറിച്ച് സമൂഹത്തിനുള്ള ജാഗ്രത പോലും വനിതാ പോലീസുകാര്‍ക്കില്ല. മയക്കുമരുന്നും മറ്റും സ്‌കൂള്‍ പരിസരങ്ങളില്‍ വില്‍ക്കുന്നവരെ പിടിക്കാന്‍ പോലീസും എക്‌സൈസ് വകുപ്പും സ്വീകരിക്കുന്ന നടപടികളുടെ പത്തിലൊന്നു പോലും വനിതാസെല്ലിനില്ല. ഒരു ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ നാട്ടിലാകെ പതിപ്പിച്ചും വാഹനത്തില്‍ ചുറ്റി നേരം കളയുന്നതിലുമൊന്നും കുറ്റകൃത്യങ്ങള്‍ തടയാനുള്ള ഇടപെടല്‍ ഇല്ലെന്ന് ലജ്ജയോടെ നിങ്ങള്‍ തിരിച്ചറിയണം. ഇല്ലെങ്കില്‍ ഇനിയും ലോഡ്ജുകളില്‍ ചോരപുരണ്ട വസ്ത്രങ്ങളുമായി പിച്ചിച്ചീന്തപ്പെട്ട പെണ്‍കുട്ടികളുടെ നിലവിളി കേള്‍ക്കേണ്ടി വരും.

LIVE NEWS - ONLINE

 • 1
  30 mins ago

  ഡല്‍ഹിയില്‍ ഒമ്പത് വയസുകാരിയെ 28 കാരന്‍ പീഡിപ്പിച്ചു

 • 2
  3 hours ago

  ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പിതാവ് ആത്മഹത്യചെയ്ത നിലയില്‍

 • 3
  4 hours ago

  ശബരിമല: ട്രാന്‍സ്ജെന്‍ഡറുകളെ പോലീസ് എരുമേലിയില്‍ തടഞ്ഞു

 • 4
  20 hours ago

  ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

 • 5
  21 hours ago

  ശശി എം.എല്‍.എയെ വെള്ള പൂശിയിട്ടില്ല: പി.കെ ശ്രീമതി

 • 6
  21 hours ago

  സ്വര്‍ണത്തട്ടിപ്പ്; ദമ്പതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 • 7
  22 hours ago

  സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

 • 8
  23 hours ago

  രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

 • 9
  23 hours ago

  റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി