Monday, September 24th, 2018

പിണറായി വിജയനെന്താ ഹിറ്റ്‌ലറോ: ചെന്നിത്തല

കമ്യൂണിസ്റ്റ് നേതാവായ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ തന്നെ ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്.

Published On:Nov 3, 2017 | 1:24 pm

കണ്ണൂര്‍: ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന നാട്ടുകാരെ പോലീസിനെ ഉപയോഗിച്ച് ലാത്തിയും തോക്കും കൊണ്ട് അടിച്ചമര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിറ്റ്‌ലറാണോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് മുക്കത്ത് പാചക വാതക പൈപ്പ് ലൈനിടലുമായി ബന്ധപ്പെട്ട് സമരം നടത്തിയ പ്രദേശവാസികളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ദുരഭിമാനം വെടിഞ്ഞ് സമരം നടത്തുന്നവരുമായി ചര്‍ച്ച നടത്തി അവരുടെ ആശങ്ക ദൂരീകരിക്കാനാണ് മുഖ്യമന്ത്രി തയ്യാറാവേണ്ടത്. വികസനത്തിന് യു ഡി എഫ് ഒരിക്കലും എതിരല്ല. യു ഡി എഫിന്റെ ഭരണകാലത്തും ഗെയ്‌ലിനെതിരെ പ്രക്ഷോഭമുണ്ടായിരുന്നു. അന്ന് ഇടതുപക്ഷത്തിലെ താമരശ്ശേരി എം എല്‍ എയായിരുന്നു നേതൃസ്ഥാനത്തുണ്ടായിരുന്നത്. എന്നാലിപ്പോള്‍ ഭരണം മാറിയതോടെ അവര്‍ നിലപാട് മാറ്റി. കമ്യൂണിസ്റ്റ് നേതാവായ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ തന്നെ ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. യു ഡി എഫ് ഇതുവരെ സമരം ഏറ്റെടുത്തിട്ടില്ല. നേതാക്കളായ വി എം സുധീരനും പി കെ കുഞ്ഞാലിക്കുട്ടിയും ഇന്ന് മറ്റ് നേതാക്കളോടൊപ്പം സ്ഥലം സന്ദര്‍ശിക്കുന്നുണ്ട്. സമരം നടത്തിയവരെ സര്‍ക്കാര്‍ അടിച്ചമര്‍ത്തലിലൂടെ കൊല്ലാക്കൊല ചെയ്യുകയാണ്. ആവശ്യമെങ്കില്‍ സമരം യു ഡി എഫ് ഏറ്റെടുക്കും. സംസ്ഥാനത്തിപ്പോള്‍ പോലീസ്‌രാജാണ് നടക്കുന്നത്.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം പത്തുദിവസം പിന്നിടുകയാണ്. ഇവരുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകണം. സ്വാശ്രയ മാനേജ്‌മെന്റുമായുള്ള കേസ് കോടതിയില്‍ തോറ്റത് ആരോഗ്യ വകുപ്പിന്റെ പിടിപ്പുകേട് കൊണ്ടാണ്. വിധിക്കെതിരെ സര്‍ക്കാര്‍ അടിയന്തരമായും അപ്പീല്‍ നല്‍കണമെന്നും കേസുകള്‍ തുടരെ തുടരെ കോടതികളില്‍ തോല്‍ക്കുന്നതിന് കാരണം മാനേജ്‌മെന്റുകളുമായുള്ള ഒത്തുകളിമൂലമാണെന്നും ചെന്നിത്തല ആരോപിച്ചു.
സി പി ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡിയെ അഴിമതിക്കാരനെന്ന് അധിക്ഷേപിച്ച ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി തോമസ് ചാണ്ടിക്കെതിരെ വീരശൂരപരാക്രമിയായ കാനം രാജേന്ദ്രന്റെ മറുപടി വെറും ചിരി മാത്രമായിരുന്നു. അഴിമതിക്കാരനായി ചിത്രീകരിക്കപ്പെട്ട ഒരാള്‍ മന്ത്രിസഭയില്‍ തുടരുന്നത് സര്‍ക്കാറിന് തന്നെ അപമാനമാണ്.
സംസ്ഥാനത്ത് സി പി എം- ബി ജെ പി ധാരണ മെച്ചപ്പെട്ടുവരികയാണ്. യു ഡി എഫിനെ തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇത് ജനാധിപത്യവിശ്വാസികളായ ജനങ്ങള്‍ തിരിച്ചറിയും. മുസ്ലിം പണ്ഡിതന്മാര്‍ ഇവിടെ എന്തെങ്കിലും പ്രസംഗിച്ചാല്‍ അവര്‍ക്കെതിരെ യു എ പി എ വകുപ്പുകള്‍ പോലും ചുമത്തി കേസെടുക്കുന്ന പോലീസ് ബി ജെ പി ആര്‍ എസ് എസ് നേതാക്കളായ ശശികലയോ സുരേന്ദ്രനോ സംസാരിച്ചാല്‍ അത് കുറ്റമല്ലമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പരസ്പരം പാലൂട്ടുന്ന ശത്രുക്കളാണിവരെങ്കിലും ആവശ്യമായ സമയത്ത് കൊല നടത്തുകയും പിന്നീട് കൈപിടിച്ച് നടക്കുകയും ചെയ്യുന്ന കാഴ്ചയാണിപ്പോള്‍. കണ്ണൂരില്‍ ഐ എസ് ബന്ധമുള്ളവരെ പിടികൂടിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ വഴിതെറ്റിപ്പോകുന്ന ചെറുപ്പക്കാരെ അതില്‍ നിന്ന് തടയാന്‍ മുഖ്യധാരാ രാഷ്ട്രീയക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേസിപ്പോള്‍ ലോക്കല്‍ പോലീസാണ് അന്വേഷിക്കുന്നത്. അന്താരാഷ്ട്ര ബന്ധമുള്ള കേസായതിനാല്‍ മറ്റ് ഏജന്‍സികള്‍ അന്വേഷിക്കണമോ എന്ന കാര്യം ആഭ്യന്തരമന്ത്രാലയമാണ് തീരുമാനിക്കേണ്ടത്. ആര്‍ എസ് എസിന്റെയും എസ് ഡി പി ഐയുടെയും പാത ഹീനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്. ഇത് ഗുണകരമല്ല. എന്നാല്‍ ഇത്തരം സംഘടനകളെ നിരോധിക്കണമെന്ന് പറയുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഡി സി സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി, യു ഡി എഫ് നേതാക്കളായ പ്രൊഫ എ ഡി മുസ്തഫ, കെ സി ജോസഫ് എം എല്‍ എ, ജോണി നെല്ലൂര്‍, എ പി അബ്ദുല്ലക്കുട്ടി, എം ഉമ്മര്‍ എം എല്‍ എ, അഡ്വ റാംമോഹന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

LIVE NEWS - ONLINE

 • 1
  46 mins ago

  വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

 • 2
  49 mins ago

  പ്രണയത്തിലാണ്… പക്ഷെ കല്യാണം കഴിക്കാനില്ല

 • 3
  51 mins ago

  എണ്ണ ഉത്പാദനം; ട്രംപിന്റെ ആവശ്യം തള്ളി ഒപെകും റഷ്യയും

 • 4
  55 mins ago

  കരുത്തോടെ ഇന്ത്യ

 • 5
  2 hours ago

  കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

 • 6
  19 hours ago

  ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

 • 7
  20 hours ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

 • 8
  23 hours ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 9
  1 day ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി