Wednesday, April 24th, 2019

വലിയ മനസുമായി രമേശ് ബാബു

നഗരം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച വൃത്തിയും വെടിപ്പുമാണ് ഈ ഭാഗങ്ങളില്‍ കാണാന്‍ കഴിയുന്നതെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

Published On:Apr 9, 2019 | 2:15 pm

പ്രദീപന്‍ തൈക്കണ്ടി
കണ്ണൂര്‍: ധനലക്ഷ്മി ആശുപത്രി പരിസരത്ത് കൂടെ രാവിലെ നടന്നുപോകുന്നവര്‍ ഈ കാഴ്ച കണ്ടിട്ടുണ്ടാവും. റോഡും റോഡരികുമെല്ലാം അടിച്ചുവാരി വൃത്തിയാക്കുന്ന ഒരാള്‍. ഒരു കൈക്കോട്ടും ഒരു വലിയ ചൂലുമായി ഒരു ചെറിയ മനുഷ്യന്‍ തന്റെ ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മുന്നോട്ടുപോകുന്നു. നഗരം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച വൃത്തിയും വെടിപ്പുമാണ് ഈ ഭാഗങ്ങളില്‍ കാണാന്‍ കഴിയുന്നതെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
മൂന്നരയടിമാത്രം ഉയരമുള്ള ഒരു മനുഷ്യന്‍ തന്നെക്കാള്‍ വലിയ ചൂലുമായി റോഡും പരിസരവും ശുചീകരിക്കുകയാണ്. രാവിലെ ആറേമുക്കാലോടെ പണി തുടങ്ങിയാല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയെങ്കിലുമാവും തീരാന്‍. വലിയ മനസ്സിന് ഉടമയായ ഈ ചെറിയ മനുഷ്യനെ നിങ്ങള്‍ പലപ്പോഴും കണ്ടിട്ടുണ്ടാവും. നിത്യജീവിതത്തിനായി കണ്ണൂര്‍ നഗരത്തില്‍ മുപ്പത് വര്‍ഷത്തോളം ലോട്ടറി ടിക്കറ്റ് വില്‍പനയായിരുന്നു തൊഴില്‍.
ഇത് പി രമേശ് ബാബു. അഞ്ചരക്കണ്ടിക്കടുത്ത മുരിങ്ങേരിയിലെ ശില്‍പാ നിവാസില്‍ വിമലയുടെ സ്‌നേഹനിധിയായ ഭര്‍ത്താവും ശില്‍പയുടെ വാത്സല്യനിധിയായ പിതാവുമാണ് ഇദ്ദേഹം. കവിത ടാക്കീസിന് സമീപത്ത് പെട്ടിക്കടയില്‍ ലോട്ടറി ടിക്കറ്റ് വില്‍പനയായിരുന്നു ഇക്കഴിഞ്ഞ മാര്‍ച്ച് 19ന് മുമ്പ് വരെ ജോലി.
എംപ്ലോയ്‌മെന്റില്‍ നിന്നും താല്‍ക്കാലിക ജോലിയായാണ് രമേശ് ബാബുവിന് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കണ്ടിജന്റ് വര്‍ക്കറായി നിയമനം ലഭിച്ചിരിക്കുന്നത്. ശാരീരിക അവശതകള്‍ മൂലം പ്രയാസപ്പെടുന്നതിനിടയില്‍ നിരവധി തവണ ജോലിനല്‍കണമെന്നാവശ്യപ്പെട്ട് അധികാരികള്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും അവര്‍ കണ്ടഭാവം നടിച്ചില്ല. പലപ്പോഴായി എംപ്ലോയ്‌മെന്റില്‍ നിന്നും ഇന്റര്‍വ്യൂവിന് കത്ത് വന്നിരുന്നുവെങ്കിലും ഇന്റര്‍വ്യൂവിന് ഹാജരായ സമയം നഷ്ടമാവുക മാത്രമായിരുന്നു ഫലം. ഒടുവില്‍ അന്‍പത്തിയൊന്നാം വയസ്സിലാണ് രമേശ് ബാബുവിനെ ഭാഗ്യം കടാക്ഷിച്ചത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 19ന് കോര്‍പ്പറേഷനില്‍ ജോലിയില്‍ പ്രവേശിച്ചു. താണ ഡിവിഷനിലെ ധനലക്ഷ്മി ആശുപത്രി റോഡ്, അമാനി ഓഡിറ്റോറിയം പരിസരം, താണ സിഗ്നല്‍ മുതല്‍ കക്കാട് റോഡ്, മലയാറ്റൂര്‍ ഹോട്ടല്‍ റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് രമേശ് ബാബുവിന്റെ സേവനം.
ഭിന്നശേഷിക്കാരനായ രമേശ് ബാബു മുച്ചക്ര ബൈക്കിലാണ് രാവിലെ മുരിങ്ങേരിയില്‍ നിന്നും നഗരത്തിലെത്തുക. മകള്‍ ശില്‍പയും ഉയരക്കുറവുള്ള കുട്ടിയാണ്. പ്ലസ് ടു പാസായ ശില്‍പ കമ്പ്യൂട്ടര്‍ പരിശീലനം കഴിഞ്ഞ് ഇപ്പോള്‍ യോഗശാല റോഡില്‍ അഡ്വ. ഫല്‍ഗുണന്റെ ഓഫീസില്‍ താല്‍ക്കാലിക ജീവനക്കാരിയാണ്. ജോലി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനടക്കം നിവേദനം നല്‍കി കാത്തിരിക്കുകയാണ്. ശില്‍പ പിതാവിനെ പോലെ അധികാരികള്‍ക്കെല്ലാം നിവേദനം നല്‍കി ‘വെറും’ കാത്തിരിപ്പാകുമോയെന്നാണ് കുടുംബത്തിന്റെ ആശങ്ക.
ജോലിയില്‍ തുടക്കത്തില്‍ വലിയ പ്രയാസം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അതെല്ലാം മാറിയെന്ന് രമേശ് ബാബു പറയുന്നു. തന്നെക്കാള്‍ വളരെ നീളം കൂടിയ ചൂലും കൈക്കോട്ടും ആയിരുന്നു ആദ്യം. ഇപ്പോ ഇതിന്റെ നീളം കുറച്ചു. നേരത്തെ പലരും നീളക്കുറവിനെ പരിഹസിച്ചിരുന്നുവെങ്കിലും അതൊന്നും താന്‍ കാര്യമാക്കാറില്ലെന്നും ഇപ്പോള്‍ ഈ ജോലിചെയ്യുമ്പോള്‍ എല്ലാവരും പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നും രമേശ് ബാബു പറയുന്നു. ആഗ്രഹിച്ച ജോലി നന്നായി ചെയ്യുകാണെന്നും ജോലിയില്‍ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം മാത്രമാണ് തനിക്കുള്ളതെന്നും മുപ്പത് വര്‍ഷത്തോളമായി സുദിനത്തിന്റെ വരിക്കാരന്‍ കൂടിയായ രമേശ് ബാബു പറയുന്നു.

LIVE NEWS - ONLINE

 • 1
  1 hour ago

  ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

 • 2
  2 hours ago

  ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

 • 3
  5 hours ago

  കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

 • 4
  5 hours ago

  അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

 • 5
  7 hours ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 6
  7 hours ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 7
  7 hours ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 8
  10 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 9
  11 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം