ലോകം ഇന്ത്യയില്‍ നിന്ന് സമാധാനം പ്രതീക്ഷിക്കുന്നു: പി വി രാജഗോപാല്‍

Published:January 10, 2017

pv-rajagopal-full-image

 

 

 

 

കണ്ണൂര്‍: ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള മൂന്ന് വര്‍ഷമാണ് വരാനിരിക്കുന്നതെന്നും ഈ ചരിത്രമുഹൂര്‍ത്തത്തില്‍ കണ്ണൂരിന്റെ ശാശ്വത സമാധാനത്തിനായി എല്ലാവരും കൈകോര്‍ക്കണമെന്നും പ്രമുഖ ഗാന്ധിയനും ഏകതാ പരിഷത്ത് ദേശീയ അധ്യക്ഷനുമായ പി വി രാജഗോപാല്‍ പറഞ്ഞു. കണ്ണൂരിന്റെ ശാശ്വത സമാധാനത്തിനായി വിവിധ സന്നദ്ധ സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച പീപ്പിള്‍സ് മൂവ്‌മെന്റ് ഫോര്‍ പീസ് തില്ലങ്കേരി സി എച്ച് എം മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച ദ്വിദിന സമാധാന പരിശീലന ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2017 എന്നത് ഗാന്ധിജിയുടെ ചമ്പാരന്‍ സന്ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികമാണ്. 2018 ഗാന്ധിയന്‍ ദര്‍ശനങ്ങളുമായി മാര്‍ട്ടിന്‍ ലൂതര്‍കിംഗ് അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാര്‍ക്കായി പോരാടാന്‍ ഇറങ്ങിത്തിരിച്ചതിന്റെ നൂറാം വാര്‍ഷികമാണ്. 2019 ഗാന്ധിജിയുടെ ജന്മദിനത്തിന്റെ നൂറ്റിയമ്പതാം വാര്‍ഷികമാണ്. ഈ പ്രത്യേകതകളെല്ലാം ഒത്തുവന്ന ചരിത്ര പ്രാധാന്യമുള്ള മുഹൂര്‍ത്തത്തില്‍ കണ്ണൂരിന്റെ സമാധാനം വീണ്ടെടുക്കാന്‍ നമുക്ക് സാധിക്കണം.
ലോകം മുഴുവന്‍ ഇന്ത്യയിലേക്ക് കണ്ണോടിക്കുന്നത് സമാധാനത്തിന്റെ സന്ദേശം കേള്‍ക്കാനാണ്. ഓരോ രാജ്യത്തിനും അതിന്റെ ചരിത്രമുണ്ട്. ഇന്ത്യയുടെ ചരിത്രം സമാധാനത്തിന്റേതാണ്. അത് ഇന്ത്യയുടെ ഭാവിയുമാക്കണം. കൂട്ടക്കൊലകള്‍ക്ക് ശേഷം സമാധാനത്തിലേക്ക് തിരിച്ചുവന്ന രാജ്യങ്ങള്‍ ഉണ്ട്. റുവാണ്ടയില്‍ യുദ്ധമ്യൂസിയം തന്നെയുണ്ട്. നമ്മളും മ്യൂസിയം പണിയുന്നതില്‍ തെറ്റില്ല. പണ്ട് ഇവിടെ യുദ്ധമുണ്ടായിരുന്നു. ഇപ്പോള്‍ സമാധാനം മാത്രമേയുള്ളൂവെന്ന് ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കണം. കണ്ണൂരിലെ കൊലയെ ചരിത്രമാക്കിമാറ്റുകയും അത് ഭാവിയിലേക്ക് ഇല്ലാതാക്കുകയും വേണം. അദ്ദേഹം പറഞ്ഞു.
ഹിംസക്ക് വേണ്ടി സംസാരിക്കുന്നവരെ മാറ്റിയെടുക്കാനും അവരെ ശാന്തിക്ക് വേണ്ടി സംസാരിക്കുന്നവരാക്കാനും കഴിയണം. ആഘോഷങ്ങളില്‍ മാത്രമായി ജീവിക്കുന്ന ഒരു ജനതയായി നമ്മള്‍ മാറിയിരിക്കുകയാണ്. എന്തിനാണ് ദേശീയ നേതാക്കളുടെയും മഹാന്മാരുടെയും ജന്മദിനങ്ങള്‍ ആഘോഷിക്കുന്നതെന്ന് പലര്‍ക്കും അറിയില്ല. അവരുടെ ദര്‍ശനങ്ങള്‍ തിരിച്ചുകൊണ്ടുവരികയെന്നതും അവരുടെ പാത പിന്തുടരുകയെന്നതുമാണ് ആഘോഷത്തിലൂടെ നാം കാണിക്കേണ്ടത്. 2017 മുതല്‍ 20 വരെയുള്ള 4 വര്‍ഷക്കാലം കൊണ്ട് കണ്ണൂരിനെ ശാശ്വതമാധാന പ്രദേശമായി മാറ്റാന്‍ നമുക്ക് കഴിയണം. ഇന്ത്യയുടെ പൈതൃകം തന്നെ സമാധാനമാണ്. ശ്രീബുദ്ധനും മഹാവീരനും ഗാന്ധിജിയും വിവേകാനന്ദനും എല്ലാവരും സമാധാനത്തിന്റെ സന്ദേശമാണ് നല്‍കിയത്. ലോകം മുഴുവന്‍ ഇന്ത്യയില്‍ നിന്ന് ആഗ്രഹിക്കുന്നതും സമാധാനത്തിന്റെ സന്ദേശമാണ്. അത് ലോകത്തെ പഠിപ്പിക്കാന്‍ നമുക്ക് ഇവിടെ നിന്ന് തന്നെ തുടങ്ങണം. നമ്മുടെ നാടായ കണ്ണൂരില്‍ നിന്ന് നമുക്ക് സമാധാനത്തിന്റെ സന്ദേശത്തിന് തുടക്കം കുറിക്കാമെന്നും രാജഗോപാല്‍ പറഞ്ഞു.
കാഴ്ചശക്തിക്ക് വെല്ലുവിളി നേരിടുന്നവരെ റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്നത് പോലെ സ്‌നേഹത്തോടെയും സഹാനുഭൂതിയോടെയും കരുതലോടെയും വേണം അസമാധാനത്തില്‍ നിന്നും സമാധാനത്തിലേക്കുള്ള യാത്ര. പകയോടെയും വെറുപ്പോടെയും ആളുകളെ കൈപിടിച്ച് സമാധാനത്തിലേക്ക് കൊണ്ടുവരാന്‍ കഴിയില്ല. അവരെ സ്‌നേഹത്തോടെ സമാധാനത്തിന്റെ പക്ഷത്തേക്ക് കൈപിടിച്ച് കയറ്റാന്‍ നമുക്ക് സാധിക്കണം. എല്ലാ മനുഷ്യന്റെയുള്ളില്‍ ദൈവവും ചെകുത്താനും ഉണ്ട്. ഇതില്‍ ആരെ വളര്‍ത്തണമെന്ന് നമ്മള്‍ തന്നെ തീരുമാനിക്കണം. ദൈവത്തെ വളര്‍ത്തി ചെകുത്താനെ അകറ്റാന്‍ നമ്മള്‍ പഠിപ്പിക്കണം. മനുഷ്യനെ നല്ലവരാക്കിമാറ്റുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. ഇന്ന് എജ്യുക്കേഷന്‍ ഫോര്‍ എംപ്ലോയ്‌മെന്റ് എന്നാണ്. എന്നാലതിനെ എജ്യുക്കേഷന്‍ ഫോര്‍ ലൈഫ് എന്നാക്കിമാറ്റണം. തൊഴില്‍ എന്നത് ചെറിയ കാര്യമാണ്. ജീവിതത്തിന്റെ മൂല്യം എന്തെന്ന് തിരിച്ചറിയാന്‍ കഴിയുന്ന വിധത്തിലേക്ക് വിദ്യാഭ്യാസത്തെ മാറ്റാന്‍ കഴിയണം.
ഞാന്‍ ബ്രിട്ടീഷുകാരെ വെറുക്കുന്നില്ല. ബ്രിട്ടീഷുകാരുടെ പ്രവര്‍ത്തനങ്ങളെയാണ് എതിര്‍ക്കുന്നത് എന്നാണ് ഗാന്ധിജി പറഞ്ഞത്. ഇതുപോലെ തെറ്റ് ചെയ്യുന്നവരോടല്ല തെറ്റിനോടായിരിക്കണം നമ്മുടെ എതിര്‍പ്പ്. മനുഷ്യന്റെ തലച്ചോര്‍ മൂന്ന് തട്ടായാണ് സൃഷ്ടിച്ചിരിക്കുന്നത്. ആദ്യത്തേത് കുരുങ്ങന്റെ മനസ്സും രണ്ടാമത്തേത് മുതലയുടേതുമാണ്. മൂന്നാമത്തേതാണ് മനുഷ്യന്റേത്. ഇതില്‍ മിക്കപ്പോഴും കുരങ്ങന്റെയും മുതലയുടെയും മനസ്സാണ് ജനങ്ങള്‍ പ്രകടിപ്പിക്കുന്നത്. സ്‌നേഹവും ദയയും കരുതലുമുള്ള മനുഷ്യന്റെ മനസ്സ് വളര്‍ത്താന്‍ നമുക്ക് സാധിക്കണം. വിദ്യാഭ്യാസരീതിയിലും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തനത്തിലുമെല്ലാം മുതലയെയും കുരങ്ങനെയുമാണ് വളര്‍ത്തുന്നത്. മനുഷ്യന്റെ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും ഈ ചരിത്ര നിമിഷത്തില്‍ കണ്ണൂരില്‍ നമുക്ക് ഇതിന് മുന്‍കൈയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.