Friday, September 21st, 2018

കയറ്റുമതിക്കുള്ള നല്ല ഉല്‍പന്നം സമാധാനമാണ്: ഡോ. പി വി രാജഗോപാല്‍

അഹിംസയെക്കുറിച്ചും സമാധാനത്തെക്കുറിച്ചുമുള്ള പഠനമൊന്നും ലോകത്ത് എവിടെയും നടക്കുന്നില്ല.

Published On:Jul 20, 2017 | 12:51 pm

കണ്ണൂര്‍: അക്രമങ്ങള്‍ ചെറിയ പ്രദേശത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും ലോകത്തിന് മുഴുവന്‍ ഭീഷണിയായി മാറിയിരിക്കുകയാണെന്നും അന്താരാഷ്ട്ര സമാധാന പ്രവര്‍ത്തകനും ഏകതാ പരിഷത്ത് ദേശീയ അധ്യക്ഷനും ഗാന്ധിയനുമായ ഡോ. പി വി രാജഗോപാല്‍ പറഞ്ഞു. പയ്യന്നൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് ഫോര്‍ പീസിന്റെ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ ഗാന്ധി മൈതാനിയില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമങ്ങള്‍ക്ക് ലോകത്ത് വലിയ മാര്‍ക്കറ്റാണുള്ളത്. ഒരുപാട് ആളുകള്‍ക്ക് ജോലിനല്‍കുന്ന ബിസിനസായി ഇത് മാറിക്കഴിഞ്ഞു. ലോകത്ത് ഇതിന് പിന്നില്‍ വലിയ ആയുധ ലോബിയും മറ്റ് സ്ഥലങ്ങളില്‍ ചില സംഘടനകളുമാണ്.
ഏറ്റവും കൃത്യതയുള്ളതും ആധുനികവും ചെറുതുമായ ആയുധങ്ങള്‍ എങ്ങനെ ഉണ്ടാക്കണമെന്നതിനെക്കുറിച്ച്് ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. എ്ന്നാല്‍ അഹിംസയെക്കുറിച്ചും സമാധാനത്തെക്കുറിച്ചുമുള്ള പഠനമൊന്നും ലോകത്ത് എവിടെയും നടക്കുന്നില്ല. യുവാക്കളെയും കുട്ടികളെയും അഹിംസയെക്കുറിച്ച് പഠിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇന്ന് ഇന്ത്യക്ക് വിദേശങ്ങളിലേക്ക് കയറ്റി അയക്കാന്‍ പറ്റുന്ന ഏറ്റവും നല്ല ഉല്‍പന്നം സമാധാനമാണ്. ആയുധശക്തിയില്‍ നിന്നും മാനസിക ശക്തിയിലേക്കുള്ള മാറ്റമാണ് ആദ്യം നമുക്ക് വേണ്ടത്. സമാധാനത്തെക്കുറിച്ചും അഹിംസയെക്കുറിച്ചും പഠിക്കാന്‍ വിദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ കണ്ണൂരിലേക്ക്് വരുന്നതിനുള്ള ഒരു കേന്ദ്രമുണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചമ്പല്‍ക്കാട് മാറിയതുപോലെ കണ്ണൂരും മാറണം. ഒരുകാലത്ത് ഭീതിയോടെയും ഞെട്ടലോടെയും കേട്ടിരുന്ന പേരാണ് ചമ്പല്‍ക്കാട്. എന്നാലിന്ന് ചമ്പലെന്ന പേര് സമാധാനത്തിന്റെ സന്ദേശമാണെന്നും അതുപോലെ കണ്ണൂരും സമാധാനത്തിന്റെ പ്രഭവകേന്ദ്രമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയും അഹിംസയുമൊക്കെ ഭീരുത്വമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നവര്‍ യുവതലമുറയെ വഴിതെറ്റിച്ച് നാട്ടില്‍ അശാന്തി പരത്തുകയാണ്. ഇതിനെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. സമാധാനം ആയുധമാക്കി ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് പൊരുതി സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജിയെ മാതൃകയാക്കി ആയുധത്തേക്കാള്‍ വലുത് സമാധാനമാണെന്ന് യുവതലമുറയെ ബോധ്യപ്പെടുത്തണം.
സമാധാനത്തിനായി ദക്ഷിണാഫ്രിക്കയെയും ഭൂട്ടാനെയും പോലെ ഒരു പീസ് മിനിസ്ട്രി ഇന്ത്യയിലും വേണം. മഹാവീരനിലൂടെയും ബുദ്ധനിലൂടെയും മഹാത്മാഗാന്ധിയിലൂടെയും നേടിയ സമാധാനമാവണം നാടിന്റെ സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി വി രാജഗോപാലിന്റെ നേതൃത്വത്തില്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രാര്‍ത്ഥനാ യോഗത്തിന് തുടക്കമായത്. പീപ്പിള്‍സ് മൂവ്‌മെന്റ് ഫോര്‍ പീസ് ചെയര്‍മാന്‍ ഫാ. സ്‌കറിയ കല്ലൂര്‍ അധ്യക്ഷതവഹിച്ചു. സ്വാമി പ്രേമാനന്ദ, അഡ്വ. പി വി മധുമേനോന്‍, കെ യു വിജയകുമാര്‍, ടി പി ആര്‍ നാഥ്, കെ കെ പ്രദീപ്, ഹരിദാസ് മംഗലശ്ശേരി, പവിത്രന്‍ തില്ലങ്കേരി, പവിത്രന്‍ കൊതേരി, എ ആര്‍ ചിന്‍മയി, കാരയില്‍ സുകുമാരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

 

LIVE NEWS - ONLINE

 • 1
  4 hours ago

  ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 2
  5 hours ago

  നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

 • 3
  7 hours ago

  ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

 • 4
  7 hours ago

  ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

 • 5
  10 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

 • 6
  11 hours ago

  കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

 • 7
  15 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 8
  15 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 9
  16 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി