Friday, April 26th, 2019

വിലക്കയറ്റത്തിലെ പുതുവഴികളും കേന്ദ്രസര്‍ക്കാരും

വിലക്കയറ്റം സൃഷ്ടിക്കുന്ന എതിര്‍പ്പ് കുറക്കാന്‍ ചില പുതുവഴികളുണ്ടെന്ന് കാണിച്ചു തരികയാണ് കേന്ദ്ര സര്‍ക്കാര്‍. പാചകവാതക വില വര്‍ധനവിന്റെ കാര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പുതുവഴികള്‍ തേടുന്നത്. ഇന്നത്തെ നിലയില്‍ എന്തായാലും പാചകവാതക വിലവര്‍ധിപ്പിക്കാതിരിക്കാന്‍ തരമില്ല. അത് രാജ്യത്ത് അതി തീവ്രമായ എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തുമെന്നും കേന്ദ്ര സര്‍ക്കാരിനറിയാം. ഒറ്റയടിക്ക് കുത്തനെ കൂട്ടുന്നതിന് പകരം മാസം തോറും പാചക വാതകത്തിന് മേല്‍ പത്ത് രൂപവര്‍ധിപ്പിക്കാനാണ് നീക്കം. പാചക വാതകത്തിന്റെ കാര്യത്തില്‍ ഇതാണ് നീക്കമെങ്കില്‍ ഡീസല്‍ വിലയുടെ കാര്യത്തില്‍ പ്രതിമാസം ഒരു രൂപയുടെ … Continue reading "വിലക്കയറ്റത്തിലെ പുതുവഴികളും കേന്ദ്രസര്‍ക്കാരും"

Published On:Nov 8, 2013 | 4:54 pm

വിലക്കയറ്റം സൃഷ്ടിക്കുന്ന എതിര്‍പ്പ് കുറക്കാന്‍ ചില പുതുവഴികളുണ്ടെന്ന് കാണിച്ചു തരികയാണ് കേന്ദ്ര സര്‍ക്കാര്‍. പാചകവാതക വില വര്‍ധനവിന്റെ കാര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പുതുവഴികള്‍ തേടുന്നത്. ഇന്നത്തെ നിലയില്‍ എന്തായാലും പാചകവാതക വിലവര്‍ധിപ്പിക്കാതിരിക്കാന്‍ തരമില്ല. അത് രാജ്യത്ത് അതി തീവ്രമായ എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തുമെന്നും കേന്ദ്ര സര്‍ക്കാരിനറിയാം. ഒറ്റയടിക്ക് കുത്തനെ കൂട്ടുന്നതിന് പകരം മാസം തോറും പാചക വാതകത്തിന് മേല്‍ പത്ത് രൂപവര്‍ധിപ്പിക്കാനാണ് നീക്കം. പാചക വാതകത്തിന്റെ കാര്യത്തില്‍ ഇതാണ് നീക്കമെങ്കില്‍ ഡീസല്‍ വിലയുടെ കാര്യത്തില്‍ പ്രതിമാസം ഒരു രൂപയുടെ വര്‍ധനവുണ്ടാകും. എങ്ങിനെയായാലും വിലവര്‍ധനവിന്റെ ആത്യന്തിക പ്രത്യാഘാതം അനുഭവിക്കേണ്ടത് സാധാരണക്കാര്‍ തന്നെ.
ഡീസല്‍ സബ്‌സിഡി സാവധാനം കുറച്ചുകൊണ്ടുവരണമെന്നാണ് നേരത്തെ പരീഖ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. എണ്ണകമ്പനികളുടെ നഷ്ടം നികത്താന്‍ ഇതാണ് മാര്‍ഗ്ഗമെന്ന കാര്യവും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് അതേപടി അംഗീകരിക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ല. എങ്കിലും ഇന്ധന സബ്‌സിഡി ഭാവിയില്‍ വന്‍ ബാധ്യതയാകുമെന്ന കാഴ്ചപ്പാടും കേന്ദ്രസര്‍ക്കാറിനുണ്ട്. ഇതിനെ മുറിച്ചുകടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് പടിപടിയായുള്ള വിലവര്‍ധനവ്. പാചക വാതകത്തിന് മേല്‍പത്ത് രൂപയുടെ വര്‍ധനവാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ കാര്യങ്ങള്‍ ഇതിലൊതുങ്ങണമെന്നില്ല. എണ്ണകമ്പനികളെ പിണക്കാന്‍ കഴിയാത്ത കാലത്തോളം വിലവര്‍ധനവ് അനുസ്യൂതപ്രവാഹമായി തന്നെ തുടരുകയും ചെയ്യും.
ഡീസലിന്റെയും പാചക വാതകത്തിന്റെയും വിലവര്‍ധനവിന്റെ കാര്യത്തില്‍ രണ്ടുതരം നിര്‍ദ്ദേശങ്ങളാണ് ധനമന്ത്രാലയത്തിന് മുന്നില്‍ പരിഗണനയിലുള്ളത്. വര്‍ധിച്ചുവരുന്ന ഡീസല്‍ സബ്‌സിഡി ബാധ്യത കുറക്കാന്‍ മാസത്തില്‍ രണ്ട് തവണ 50 പൈസാ വീതം വര്‍ധിപ്പിക്കുക, അല്ലെങ്കില്‍ ഒറ്റയടിക്ക് ഒരു രൂപയുടെ വര്‍ധനവ്. ഇവയാണ് നിര്‍ദ്ദേശങ്ങള്‍. ഇപ്പോള്‍ തന്നെ ഭീമമായ നഷ്ടം സഹിക്കുകയാണെന്ന എണ്ണകമ്പനികളുടെ മുറവിളിക്ക് പരിഹാരമെന്നോണമാണ് അവരെ സഹായിക്കാന്‍ പടി പടിയായി വിലവര്‍ധനവെന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചുവരുന്നത്.
എണ്ണകമ്പനികളെ വഴിവിട്ട് സഹായിക്കുകയാണെന്ന മുറവിളി രാജ്യത്താകമാനം അലയടിച്ച് തുടങ്ങിയിട്ട് കാലമേറെയായി. വില നിയന്ത്രണാധികാരം എണ്ണകമ്പനികള്‍ക്ക് എന്നു മുതല്‍ നല്‍കിയോ അന്നുമുതല്‍ തന്നെ ജനതയുടെ കഷ്ടകാലവും നടത്തിയിരുന്നു.ഒരു കുടുംബത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒന്‍പതാക്കി നിജപ്പെടുത്തുകയും എണ്ണവില ക്രമേണ വര്‍ധിപ്പിക്കുകയും ചെയ്തതിലൂടെ പ്രതിസന്ധി ഒരു പരിധിവരെ നിയന്ത്രണ വിധേയമായിരുന്നു. അതേ സ്ഥാനത്താണ് കൂടുതല്‍ എതിര്‍പ്പുകള്‍ ക്ഷണിച്ചു വരുത്തുംവിധമുള്ള തീരുമാനവുമായാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്. അന്താരാഷ്ട്രതലത്തില്‍ എണ്ണവില ഉയര്‍ന്നതും രൂപയുടെ ഇടിവുമാണ് ഇതിന് കാരണമെന്ന് പറയുന്നുണ്ടെങ്കിലും ഇതിനെ പിടിച്ചുകെട്ടാന്‍ വര്‍ഷമേറെ കഴിഞ്ഞിട്ടും ബന്ധപ്പെട്ട മന്ത്രാലയത്തിനോ ആത്യന്തികമായി കേന്ദ്രസര്‍ക്കാരിനോ സാധിച്ചിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയര്‍ന്നുകഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന നാനാതരം വിഷയങ്ങളില്‍ മുഖ്യസ്ഥാനത്ത് വരിക വിലക്കയറ്റം തന്നെ. പ്രത്യേകിച്ച് എണ്ണവിലവര്‍ധനവ്. ഭരണ-പ്രതിപക്ഷഭേദമന്യേ ഉയര്‍ന്നു വന്ന പ്രതിഷേധത്തെ അവഗണിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും പ്രത്യേകിച്ച് യു പി എ ക്കും കഴിയില്ല. വൈകിയവേളയിലാണെങ്കിലും വിലക്കയറ്റ ഗൗരവം കേന്ദ്രസര്‍ക്കാരിനുമുണ്ട്. എണ്ണകമ്പനികളെ പിണക്കാനും കഴിയില്ല. ഈയൊരു സ്ഥിതി വിശേഷത്തെ മുറിച്ചു കടക്കാനാണ് കേന്ദ്രസര്‍ക്കാര്‍ വില വര്‍ധനവ് ഒറ്റയടിക്ക് എന്നത് മാറ്റി മാസംതോറും എന്ന നിലസംജാതമാക്കാന്‍ തീരുമാനിച്ചത്. രണ്ടായാലും നഷ്ടം കേന്ദ്രഭരണ കക്ഷിക്കുതന്നെ.
രാജ്യത്ത് പാചകവാതക ഉപയോഗം അനിവാര്യഘടകമാണ്. ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഘടകമെന്നനിലയില്‍ ഇതിന്മേലുണ്ടാകുന്ന വര്‍ധനവ് ജനജീവിതം താളം തെറ്റിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഡീസലിന്റെയും പെട്രോളിന്റെയും കാര്യവും അതുതന്നെ. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങളെ ഗൗരവത്തോടെ വേണം സമീപിക്കാന്‍. അതിനുപകരം എണ്ണകമ്പനികളെ കയറൂരിവിടുകയാണ് ചെയ്തത്. അഞ്ച് വര്‍ഷമായിട്ടും കേന്ദ്രസര്‍ക്കാരിന് ഇതേക്കുറിച്ച് ഗൗരവം വന്നില്ലെന്നതിന്റെ തെളിവായി വേണം ഇപ്പോഴത്തെ നീക്കങ്ങളെ കരുതാന്‍.
ഒറ്റയടിക്കായാലും പടിപടിയായാലും എല്ലാം വില വര്‍ധനവ് തന്നെ. എതിര്‍പ്പിന് ഒറ്റയടിയെന്നോ മാസംതോറുമെന്നോ വ്യത്യാസമില്ല. ഇന്നത്തെ നിലയില്‍ ഏത് തരം വിലവര്‍ധനവായാലും അത് പ്രതിഷേധ സൂചകവുമാണ്. ഇത് തിരിച്ചറിയാന്‍ കരുത്തും പ്രാപ്തിയുമുള്ളവരാണ് ജനങ്ങള്‍. അതുകൊണ്ട് പാചകവാതകത്തിന് മേലും ഡീസലിന്റെ കാര്യത്തിലും മാസം തോറും വിലവര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങുന്നതാണ് ഇന്നത്തെ നിലയില്‍ അഭികാമ്യം.

LIVE NEWS - ONLINE

 • 1
  3 mins ago

  രാജസ്ഥാന് മിന്നും ജയം

 • 2
  16 mins ago

  ആലപ്പുഴയില്‍ വാഹനാപകടം; മൂന്നു കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു

 • 3
  11 hours ago

  കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 • 4
  13 hours ago

  നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

 • 5
  14 hours ago

  ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

 • 6
  17 hours ago

  ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

 • 7
  18 hours ago

  മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

 • 8
  21 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 9
  21 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍